ഇരട്ടപെണ്‍കുട്ടികളുടെ ജനനത്തിന് സാക്ഷികളായി ഇരട്ടനേഴ്സുമാര്‍

ജോര്‍ജിയ: യു.എസ് ആശുപത്രിയില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായി മാത്രം സംഭവിച്ച ഇരട്ടക്കുട്ടികളുടെ ജനനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുന്നത്. ജോര്‍ജിയയിലെ ഒരു ആശുപത്രിയില്‍ ഇരട്ടപെണ്‍കുഞ്ഞുങ്ങളുടെ ജനനത്തിന് സാക്ഷ്യം വഹിച്ചത് 26 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ ആശുപത്രിയില്‍ ജനിച്ച ഇരട്ടകളായ നേഴ്സുമാരാണ്. ജോര്‍ജിയയിലെ പീഡ്‌മോണ്ട് ഏദെന്‍സ് റീജിണല്‍ മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിലെ ലേബര്‍ റൂമില്‍ നേഴ്സുമാരായ ടോറി ഹൊവാഡ്, താര ഡ്രിങ്ക്വെര്‍ഡ് എന്നിവരാണ് അപൂര്‍വമായ ഈ സംഭവത്തിന് സാക്ഷ്യം വഹിച്ചത്.

കഴിഞ്ഞ വ്യാഴാച്ചയാണ് റിബെക്ക എന്ന യുവതി എമ്മ, എഡിസണ്‍ എന്നീ രണ്ട് പെണ്‍കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. ഈ സമയത്ത് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത് ഇരട്ട നേഴ്സുമാരായ ടോറിയും താരയുമായിരുന്നു. ടോറി നിയോനേറ്റല്‍ ഇന്റെന്‍സീവ് കെയര്‍ യൂണിറ്റില്‍ നവജാത ശിശുക്കളുടെ പരിചരണ വിഭാഗത്തിലും താര ലേബര്‍ ആന്‍ഡ് ഡെലിവറി യുണിറ്റിലുമായിരുന്നു. ഇരട്ട പെണ്‍കുഞ്ഞുങ്ങളുടെ ജനനത്തിന് സാക്ഷികളായി മാറിയ ഇതേ ആശുപത്രിയില്‍ ജനിച്ച നേഴ്സുമാര്‍ തന്നെ ആണെന്നറിഞ്ഞതോടെ ഇരട്ട കുട്ടികളുടെ രക്ഷിതാക്കളും കൗതുകമുണര്‍ത്തി.

അമ്മയുടെയും കുഞ്ഞുങ്ങളുടെയും പരിചരണ വിഭാഗത്തിലുണ്ടായിരുന്ന ഈ നേഴ്സുമാരുമായും അടുത്ത് ഇടപഴകിയ റിബേക്കയും ബ്രണ്ണന്‍ വില്യംസും ഏറെ ആവേശത്തിലാണ്. ഈ നേഴ്സുമാരുമായി തങ്ങളുടെ കുടുംബത്തിന് തുടര്‍ന്നും ബന്ധം പുലര്‍ത്താന്‍ ആഗ്രഹിക്കുന്നതായും സി.എന്‍.എന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ റിബെക്കാ വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: