ഹോങ്കോങ്ങിലെ ജനകീയ പ്രക്ഷോപം വീണ്ടും സംഘര്‍ഷത്തിലേക്ക്

ഹോങ്കോങ് : ഹോങ്കോങ്ങിലെ ജനകീയ പ്രക്ഷോപത്തില്‍ സമരക്കാരും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലില്‍ നിരവധി ആളുകള്‍ക്ക് പരിക്കേറ്റു. സമരം ജനാതിപത്യ സംരക്ഷണം എന്ന തലത്തിലേക്ക് മാറിയതോടെ ചൈന ഇതിനെ പ്രതിരോധിക്കാന്‍ സേനയെ വിന്യസിച്ചിരുന്നു. സമരത്തിലെ പ്രധാനികളായ നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ക്വൂലൂണിലെ പ്രിന്‍സ് എഡ്വേര്‍ഡ് മാസ് ട്രാന്‍സിറ്റ് മെട്രോ സ്റ്റേഷനില്‍ നടന്ന പ്രതിഷേധം അക്രമാസക്തമായതോടെ പോലീസും പ്രക്ഷോഭകരും തമ്മില്‍ ഏറ്റുമുട്ടി. ബാറ്റണ്‍ ഉപയോഗിച്ച് പോലീസ് യാത്രക്കാരെ പോലും തല്ലിച്ചതയ്ക്കുകയാണെന്ന് അന്തരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ട്രെയിനില്‍ കയറി രക്ഷപെടാന്‍ ശ്രമിച്ചവരെ പോലീസ് ട്രെയിനില്‍ നിന്ന് പുറത്തേയ്ക്ക് വലിച്ചിഴച്ച് തല്ലിച്ചതയ്ക്കുന്ന ദൃശങ്ങള്‍ ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. ട്രെയിനിനുള്ളില്‍ കയറിയ പോലീസ് കുരുമുളക് സ്‌പ്രേ പ്രയോഗിക്കുന്നതിന്റെയും, പ്ലാറ്റ്‌ഫോമില്‍ ഉണ്ടായിരുന്നവരെ ഓടിച്ചിട്ടു പിടിക്കുന്നതിന്റെയും, പലരേയും കീഴ്പെടുത്തി അറസ്റ്റ് ചെയ്യുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഒരു ഉപഭോക്തൃ സേവന കേന്ദ്രവും ടിക്കറ്റ് മെഷീനുകളും പ്രതിഷേധക്കാര്‍ തകര്‍ത്തുവെന്ന സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് സ്റ്റേഷനില്‍ പ്രവേശിച്ചതെന്ന് പോലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പ്രതിഷേധക്കാര്‍ പൊതുജനങ്ങളെ ആക്രമിച്ചതായും പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് സമരക്കാര്‍ക്കെതിരെ കൈയേറ്റം നടത്തിയതെന്നാണ് പോലീസ് ഭാക്ഷ്യം.

പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായി രാജ്യത്താകമാനം കൂറ്റാന്‍ റാലികള്‍ നാളെ സംഘടിപ്പിക്കാന്‍ സമരക്കാര്‍ അനുമതി തേടിയിരുന്നു. ചൈനയ്ക്ക് കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാര്‍ ഉണ്ടാക്കാനുള്ള നീക്കത്തിനെതിരേ ഹോങ്കോംഗ് ജനത ആരംഭിച്ച സമരമാണ് സംഘര്‍ഷഭരിതമായി തുടരുന്നത്. നിയമം പിന്‍വലിച്ചെങ്കിലും ചീഫ് എക്‌സിക്യുട്ടീവ് കാരി ലാം രാജിവെയ്ക്കണമെന്നും പൊലീസ് ക്രൂരതയെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധം തുടരുകയായിരുന്നു. ഇപ്പോഴത് ചൈനയില്‍ നിന്നും കൂടുതല്‍ സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന തരത്തിലുള്ള പ്രസ്ഥാനമായി പരിണമിച്ചിരിക്കുകയാണ്. ചൈനയുടെ പിന്‍ബലത്തോടെയാണ് കാരി ലാം ഇപ്പോള്‍ ഭരണം നിലനിര്‍ത്തുന്നത്.

Share this news

Leave a Reply

%d bloggers like this: