കൂടത്തായി കൊലപാതകം; തഹസീല്‍ദാര്‍ ജയശ്രീയുടെയും, റെഞ്ചിയുടെയും മക്കളെ കൊല്ലാന്‍ ജോളി ശ്രമിച്ചിരുന്നുവെന്ന് പോലീസ്…

കോഴിക്കോട് കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി രണ്ട് പെണ്‍കുട്ടികളെ കൂടി കൊല്ലാന്‍ ശ്രമിച്ചിരുന്നുവെന്ന് എസ്.പി കെ.ജി സൈമണ്‍. ജോളിയ്ക്ക് വ്യാജ ഒസ്യത്ത് തയ്യാറാക്കാന്‍ സഹായം നല്‍കിയ തഹസീല്‍ദാര്‍ ജയശ്രീയുടെ മകളെയും ആദ്യ ഭര്‍ത്താവ് റോയ് തോമസിന്റെ സഹോദരി റെഞ്ചിയുടെ മകളെയും കൊല്ലാന്‍ ശ്രമിച്ചിരുവെന്നാണ് പോലീസ് വെളിപ്പെടുത്തുന്നത്. ഒന്നരവയസുള്ളപ്പോഴാണ് ജയശ്രീയുടെ മകളെ കൊല്ലാന്‍ ജോളി ശ്രമം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. പല സാമ്പത്തിക ഇടപാടിലും ജോളിയുമായി ജയശ്രീക്ക് അടുത്തബന്ധമുണ്ടായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ജയശ്രീയെ പോലീസ് ഇന്ന് ചോദ്യം ചെയ്തിരുന്നു.

അതേസമയം ജയശ്രീക്ക് വേണ്ടിയായിരുന്നു ജോളി സയനൈഡ് ആവശ്യപ്പെട്ടതെന്ന് പിടിയിലായ ജ്വല്ലറി ജീവനക്കാരന്‍ മാത്യു പോലീസിനോട് പറഞ്ഞിരുന്നു. മാത്യു നല്‍കിയ മൊഴിയില്‍ പറയുന്നത്, ‘ഒരുതവണ മാത്രമാണ് ജോളി സയനൈഡ് വാങ്ങിയതെന്നും വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവമായതിനാല്‍ എത്ര അളവിലാണ് അത് കൊടുത്തതെന്ന് ഓര്‍മ്മയില്ല. ജയശ്രീയുടെ വീട്ടിലെ പട്ടിയെ കൊല്ലാനാണ് സയനൈഡ് എന്നായിരുന്നു ജോളി തന്നോട് പറഞ്ഞത്. ജയശ്രീയും സയനൈഡ് വാങ്ങിത്തരണമെന്ന് ആവശ്യപ്പെട്ടിരുന്നു. സ്വര്‍ണപ്പണിക്കാരനായ പ്രജുകുമാറിന്റെ അടുത്ത് നിന്നാണ് ജോളിക്ക് സയനൈഡ് വാങ്ങി നല്‍കിയത്. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയിയുടെ മരണത്തിന് മുമ്പ് തന്നെയാണ് സയനൈഡ് നല്‍കിയത്.’ എന്നാണ്.

കൂടുതല്‍ ആളുകളെ വകവരുത്താന്‍ ജോളി തീരുമാനിച്ചിരുന്നുവെന്നും ഇതിന് സഹായം നല്‍കിയത് റോയിയുടെ അടുത്ത ചില ബന്ധുക്കളാണെന്നും കൊലപാതകങ്ങളെ കുറിച്ച് രണ്ട് ബന്ധുക്കള്‍ക്ക് അറിയാമായിരുന്നുവെന്നും പോലീസ് വൃത്തങ്ങള്‍ പറയുന്നുണ്ട്. റിമാന്‍ഡിലുള്ള ജോളിയെ കസ്റ്റഡിയില്‍ ലഭിക്കുന്നതിന് നാളെ അപേക്ഷ നല്‍കും. ജോളി ജയിലിനുള്ളില്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിയില്‍ പരിശോധനയ്ക്ക് എത്തിച്ചിരുന്നു. സൈക്കോളജിസ്റ്റിനെ കണ്ട ശേഷം ജോളിയെ തിരികെ ജയിലില്‍ എത്തിച്ചു.

അതേസമയം ഷാജുവിന്റെയും സിലിയുടെയും മകള്‍ ആല്‍ഫൈനെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ അത്യാസന്ന നിലയിലായിരുന്നെന്ന് അന്ന് പരിശോധിച്ച ഡോക്ടര്‍ ഒ യു അഗസ്റ്റിന്‍ വെളിപ്പെടുത്തി. ഭക്ഷണം കൊടുക്കുമ്പോള്‍ കുട്ടി വളരെ അവശയായെന്നും ഫിറ്റ്‌സ് പോലെയുണ്ടായെന്നുമാണ് മാതാപിതാക്കള്‍ തന്നോട് പറഞ്ഞത്. കുട്ടിയെ പരിശോധിച്ച സമയത്ത് ശ്വാസം മുട്ടലൊന്നും കാണിച്ചിരുന്നില്ല പക്ഷേ അബോധാവസ്ഥയിലായിരുന്നു. കുട്ടിയുടെ അവസ്ഥ വളരെ മോശമായതിനെ തുടര്‍ന്ന് കൂടുതല്‍ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റാന്‍ പറഞ്ഞു.

വെന്റിലേറ്ററിലൂടെ ജീവന്‍ നിലനിര്‍ത്തി കാരണമെന്തെന്ന് അന്വേഷിച്ച് ചികിത്സിച്ചാല്‍ ശരിയാകുമെന്ന പ്രതീക്ഷയിലാണ് കുട്ടിയെ മറ്റൊരു ആശുപത്രിയിലേക്ക് അയ്ക്കാന്‍ നിര്‍ദേശിച്ചതെന്നും ഡോക്ടര്‍ പറയുന്നു. കോടഞ്ചേരിയിലെ ഡോക്ടറായ ഒ യു അഗസ്റ്റിന് ഈ കുടുംബവുമായി വളരെ കാലത്തെ അടുപ്പമുണ്ട്. ആല്‍ഫൈന മരിക്കുന്നതിന് മൂന്നാല് മാസങ്ങള്‍ക്ക് മുമ്പ് മൂത്രത്തില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്ന് തന്റെയടുത്ത് ചികിത്സ തേടിയിരുന്നതായും ഡോക്ടര്‍ വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: