കേന്ദ്രത്തിന് ആശ്വാസം; റാഫേലില്‍ തുടരന്വേഷണം വേണ്ടെന്ന് കോടതി

ന്യൂഡല്‍ഹി: റാഫേല്‍ യുദ്ധവിമാന ഇടപാടില്‍ നല്‍കിയ റിവ്യൂ ഹര്‍ജിയില്‍ വിധി പ്രഖ്യാപിച്ച് സുപ്രീം കോടതി. റാഫേല്‍ ഇടപാടില്‍ അന്വേഷണം ആവശ്യമില്ല എന്നുള്ള 2018 ഡിസംബര്‍ 14ലെ സുപ്രീം കോടതി വിധി തിരുത്തണം എന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, കെ എം ജോസഫ് എന്നിവരുടെ ബഞ്ച് തള്ളിയത്.

മുന്‍ കേന്ദ്ര മന്ത്രിമാരും മുന്‍ ബിജെപി നേതാക്കളുമായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും സ്വരാജ് അഭിയാന്‍ നേതാവുമായ പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍ ഫയല്‍ ചെയ്ത ഹര്‍ജിയും ആം ആദ്മി പാര്‍ട്ടി രാജ്യസഭ എംപി സഞ്ജയ് സിംഗ് ഫയല്‍ ചെയ്ത മറ്റൊരു ഹര്‍ജിയുമാണ് സുപ്രീം കോടതി പരിഗണിച്ചത്.

റിവ്യൂ പെറ്റീഷനുകളില്‍ ഉന്നയിക്കുന്ന വാദങ്ങള്‍ക്ക് അടിസ്ഥാനമില്ല എന്ന് സുപ്രീം കോടതി വിലയിരുത്തി. റാഫേല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തേണ്ട ആവശ്യമില്ല എന്നാണ് കോടതി നിരീക്ഷണം. ഫ്രഞ്ച് കമ്പനി ദാസോ ഏവിയേഷനില്‍ നിന്ന് 36 യുദ്ധ വിമാനങ്ങള്‍ വാങ്ങാനുള്ള ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെന്നും ഇതില്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജിക്കാര്‍ കഴിഞ്ഞ വര്‍ഷം സുപ്രീം കോടതിയെ സമീപിച്ചത്.

യശ്വന്ത് സിന്‍ഹയ്ക്കും അരുണ്‍ ഷൂരിക്കും പ്രശാന്ത് ഭൂഷണും പുറമെ അഭിഭാഷകരായ മനോഹര്‍ ലാല്‍ ശര്‍മ, വിനീത് ധാണ്ഡ, എഎപി നേതാവ് സഞ്ജയ് സിംഗ് എന്നിവരും ഹര്‍ജി നല്‍കിയിരുന്നു. കരാര്‍ ഒപ്പിടാനുള്ള തീരുമാനമെടുത്ത നടപടിക്രമങ്ങള്‍, വില നിശ്ചയിക്കല്‍, ഓഫ് സെറ്റ് കരാര്‍ പങ്കാളിയെ നിശ്ചയിച്ചത് തുടങ്ങിയവയെല്ലാം ചോദ്യം ചെയ്തായിരുന്നു ഹര്‍ജികള്‍. എന്നാല്‍ ആവശ്യം കോടതി തള്ളുകയായിരുന്നു. കരാര്‍ സംബന്ധിച്ച തീരുമാനങ്ങളിലും നടപടികളിലും അന്വേഷണം നടത്തേണ്ട വിധം സംശയകരമായി ഒന്നുമില്ലെന്ന് കോടതി വിലയിരുത്തിയിരുന്നു.

ആര്‍ക്കെങ്കിലും സാമ്പത്തിക ലാഭമുണ്ടാക്കുന്ന വിധം സര്‍ക്കാര്‍ ഇടപെട്ടതിന് തെളിവില്ലെന്നും കോടതി പറഞ്ഞിരുന്നു. റാഫേല്‍ ഇടപാടില്‍ സി എ ജി പരിശോധന നടന്നിട്ടുണ്ട് എന്നതടക്കമുള്ള വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ ബോധിപ്പിച്ച് സുപ്രീം കോടതിയെ കേന്ദ്ര സര്‍ക്കാര്‍ തെറ്റിദ്ധരിപ്പിച്ചതായി ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഇത് മുന്‍നിര്‍ത്തിയാണ് വിധി തിരുത്തണം എന്ന് ആവശ്യപ്പെട്ട് ഇവര്‍ വീണ്ടും സുപ്രീം കോടതിയെ സമിപിച്ചത്. യുപിഎ കാലത്തെ 126 റാഫേല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ മാറ്റം വരുത്തി കൂടുതല്‍ വിലയ്ക്ക് 36 വിമാനങ്ങള്‍ വാങ്ങുന്നതില്‍ അഴിമതിയുണ്ട് എന്നാണ് ആരോപണം.

Share this news

Leave a Reply

%d bloggers like this: