ഭവനരഹിതരെ ഡബ്ലിനില്‍ നിന്നും പുറത്താക്കാന്‍ നീക്കം : പുതിയ നടപടിയ്‌ക്കെതിരെ പ്രതിഷേധവും ശക്തം

ഡബ്ലിന്‍: തലസ്ഥാനനഗരിയില്‍ ഭവനരഹിതരെ ഇവിടെ നിന്നും മാറ്റാന്‍ ഉന്നതതല ചര്‍ച്ചകള്‍ സജീവമാകുന്നു. ഹൗസിങ് മന്ത്രി യോഗാന്‍ മര്‍ഫിയാണ് ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഡബ്ലിനില്‍ വീടില്ലാത്തവരുടെ എണ്ണം വര്‍ധിച്ചതോടെയാണ് ഇത്തരമൊരു നടപടിയ്ക്ക് ഒരുങ്ങുന്നതെന്നു ഹൗസിങ് മന്ത്രി പറയുന്നു.

ഭവനമന്ത്രാലയത്തിന് നാണക്കേടായി രാജ്യത്തെ വീടില്ലാത്തവരുടെ എണ്ണം പതിനായിരത്തിന് മുകളിലേക്ക് കുതിച്ചിരുന്നു. യൂറോപ്പിലെ തന്നെ ഏറ്റവും നല്ല നഗരങ്ങളില്‍ ഒന്നായ ഡബ്ലിന്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളില്‍ ഒന്നാണ് ഭവന രഹിതരുടെ എണ്ണത്തിലുള്ള വര്‍ദ്ധനവ്.

അന്താരാഷ്ട്ര തലത്തില്‍ നടക്കുന്ന നഗരങ്ങളുടെ റാങ്കിങ് കണക്കാക്കുമ്പോള്‍ വീടില്ലാത്തവര്‍ കൂടുന്നത് ഡബ്ലിന്റെ സ്റ്റാന്‍ഡേര്‍ഡ് കുറയ്ക്കുന്നുണ്ട്. ഇത്തരം റാങ്കിങ്ങിലെ പ്രധാനപ്പെട്ട മാനദണ്ഡങ്ങളില്‍ ഒന്നാണ് പാര്‍പ്പിട സൗകര്യം. അതുമാത്രമല്ല മറ്റു യൂണിയന്‍ രാജ്യങ്ങളില്‍ വെച്ച് തലസ്ഥാനനഗരത്തില്‍ ഏറ്റവും കൂടുതല്‍ ഭാവനരഹിതര്‍ ഉള്ളതും ഡബ്ലിന്‍ ആണ്.

എന്നാല്‍ വീടില്ലാത്തവരെ ഡബ്ലിന് പുറത്തേയ്ക്കു പുനരധിവസിപ്പിക്കാനുള്ള നടപടികളാണ് ഭവന മന്ത്രാലയം കൈക്കൊള്ളുന്നത്. ഡബ്ലിനില്‍ നിന്നും പുറത്തേക്ക് പോകുന്നവര്‍ക്ക് പ്രത്യേക അലവന്‍സുകളും നല്‍കുമെന്നും ഭവന മന്ത്രി പറയുകയുണ്ടായി.

ഡബ്ലിനിലെ എമെര്‍ജന്‍സി അക്കൊമൊഡേഷനില്‍ നിന്നും ആളുകള്‍ തെരുവുകളിലേക്ക് താമസം മാറുകയാണ്. ഇവിടെ തിങ്ങിപാര്‍ത്തു ജീവിക്കാന്‍ കഴിയുന്നില്ലെന്നാണ് പലരുടെയും അനുഭവം. രാജ്യത്തു ഭവന പ്രതിസന്ധി കുറച്ചുകൊണ്ടുവരാന്‍ ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങള്‍ ഉപയോഗപ്പെടുത്തുമെന്നു പറഞ്ഞെങ്കിലും ഈ പ്രഖ്യാപനം എങ്ങുമെത്തിയിരുന്നില്ല. ഡബ്ലിനില്‍ ഇത്തരത്തില്‍ പതിനായിരകണക്കിന് കെട്ടിടങ്ങളാണ് ഒഴിഞ്ഞു കിടക്കുന്നത്.

ഇതെല്ലാം ഉപയോഗപ്പെടുത്തിയാല്‍ മാത്രം തലസ്ഥാനനഗരിയില്‍ ഭവനരഹിതര്‍ ഉണ്ടാവില്ലെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ പറയുന്നത്. എന്നാല്‍ ഡബ്ലിനില്‍ ഉള്ള വീടില്ലാത്തവരെ മറ്റു ഭാഗങ്ങളിലേക്ക് മാറ്റിയാല്‍ മാത്രം അയര്‍ലണ്ടില്‍ ഭവന രഹിതര്‍ ഇല്ലാതാവില്ല; ഡബ്ലിനില്‍ നിന്നും ഉള്ള പ്രശ്‌നം ഇല്ലാതാക്കുക എന്ന ആശയമാണ് തിടുക്കപ്പെട്ടുള്ള ഈ പ്രഖ്യാപനത്തിന് പുറകിലുള്ളത് എന്നാണ് വിമര്‍ശകരുടെ പക്ഷം. ഡബ്ലിന്‍ വീടില്ലാത്തവര്‍ക്ക് ഇവിടെ തന്നെ സൗകര്യവും ഒരുക്കുകയാണ് സര്‍ക്കാര്‍ ചെയ്യെണ്ടതെന്നും ഇവര്‍ പറയുന്നു.

Share this news

Leave a Reply

%d bloggers like this: