ഇന്ത്യയിലെ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങള്‍ അപകടത്തില്‍; ഐ എസ് ഐഎസ്ആര്‍ യ്ക്ക് നേരെയും സൈബര്‍ ആക്രമണം

ന്യൂഡല്‍ഹി : കൂടംകുളം ആണവ നിലയത്തില്‍ മാല്‍വെയര്‍ ആക്രമണം നടന്നതിന് പിന്നാലെ ഐ എസ് ഐഎസ്ആര്‍ ഒയിലും സൈബര്‍ ആക്രമണം നടന്നതായി സൂചന. കൂടംകുളത്തെ കമ്പ്യൂട്ടറുകളില്‍ മാവോയിസ്റ്റ് ആക്രമണം നടന്നതായി നൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് സ്ഥിരീകരിച്ചിരുന്നു. സെപ്റ്റംബര്‍ മൂന്നിന് യുഎസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സൈബര്‍ സെക്യൂരിറ്റി കമ്പനിയില്‍ നിന്ന് ലഭിച്ച ഇന്റലിജന്‍സ് വിവരമാണ് നാഷണല്‍ സൈബര്‍ കോര്‍ഡിനേഷന്‍ സെന്ററിന് ലഭിച്ചത്.

കൂടംകുളത്ത് കണ്ടെത്തിയ ഡി ട്രാക്ക് തന്നെ ഐഎസ്ആര്‍ഒയിലും സൈബര്‍ ആക്രമണം നടത്തിയതായാണ് പറയുന്നത്. നാഷണല്‍ സൈബര്‍ കോര്‍ഡിനേഷന്‍ സെന്റര്‍ സെപ്റ്റംബര്‍ നാലിന് ഇക്കാര്യം എന്‍പിസിഐഎല്ലിനേയും ഐഎസ്ആര്‍ഒയേയും അറിയിച്ചിരുന്നു. എന്നാല്‍ ഒക്ടോബര്‍ 28നാണ് കൂടം കുളം നിലയത്തിലെ മാല്‍വെയര്‍ ആക്രമണം പുറത്തുവന്നത്. ഡാറ്റ ചോര്‍ത്തലാണ് ലക്ഷ്യം. ഓതന്റിക്കേഷന്‍ റിക്വസ്റ്റുകളോട് പ്രതികരിക്കുന്ന സെര്‍വര്‍ കമ്പ്യൂട്ടര്‍ ലക്ഷ്യം വച്ചാണ് ആക്രമണം നടന്നത്.

കൂടംകുളം പ്ലാന്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഓണ്‍ലൈന്‍ മാല്‍വെയര്‍ സ്‌കാനിംഗ് സര്‍വീസ് സൈറ്റ് ആയ virustotal.comല്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഒക്ടോബര്‍ 29ന് കൂടംകുളം നൂക്ലിയര്‍ പവര്‍ പ്ലാന്റ് അറിയിച്ചത് പ്ലാന്റിന്റെ നിയന്ത്രണ സംവിധാനത്തില്‍ യാതൊരു മാല്‍വെയര്‍ ആക്രമണവും നടക്കില്ല എന്നാണ്. എന്നാല്‍ അടുത്ത ദിവസം എന്‍പിസിഐഎല്‍ പറഞ്ഞത് അഡ്മിനിസ്ട്രേറ്റീവ് സിസ്റ്റങ്ങളില്‍ മാല്‍വെയര്‍ ആക്രമണം നടന്നു എന്നാണ്. എന്നാല്‍ പ്ലാന്റിന്റെ ആഭ്യന്തര നെറ്റ് വര്‍ക്കിന്റെ പ്രവര്‍ത്തനത്തെ ഒരു തരത്തിലും ബാധിച്ചിട്ടില്ല എന്നും എന്‍പിസിഐഎല്‍ വിശദീകരിച്ചിരുന്നു.

മാല്‍വെയര്‍ ആക്രമണം സംബന്ധിച്ച് പ്രതികരിക്കാന്‍ ഐഎസ്ആര്‍ഒ തയ്യാറായിട്ടില്ല .അതേസമയം കൂടംകുളത്തെ മാല്‍വെയര്‍ ആക്രമണത്തിന്റേയും ചാന്ദ്രയാന്‍ 2 വിന്റെ പരാജത്തിന്റെയും പശ്ചാത്തലത്തില്‍ വിവിധ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ആണവനിലയം പോലുള്ള അതീവസുരക്ഷാ സംവിധാനങ്ങളില്‍ ദ്വിതല എയര്‍ഗ്യാപ്പ്ഡ് നെറ്റ്വര്‍ക്ക് ആണുള്ളത് – അടിസ്ഥാന പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന കണ്‍ട്രോള്‍ സിസ്റ്റം. ആണവ നിലയങ്ങളില്‍ ഇത് റിയാക്ടറുകളാണ്. മറ്റൊന്ന് മറ്റ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന ഓണ്‍ലൈന്‍ സംവിധാനം. ഡി ട്രാക്ക് ശ്രമിച്ചത് ഡൊമൈന്‍ കണ്‍ട്രോളറിന്റെ പാസ് വേര്‍ഡ് അടക്കം ഹാക്ക് ചെയ്യാനാണ്.

റഷ്യന്‍ സൈബര്‍ സെക്യൂരിറ്റി കമ്പനി കാസ്പര്‍ സ്‌കൈ ലാബ്സ് സെപ്റ്റംബര്‍ 23ന് അറിയിച്ചത് ഇന്ത്യയിലെ ബാങ്കുകളേയും ഗവേഷണ സ്ഥാപനങ്ങളേയും ടാര്‍ഗറ്റ് ചെയ്ത ഡി ട്രാക്കിനെ സെപ്റ്റംബര്‍ ആദ്യം തന്നെ ഡിറ്റക്ട് ചെയ്തിരുന്നു എന്നാണ്. ഉത്തരകൊറിയന്‍ നിര്‍മ്മിതമായ മാല്‍വെയര്‍ ലസാറസ് എന്ന വൈറസും കണ്ടെത്തിയിട്ടുണ്ട്.

ദക്ഷിണ കൊറിയയിലെ സിയോള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇഷ്യു മേക്കേര്‍സ് ലാബ് ആണ് ലസാറസ് തിരിച്ചറിഞ്ഞത്. ഇത് ദക്ഷിണകൊറിയന്‍ സൈന്യത്തെ ലക്ഷ്യം വച്ച് 2016ല്‍ ഉപയോഗിച്ചിരുന്നതായി ഇഷ്യു മേക്കേര്‍സ് ലാബ് പറയുന്നു. ഇന്ത്യയുടെ തോറിയം ആണവ സാങ്കേതിക വിദ്യയില്‍ ഉത്തരകൊറിയയ്ക്ക് താല്‍പര്യമുണ്ട് എന്നാണ് ദക്ഷിണ കൊറിയന്‍ കമ്പനി പറഞ്ഞത്.

Share this news

Leave a Reply

%d bloggers like this: