മുന്‍ എല്‍ ഐ സി ക്ലര്‍ക്ക് ആയിരുന്ന സ്വയംപ്രഖ്യാപിത ആള്‍ദൈവം കല്‍ക്കി ഭഗവാന്റെ വിവിധ ആശ്രമങ്ങളിലെ റെയ്ഡില്‍ പിടിച്ചെടുത്തത് 500 കോടി രൂപ; 18 കോടി രൂപ വിലമതിക്കുന്ന 25 ലക്ഷം ഡോളറിന്റെ കറന്‍സിയും; 88 കിലോ സ്വര്‍ണവും, ഡയമണ്ടുകളും വേറെ…

സ്വയംപ്രഖ്യാപിത ആള്‍ദൈവം കല്‍ക്കി ഭഗവാന്റെ ആന്ധ്രാപ്രദേശിലെയും കര്‍ണാടകത്തിലെയും തമിഴ്നാട്ടിലെയും വിവിധ ആശ്രമങ്ങളില്‍ ആദായവകുപ്പ് നടത്തിയ റെയ്ഡില്‍ കണക്കില്‍പ്പെടാത്ത 500 കോടി രൂപ കണ്ടെത്തി. ഒക്ടോബര്‍ 16നാണ് ആശ്രമത്തിന്റെ ഒരു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന വിവിധ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തിയതെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു. വെല്‍നെസ് കോഴ്സുകളും ഫിലോസഫി, ആത്മീയ പരിശീലനങ്ങളുമാണ് ഈ ആശ്രമത്തിന് കീഴിലുള്ള ട്രസ്റ്റ് നടത്തുന്നത്. വിദേശത്തു നിന്നുമാണ് ഇവര്‍ക്ക് പണം വരുന്നതെന്നും ഭൂരിഭാഗവും ആന്ധ്രപ്രദേശിലും തമിഴ്നാട്ടിലും ഭൂമി വാങ്ങിയാണ് ഈ പണം വകമാറ്റിയിരിക്കുന്നതെന്നും ആദായനികുതി വകുപ്പ് അധികൃതര്‍ അറിയിച്ചു. റസീപ്റ്റുകളെല്ലാം ജീവനക്കാര്‍ മുഖേന പൂഴ്ത്തിവച്ചിരിക്കുകയാണെന്നും ഇതെല്ലാം അക്കൗണ്ടിന് പുറത്താണെന്നും അധികൃതര്‍ അറിയിച്ചു.

ഇതുകൂടാതെ ഏകദേശം 18 കോടി രൂപ വിലമതിക്കുന്ന 25 ലക്ഷം ഡോളറിന്റെ കറന്‍സിയും ആദായനികുതി വകുപ്പ് കണ്ടെടുത്തു. കണക്കില്‍പ്പെടാത്ത 88 കിലോ സ്വര്‍ണാഭരണങ്ങള്‍, ഡയമണ്ടുകള്‍ എന്നിവയും കണ്ടെത്തി. സ്വര്‍ണാഭരണങ്ങള്‍ 26 കോടി രൂപ വിലമതിക്കുന്നവയാണ്. ഡയമണ്ടിന് അഞ്ച് കോടി രൂപയാണ് മൂല്യം നിശ്ചയിച്ചിരിക്കുന്നത്. ഇതെല്ലാം ചേര്‍ത്താണ് സ്ഥാപനത്തിന്റെ കണക്കില്‍പ്പെടാത്ത സ്വത്തായി 500 കോടി പറയുന്നത്.

എഴുപതുകാരനായ വിജയകുമാര്‍ ആണ് വിഷ്ണുവിന്റെ പത്താമത്തെ അവതാരമായ കല്‍ക്കിയാണെന്ന് സ്വയം പ്രഖ്യാപിച്ചത്. 1990കളിലാണ് താന്‍ കല്‍ക്കി ഭഗവാനാണെന്ന് ഇയാള്‍ പ്രഖ്യാപിച്ചത്. എണ്‍പതുകളുടെ പകുതിയിലാണ് ജീവാശ്രമം എന്ന സ്ഥാപനം ഇയാള്‍ ആരംഭിച്ചത്. എല്‍ഐസിയിലെ മുന്‍ ക്ലര്‍ക്ക് ആയിരുന്നു ഇയാള്‍. തന്റെ അനുയായികള്‍ക്ക് സമാന്തരമായ വിദ്യാഭ്യാസം നല്‍കുകയായിരുന്നു ആശ്രമത്തിന്റെ പ്രഖ്യാപിത ലക്ഷ്യം. ഇതോടൊപ്പം തന്നെ വണ്‍നെസ് സര്‍വകലാശാല എന്ന പേരില്‍ ഒരു യൂണിവേഴ്സിറ്റിയും ഇയാള്‍ ആരംഭിച്ചു. ഇയാളും ഭാര്യ പത്മാവതിയും മകന്‍ എന്‍കെവി കൃഷ്ണയുമാണ് ആശ്രമത്തിന്റെ ട്രസ്റ്റ് അംഗങ്ങള്‍. ചെന്നൈ, ഹൈദ്രാബാദ്, ബംഗളൂരു എന്നിവിടങ്ങളിലെ നാല്‍പ്പത് കേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തിയത്.

Share this news

Leave a Reply

%d bloggers like this: