‘ജപ്പാനും, ജര്‍മ്മനിയും’ അയല്‍ക്കാരായിരുന്നിട്ടും യുദ്ധം ചെയ്തു; ഇമ്രാന്‍ഖാനെ ട്രോളി സോഷ്യല്‍ മീഡിയ

ഇസ്ലാമബാദ് : വസ്തുതകള്‍ക്ക് നിരക്കാത്ത കാര്യങ്ങള്‍ പറഞ്ഞതിന് പ്രധാനമത്രി ഇമ്രാന്‍ ഖാന് പകിസ്താനില്‍ നിന്നും തന്നെ പരിഹാസം. പ്രധാനമന്ത്രിയ്ക്ക് ചരിത്രവും ഭൂമിശാസ്ത്രവും ഒട്ടും അറിയില്ലെന്ന് പറഞ്ഞു കളിയാക്കി സോഷ്യല്‍ മീഡിയ. ഇന്ത്യയുമായുള്ള സംഘര്‍ഷാവസ്ഥയെ കുറിച്ച് വിശദീകരിക്കുന്നതിനിടയില്‍ ആണ് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ തെറ്റായ പരാമര്‍ശം നടത്തിയത്. ജര്‍മ്മനിയും ജപ്പാനും രണ്ടാം ലോകയുദ്ധ കാലത്ത് പരസ്പരം യുദ്ധം ചെയ്തിരുന്നുവെന്നും അവര്‍ അയല്‍ക്കാരായിരുന്നുവെന്നുമായിരുന്നു ഇമ്രാന്റെ പരാമര്‍ശം.

അയല്‍ക്കാരായാലും യുദ്ധം ഉണ്ടായ സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് സൂചിപ്പിക്കാനാണ് ഇമ്രാന്‍ഖാന്‍ ജര്‍മ്മനിയേയും, ജപ്പാനെയും കുറിച്ച് പറഞ്ഞത്. രണ്ട് കാര്യങ്ങളാണ് ഈ രാജ്യങ്ങളെക്കുറിച്ച് ഇമ്രാന്‍ പറഞ്ഞത്. രണ്ടും യഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കാത്തതായിരുന്നു. ജര്‍മ്മനിയും, ജപ്പാനും അയല്‍രാജ്യങ്ങളെന്നായിരുന്നു ഒരു പരാമര്‍ശം. ജപ്പാന്‍ ഏഷ്യയിലാണ്. ജര്‍മ്മനി അകലെ യൂറോപ്പിലും.

രണ്ടാമത്തെ കാര്യം ഇമ്രാന്‍ഖാന്‍ പറഞ്ഞത് രണ്ടാം ലോകയുദ്ധത്തെ കുറിച്ചായിരുന്നു. ജപ്പാനും ജര്‍മ്മനിയും പരസ്പരം യുദ്ധം ചെയ്തുവെന്നായിരുന്നു ഇമ്രാന്റെ വാദം. എന്നാല്‍ രണ്ടാം ലോകയുദ്ധത്തില്‍ അച്ചുതണ്ട് ശക്തികളെന്ന വിളിക്കുന്ന ആക്സിസ് പവറിന്റെ ഭാഗമായിരുന്നു ജര്‍മ്മനിയും ജപ്പാനും. അവര്‍ ഒന്നിച്ചാണ് സഖ്യകക്ഷികള്‍ക്കെതിരെ പോരടിച്ചത്. എന്നാല്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇതിനെ ശത്രുരാജ്യങ്ങളാക്കി. അവര്‍ പരസ്പരം പോരടിച്ചുവെന്നാക്കി മാറ്റി ഇമ്രാന്‍ ഖാന്‍.

ചരിത്രവും ഭൂമിശാസ്ത്രവും തെറ്റിക്കുകയാണ് പ്രധാനമന്ത്രി ചെയ്തതെന്ന് പാക്സിതാന്‍ പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ മുന്‍ വിദേശകാര്യ മന്ത്രി ഹിനാ റബ്ബാനി പറഞ്ഞു. പാകിസ്താനെ മൊത്തതില്‍ പരിഹാസ്യമാക്കിയിരിക്കയാണ് ഇമ്രാന്‍ ഖാന്‍ എന്നും അവര്‍ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: