അയര്‍ലണ്ടില്‍ സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കാന്‍ സ്വതന്ത്ര ഓണ്‍ലൈന്‍ സുരക്ഷാ കമ്മീഷന്‍ വരുന്നു

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ ഒരു സ്വതന്ത്ര ഓണ്‍ലൈന്‍ സുരക്ഷാ കമ്മീഷനെ നിയമിക്കുമെന്ന് മന്ത്രി റിച്ചാര്‍ഡ് ബ്രെട്ടന്‍. ഇതിലൂടെ സാമൂഹ്യമാധ്യമങ്ങളെ നിയന്ത്രിക്കുകയാണ് ലക്ഷ്യം. കുട്ടികള്‍ക്ക് ഇന്റര്‍നെറ്റ് സുരക്ഷയും ഇതിലൂടെ ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. സമൂഹ മാധ്യമ കമ്പനികള്‍ ഉപഭോക്താക്കളുടെ സംരക്ഷണം ഉറപ്പ് വരുത്തുന്നതില്‍ ശ്രദ്ധ വെയ്ക്കണമെന്നും മന്ത്രി റിച്ചാര്‍ഡ് ബ്രെട്ടന്‍ അറിയിച്ചു. നിലവില്‍ ഡേറ്റ പ്രൊട്ടക്ഷന്‍ കമ്മിഷന്‍ ആണ് ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ട സുരക്ഷാ ചുമതല നിര്‍വഹിക്കുന്നത്.

മുന്‍ വര്‍ഷങ്ങളില്‍ അയര്‍ലന്‍ഡ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഫേസ്ബുക് ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്ന സംഭവം പുറത്തായതോടെ സമൂഹ മാധ്യമ ഇടപാടുകളെ നിയന്ത്രിക്കാന്‍ ചില നടപടികള്‍ വേണമെന്ന ആവശ്യവും ശക്തമായിരുന്നു. ഓണ്‍ലൈനില്‍ കുട്ടികള്‍ നേരിടുന്ന ചൂഷണങ്ങള്‍ തടയാനും സര്‍ക്കാര്‍ സംവിധാങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് കുട്ടികളുടെ നേരെയുള്ള ചൂഷണങ്ങള്‍ തടയുന്ന ചില സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. അയര്‍ലണ്ടില്‍ പ്രായത്തെ അടിസ്ഥാനമാക്കി പോണ്‍ സൈറ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്ന നിയമം കൊണ്ടുവരുമെന്ന് കഴിഞ്ഞ മാസം മന്ത്രി ലിയോ വരേദ്കര്‍ പ്രഖ്യാപിച്ചിരുന്നു.

ഇക്കാര്യത്തില്‍ യു കെ സ്വീകരിച്ച മാതൃക പിന്തുടരുമെന്നും അറിയിച്ചിരുന്നു. അയര്‍ലണ്ടില്‍ കുട്ടികള്‍ ലൈംഗിക കുറ്റവാളികളായി മാറുന്നതിന് പോണ്‍ സൈറ്റുകള്‍ പ്രധാന കാരണമാകുന്നതായ് ഇത്തരം കുറ്റാന്വേഷണ ഉദ്യോഗസ്ഥരായും സാക്ഷ്യപെടുത്തിയിരുന്നു. രാജ്യത്ത് ഡേറ്റ സംരക്ഷണം മാത്രമല്ല; ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാനും, നിരീക്ഷിക്കാനും വ്യക്തമായ സംവിധാനം വേണമെന്ന് ഭരണ -പ്രതിപക്ഷ കക്ഷികളും നിരന്തരമായി ആവശ്യം ഉന്നയിക്കുകയായിരുന്നു.

Share this news

Leave a Reply

%d bloggers like this: