റോഡുകള്‍ നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് മേയര്‍ക്ക് കടുത്ത ശിക്ഷ നല്‍കി നാട്ടുകാര്‍; മേയറെ ട്രക്കില്‍ കെട്ടിയിട്ട് റോഡിലൂടെ വലിച്ചിഴച്ചു…

മെക്സിക്കോയിലെ ഒരു ഗ്രാമത്തില്‍ റോഡുകള്‍ നന്നാക്കാത്ത മേയര്‍ക്ക് കടുത്ത ശിക്ഷ നല്‍കി നാട്ടുകാര്‍. മേയറുടെ ഓഫീസില്‍ കയറി അദ്ദേഹത്തെ വലിച്ചിഴച്ച ജനങ്ങള്‍ ഒരു പിക് അപ്പ് ട്രക്കില്‍ കെട്ടിയിട്ട് റോഡിലൂടെ വലിച്ചിഴയ്ക്കുകയായിരുന്നു. മെക്സിക്കോയിലെ ചിയപാസ് സംസ്ഥാനത്തെ ലാസ് മാര്‍ഗരിറ്റാസിലുള്ള സാന്റ റിത്ത തെരുവിലാണ് സംഭവം. പോലീസ് ഇടപെട്ടാണ് ജോര്‍ജെ എസ്‌കാന്‍ഡോണ്‍ ഹെര്‍ണാണ്ടസ് എന്ന മേയറെ ഒടുവില്‍ മോചിപ്പിച്ചത്. റോഡുകള്‍ നന്നാക്കാമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാത്തതിന് ഇത് രണ്ടാം തവണയാണ് മേയര്‍ക്ക് നേരെ നാട്ടുകാരുടെ ആക്രമണമുണ്ടാകുന്നത്. മേയര്‍ക്ക് ഗുരുതരമായ പരിക്കുകളൊന്നുമില്ലെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

മെക്സിക്കോയില്‍ തങ്ങളുടെ വരുതിയില്‍ നില്‍ക്കാത്ത മേയര്‍മാര്‍ക്കും പ്രാദേശിക രാഷ്ട്രീയക്കാര്‍ക്കും നേരെ മയക്കുമരുന്ന് മാഫിയയുടെ ആക്രമണം പതിവാണെങ്കിലും തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ ആക്രമിക്കപ്പെടുന്നത് അപൂര്‍വമാണ്. തട്ടിക്കൊണ്ട് പോകലിനും വധശ്രമത്തിനും കേസ് കൊടുക്കുമെന്ന് മേയര്‍ അറിയിച്ചു. മേയറുടെ ഓഫീസിന് പുറത്തുള്ളവര്‍ എടുത്ത വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

ബലംപ്രയോഗിച്ച് മേയറെ പിടിച്ചുകൊണ്ട് പോകുന്ന ആള്‍ക്കുട്ടം അദ്ദേഹത്തെ വാഹനത്തിന്റെ പിന്‍ഭാഗത്ത് കെട്ടിയിടുന്നത് വീഡിയോയില്‍ കാണാം. പിന്നീട് മറ്റൊരു സിസിടിവി ക്യാമറയില്‍ നിന്നും ലഭിച്ച വീഡിയോയിലാണ് ഇദ്ദേഹത്തെ വലിച്ചിഴയ്ക്കുന്നത് കാണാനാകുന്നത്. മുന്‍സിപ്പല്‍ പോലീസ് ഓഫീസര്‍മാര്‍ വാഹനം തടഞ്ഞ് മേയറെ രക്ഷിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. പോലീസുമായുള്ള സംഘര്‍ഷത്തില്‍ ചില ആളുകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഏതാനും മാസം മുമ്പ് മേയറുടെ ഓഫീസിലേക്ക് ചിലര്‍ അതിക്രമിച്ച് കയറിയെങ്കിലും അദ്ദേഹത്തെ കണ്ടെത്താനായിരുന്നില്ല. തെരഞ്ഞെടുപ്പ് സമയത്ത് എതിര്‍ സ്ഥാനാര്‍ത്ഥിയുടെ അനുയായികളുമായി ഏറ്റുമുട്ടിയതിന് എസ്‌കാന്‍ഡോന്‍ അറസ്റ്റിലായിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: