എം കെ രാഘവന്‍ എം.പിക്കെതിരെ വിജിലന്‍സ് എഫ്‌ഐആര്‍

അഗ്രീന്‍കോ അഴിമതി കേസില്‍ കോഴിക്കോട് എംപി എം കെ രാഘവന്‍ ഉള്‍പ്പെടെ 13 പേര്‍ക്ക് എതിരേ വിജിലന്‍സ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന കേരളാ സ്റ്റേറ്റ് അഗ്രീകള്‍ച്ചറല്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ 77 കോടി രൂപയുടെ അഴിമതി നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്. സൊസൈറ്റിയുടെ ചെയര്‍മാനായിരുന്നു എം കെ രാഘവന്‍.

കണ്ണൂരില്‍ അഗ്രീന്‍കോ എന്ന സ്ഥാപനം ആരംഭിച്ച ശേഷം സര്‍ക്കാരില്‍ നിന്നും മറ്റും ലഭിച്ച ഗ്രാന്‍ഡ്, വായ്പ എന്നിവയില്‍ തിരിമറി നടത്തി 77 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് കേസ്. 2002 മുതല്‍ 2013 വരെ നടത്തിയ ഇടപാടുകളിലാണ് 77 കോടിയുടെ ക്രമക്കേട് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്. ചെയര്‍മാനായ എം കെ രാഘവനെ മൂന്നാം പ്രതിയായിട്ടാണ് ചേര്‍ത്തിരിക്കുന്നത്. അഗ്രീന്‍കോ ജനറല്‍ മാനേജറായിരുന്ന പിവി ദാമോദരനാണ് ഒന്നാം പ്രതി. രണ്ടാംപ്രതി എം ഡി ബൈജു രാധാകൃഷ്ണന്‍. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായിട്ടുള്ളവരാണ് ബാക്കിയുള്ള പത്ത് പ്രതികള്‍.

സഹകരണ വകുപ്പ് വിജിലന്‍സ് ഡി.വൈ.എസ്.പി. മാത്യുരാജ് കള്ളിക്കാടന്‍ കണ്ടെത്തിയ ക്രമക്കേടുകളെ തുടര്‍ന്നാണ് കണ്ണൂര്‍ വിജിലന്‍സ് കേസില്‍ ഡി.വൈ.എസ്.പി വി.മധുസൂദനന്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: