അമേരിക്കന്‍ പ്രസിഡന്റിന് ക്രിമിനല്‍ അന്വേഷണങ്ങളില്‍ നിന്നും പരിരക്ഷയുണ്ട് എന്ന ട്രംപിന്റെ വാദം കോടതി തള്ളി….

പദവിയിലിരിക്കുന്ന പ്രസിഡന്റുമാര്‍ക്ക് ക്രിമിനല്‍ അന്വേഷണങ്ങളില്‍ നിന്നും പരിരക്ഷയുണ്ട് എന്ന ഡൊണാള്‍ഡ് ട്രംപിന്റെ വാദത്തെ തള്ളി ഫെഡറല്‍ കോടതി. ട്രംപിന്റെ 8 വര്‍ഷത്തെ വ്യക്തിഗത, കോര്‍പ്പറേറ്റ് നികുതി റിട്ടേണ്‍സ് വിളിച്ചുവരുത്താന്‍ മാന്‍ഹട്ടന്‍ ജില്ലാ അറ്റോര്‍ണിയുടെ ഓഫീസിന് അധികാരം നല്‍കിക്കൊണ്ട് വിധി പുറപ്പെടുവിച്ചാണ് ട്രംപിന്റെ അവകാശവാദത്തെ ഫെഡറല്‍ ജഡ്ജ് വിക്ടര്‍ മാരെറോ തള്ളിക്കളഞ്ഞത്.

മാന്‍ഹട്ടന്‍ ഫെഡറല്‍ കോടതി ജഡ്ജ് വിക്ടര്‍ മാരെറോയുടെവിധിക്കെതിരെ അപ്പീല്‍ നല്കുമെന്ന് ട്രംപിന്റെ അഭിഭാഷകര്‍ അറിയിച്ചു. ട്രംപിന്റെ വാദം രാജ്യത്തെ സര്‍ക്കാരിന്റെ ഘടനയെ വെല്ലുവിളിക്കുന്നതും ഭരണഘടനാ മൂല്യങ്ങള്‍ക്ക് വിരുദ്ധവുമാണ് എന്നും 75 പേജ് വരുന്ന വിധി ന്യായത്തില്‍ ജഡ്ജ് വ്യക്തമാക്കി. പ്രസിഡന്റോ, കുടുംബാംഗങ്ങളോ ബിസിനസോ രാജ്യത്തെ നിയമത്തിന്നു മുകളില്‍ അല്ലെന്നും ജഡ്ജ് പ്രസ്താവിച്ചു.

2011 വരെയുള്ള നികുതി റിറ്റേണ്‍സ് സംബന്ധിച്ച രേഖകള്‍ വിളിച്ചുവരുത്താന്‍ മാന്‍ഹട്ടന്‍ ജില്ല അറ്റോര്‍ണി ട്രംപിന്റെ അക്കൌണ്ടിംഗ് കമ്പനിയായ മസാര്‍സ് യു എസ് എയ്ക്ക് നിര്‍ദേശം നല്‍കി ഒരു മാസം കഴിയുമ്പോഴാണ് ഫെഡറല്‍ കോടതിയുടെ ഉത്തരവ് വരുന്നത് എന്നത് ശ്രദ്ധേയമാണ്. ഫെഡറല്‍ കോടതിയുടെ വിധി അമേരിക്കയില്‍ വലിയ നിയമ സംവാദത്തിന് തന്നെ തുടക്കം കുറിക്കുമെന്നാണ് നിയമ രാഷ്ട്രീയ വൃത്തങ്ങള്‍ കരുതുന്നത്. ട്രംപിന്റെ അപേക്ഷയെ ജസ്റ്റീസ് ഡിപ്പാര്‍ട്ട്‌മെന്റ് പിന്തുണച്ചത് ഭരണഘടന സംബന്ധിച്ച പുതിയ ചോദ്യങ്ങള്‍ ഉയര്‍ത്തുമെന്നും കരുതപ്പെടുന്നു.

ട്രംപുമായി ബന്ധമുണ്ട് എന്നു അവകാശപ്പെട്ട് രംഗത്തുവന്ന പോണ്‍ നടി സ്റ്റോമി ഡാനിയലിന് ട്രംപിന്റെ മുന്‍ അഭിഭാഷകന്‍ മൈക്കല്‍ ഡി കോഹന്‍ പണം നല്‍കിയതുമായി ബന്ധപ്പെട്ട കേസാണ് പുതിയ വിധിയിലേക്ക് നയിച്ചിരിക്കുന്നത്. കോഹന് ഈ പണം തിരിച്ചു നല്കിയതില്‍ ട്രംപിന്റെ കമ്പനി ഏതെങ്കിലും ന്യൂയോര്‍ക്ക് സംസ്ഥാന നിയമങ്ങള്‍ ലംഘിച്ചിട്ടുണ്ടോ എന്നാണ് മാന്‍ഹട്ടന്‍ ജില്ല അറ്റോര്‍ണി സൈറസ് ആര്‍ വാന്‍സ് ജൂനിയര്‍ അന്വേഷിക്കുന്നത്. 2016ലെ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് പ്രചാരണ കാലത്താണ് കോഹന്‍ സ്റ്റോമി ഡാനിയലിന് പണം നല്കിയത്. അതേസമയം സ്റ്റോമി ഡാനിയലുമായി എന്തെങ്കിലും ബന്ധം ഉള്ള കാര്യം ട്രംപ് നിഷേധിച്ചിരുന്നു.

വൈറ്റ് ഹൌസ് വിടുന്നതുവരെ പദവിയില്‍ ഇരിക്കുന്ന പ്രസിഡന്റുമാര്‍ക്ക് എല്ലാ ക്രിമിനല്‍ അന്വേഷങ്ങളില്‍ നിന്നും പരിരക്ഷയുണ്ട് എന്നാണ് ട്രംപിന്റെ അഭിഭാഷകര്‍ വാദിച്ചത്. തങ്ങളുടെ വാദങ്ങള്‍ കോടതി പരിശോധിച്ചില്ലെന്ന് അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. നികുതി റിട്ടേണ്‍സ് സമര്‍പ്പിക്കുന്നത് ട്രംപിന് അപരിഹാര്യമായ ദോഷം ഉണ്ടാക്കുമെന്നും അഭിഭാഷകര്‍ പറഞ്ഞു.

അതേസമയം മാന്‍ഹട്ടന്‍ അറ്റോര്‍ണിയുടെ ഓഫീസ് ട്രംപിന്റെ അപ്പീല്‍ തള്ളിക്കളയാന്‍ ഫെഡറല്‍ കോടതിയോട് ആവശ്യപ്പെടുകയുണ്ടായി. പ്രസിഡണ്ട് ബില്‍ ക്ലിന്റന്‍ നിയമിച്ച ജഡ്ജിയാണ് ട്രംപിനെതിരായ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. മാന്‍ഹട്ടന്‍ അറ്റോര്‍ണി വാന്‍സ് ഡെമോക്രാറ്റ് ആണ് എന്നും നടപടികള്‍ രാഷ്ട്രീയ പ്രേരിതമാണ് എന്നും ട്രംപിന്റെ അഭിഭാഷകര്‍ ആരോപിച്ചു.

Share this news

Leave a Reply

%d bloggers like this: