ജോണ്‍സന്റെ ബ്രെക്‌സിറ്റ് കരാര്‍ യൂണിയന്‍ അംഗീകരിച്ചു; ഒക്ടോബര്‍ 31ന് തന്ന ബ്രെക്‌സിറ്റ് നടപ്പാകും…

ലണ്ടണ്‍ : ബ്രിട്ടന്റെ നിലവിലെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അവതരിപ്പിച്ച പുതിയ ബ്രെക്സിറ്റ് കരാര്‍ അടിസ്ഥാനപരമായി പഴയ ബ്രെക്സിറ്റ് കരാര്‍ തന്നെയാണ്. അയര്‍ലണ്ടിനേയും വടക്കന്‍ അയര്‍ലണ്ടിനേയും കുറിച്ചുള്ള പ്രോട്ടോക്കോള്‍ വ്യക്തമാക്കുന്ന പുതിയൊരു അദ്ധ്യായം കൂട്ടിച്ചേര്‍ത്തെന്നുമാത്രം. യുകെ – യൂറോപ്യന്‍ പാര്‍ലമെന്റുകള്‍ അതംഗീകരിച്ചാല്‍ ബ്രെക്സിറ്റ് നടപ്പിലാക്കാം.

റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡും വടക്കന്‍ അയര്‍ലന്‍ഡും തമ്മില്‍ പ്രത്യക്ഷ അതിര്‍ത്തി പാടില്ലാത്തതിനാല്‍ അതിനു ബദലായി നിര്‍ദേശിച്ചിരുന്ന ‘ബാക്സ്റ്റോപ്’ എന്ന വിവാദ വ്യവസ്ഥ ഒഴിവാക്കിയതാണ് പുതിയ കരാറിന്റെ സവിശേഷത. ഇതു നടപ്പാക്കാന്‍ വടക്കന്‍ അയര്‍ലന്‍ഡ് അസംബ്ലിയുടെ അംഗീകാരവും വേണം. അതാണ് വെറും 15 പേജുകളില്‍ മാത്രം പറയുന്ന പുതിയ പ്രോട്ടോക്കോള്‍. ബാക്കിയെല്ലാം മുന്‍പ്രധാനമന്ത്രി തെരേസാ മേയ് അവതരിപ്പിച്ച കരാര്‍ തന്നെയാണ്.

ബ്രക്സിറ്റ് നടപ്പാകുന്നത് മുതല്‍ കുറഞ്ഞത് നാല് വര്‍ഷമെങ്കിലും വടക്കന്‍ അയര്‍ലന്‍ഡ് യൂറോപ്യന്‍ യൂണിയന്റെ ഭാഗമായിതന്നെ തുടരും. അതിലെന്തെങ്കിലും മാറ്റം വരുത്തണമെങ്കില്‍ സ്റ്റോര്‍മോണ്ട് അസംബ്ലി വോട്ടുചെയ്തു പാസാക്കണം. ഭാവിയില്‍ സ്റ്റോര്‍മോണ്ടിന് സുപ്രധാനമായ പങ്കു വഹിക്കാനാവും. യുകെയുമായല്ല യൂറോപ്യന്‍ യൂണിയനുമായി ചേര്‍ന്നുനില്‍ക്കാനാണ് ഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നതെങ്കില്‍ അങ്ങിനെ എട്ടു വര്‍ഷംവരെ തുടരാം. 2020 ഡിസംബര്‍ അവസാനത്തോടെയാണ് നാലുവര്‍ഷ കാലയളവ് ആരംഭിക്കുന്നത്. അവസാനിക്കുന്നതിന് രണ്ട് മാസം മുമ്പ്, അതായത് 2024 ഒക്ടോബറില്‍, യൂണിയന്റെ കൂടെ നില്‍ക്കണോ വേണ്ടയോ എന്നകാര്യത്തില്‍ സ്റ്റോര്‍മോണ്ടില്‍ വോട്ടെടുപ്പ് നടക്കും.

പുതിയ കരാര്‍ പ്രകാരം അയര്‍ലണ്ടിനും വടക്കന്‍ അയര്‍ലന്‍ഡിനും ഇടയില്‍ യാതൊരുവിധ തടസങ്ങളും ഉണ്ടാവില്ല. വടക്കന്‍ അയര്‍ലന്‍ഡ് നിയമപരമായി യുകെയുടെ കസ്റ്റംസ് യൂണിയനിലും പ്രായോഗികമായി യൂറോപ്യന്‍ യൂണിയന്റെ കസ്റ്റംസ് യൂണിയനിലും ആയിരിക്കും. ഗ്രേറ്റ് ബ്രിട്ടനില്‍ നിന്ന് വടക്കന്‍ അയര്‍ലന്‍ഡിലേക്ക് മാറ്റുന്ന ‘സ്വകാര്യ സ്വത്തിന്’ കസ്റ്റംസ് തീരുവ നല്‍കേണ്ടതില്ല. എന്നാല്‍, വാറ്റ് സംബന്ധിച്ച യൂറോപ്യന്‍ യൂണിയന്‍ നിയമം വടക്കന്‍ അയര്‍ലണ്ടിനും ബാധകമാകും. വ്യാപാരവുമായി ബന്ധപ്പെട്ട് യോജിക്കാവുന്ന ഇടങ്ങളിലെല്ലാം യോജിക്കാമെന്ന് യു.കെയും യൂണിയനും അംഗീകരിച്ചു.

അതേസമയം, ശനിയാഴ്ച ബ്രിട്ടീഷ് പാര്‍ലമെന്റിന് മുന്നില്‍ ബോറിസ് ജോണ്‍സണ്‍ പുതിയ കരാര്‍ അവതരിപ്പിക്കും. പാര്‍ലമെന്റിന്റെ പിന്തുണ ഉറപ്പാക്കുക എന്നത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ശ്രമകരമാണ്. പുതിയ കരാര്‍ ബോറിസ് ജോണ്‍സന്റെ മുന്‍ഗാമിയായ തെരേസ മേ ഉണ്ടാക്കിയ കരാറിനെക്കാള്‍ വഷളാണെന്ന് ബ്രിട്ടനിലെ പ്രതിപക്ഷ ലേബര്‍ പാര്‍ടിയുടെ നേതാവ് ജെറമി കോര്‍ബിന്‍ പറഞ്ഞു കഴിഞ്ഞു. ഒക്ടോബര്‍ 31-ന് ബ്രിട്ടനെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് ജോണ്‍സണ്‍.

Share this news

Leave a Reply

%d bloggers like this: