കരാര്‍ രഹിത ബ്രെക്‌സിറ്റ് നടപ്പാക്കാന്‍ പാര്‍ലമെന്റ് അടച്ചിട്ടാല്‍ ബദല്‍ പാര്‍ലമെന്റ് രൂപീകരിക്കുമെന്ന് ബ്രിട്ടീഷ് എംപിമാര്‍

ലണ്ടണ്‍ : ബ്രെക്സിറ്റ് നടപ്പാക്കാന്‍ പാര്‍ലമെന്റ് അടച്ചുപൂട്ടാന്‍ പ്രധാനമന്ത്രി തീരുമാനിച്ചാല്‍ ബദല്‍ പാര്‍ലമെന്റ് രൂപീകരിക്കുമെന്ന് ബ്രിട്ടിഷ് എംപിമാര്‍. ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പാര്‍ലമെന്റ് അടച്ചിടാന്‍ നിയമോപദേശം തേടിയത് വിവാദമായതോടെ എം.പി മാര്‍ ഒത്തുചേര്‍ന്നാണ് ബദല്‍ പാര്‍ലമെന്റ് രൂപീകരിക്കാന്‍ തീരുമാനമെടുത്തത്.

വെസ്റ്റ്മിന്‍സ്റ്ററിലെ ചര്‍ച്ച് ഹൌസില്‍ നടന്ന ഒരു പ്രതീകാത്മക വിവിധകക്ഷി യോഗത്തില്‍ മുന്‍ കണ്‍സര്‍വേറ്റീവ് എംപി അന്ന സൂബ്രി, ലിബറല്‍ ഡെമോക്രാറ്റ് നേതാവ് ജോ സ്വിന്‍സണ്‍, ഗ്രീന്‍ പാര്‍ട്ടിയിലെ കരോലിന്‍ ലൂക്കാസ് എന്നിവരും ടോറി എംപി ജോണ്‍ മക്‌ഡൊണെല്‍ അടക്കമുള്ളവര്‍ പങ്കെടുത്തു. രണ്ടാം ലോകയുദ്ധ കാലത്ത് എംപിമാര്‍ ഒത്തുകൂടിയിരുന്ന സ്ഥലമാണ് ചര്‍ച്ച് ഹൌസ്.

രാജ്യം നിര്‍ണ്ണായകമായ ഒരു ഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ പാര്‍ലമെന്റ് അടച്ചുപൂട്ടുന്നത് ജനാധിപത്യവിരുദ്ധവും പ്രകോപനപരവും ചരിത്രപരമായ ഭരണഘടനാ പ്രതിസന്ധിയുമാണെന്ന്’ ഇവര്‍ ഒപ്പിട്ട ‘ചര്‍ച്ച് ഹൗസ് പ്രഖ്യാപനത്തില്‍’ പറയുന്നു. നോ ഡീല്‍ ബ്രക്‌സിറ്റിനായി പാര്‍ലമെന്റ് പ്രവര്‍ത്തിക്കുന്നത് തടയുന്നതടക്കമുള്ള ഏതൊരു ശ്രമവും ശക്തവും വ്യാപകവുമായ ജനാധിപത്യ പ്രതിരോധം നേരിടേണ്ടിവരും’ എന്നും പ്രഖ്യാപനത്തില്‍ പറയുന്നു. വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള 160 ല്‍ അധികം എംപിമാര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു

Share this news

Leave a Reply

%d bloggers like this: