ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം; സ്‌കൂളുകള്‍ വീണ്ടും അടച്ചിട്ടു…

ഡല്‍ഹി: അന്തരീക്ഷ മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ ഡല്‍ഹിയിലും സമീപജില്ലകളിലും രണ്ടുദിവസത്തേക്ക് സ്‌കൂള്‍ തുറക്കേണ്ടതില്ലെന്ന് നിര്‍ദ്ദേശം. പരിസ്ഥിതി മലിനീകരണ നിയന്ത്രണ അധികാരികളാണ് ഈ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ശുദ്ധ ഇന്ധനങ്ങള്‍ ഉപയോഗിക്കാത്ത വ്യവസായ സ്ഥാപനങ്ങള്‍ വെള്ളിയാഴ്ച വരെ പൂട്ടിയിടണമെന്നും നിര്‍ദ്ദേശമുണ്ട്. സ്റ്റോണ്‍ ക്രഷറുകളും ഹോട്ട് മിക്‌സ് പ്ലാന്റുകളുമെല്ലാം പൂട്ടിയിടണം. നാച്ചുറല്‍ ഗ്യാസ് പോലെയുള്ള ശുദ്ധ ഇന്ധനങ്ങളിലേക്ക് മാറാത്ത എല്ലാ ഇന്ധനാധിഷ്ഠിത പ്ലാന്റുകളും കല്‍ക്കരി പ്ലാന്റുകളും പൂട്ടണമെന്നും അതോരിറ്റിയുടെ നിര്‍ദ്ദേശം പറയുന്നു. ഫരീദാബാദ്, ഗുഡ്ഗാവ്, നോയ്ഡ, ഗ്രേറ്റര്‍ നോയ്ഡ, സോനെപത്, പാനിപത്, ബഹാദൂര്‍ഗഡ്, ഭീവാദി എന്നിവിടങ്ങളിലുള്ള വ്യവസായ സ്ഥാപനങ്ങളാണ് ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടത്.

കഴിഞ്ഞമാസം ദീപാവലിയോടെ നഗരത്തിലെ മലിനീകരണനില അതീവ ഗുരുതരമായി മാറുകയായിരുന്നു. നാലു ദിവസത്തോളം സ്‌കൂളുകള്‍ അടച്ചിട്ടു. സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച സമിതി പൊതു ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയുണ്ടായി. നവംബര്‍ അഞ്ചിനാണ് സ്‌കൂളുകള്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്.

പഞ്ചാബ്, ഡല്‍ഹി സര്‍ക്കാരുകള്‍ക്കും കേന്ദ്ര സര്‍ക്കാരിനും മലിനീകരണ നിയന്ത്രിക്കാന്‍ കഴിയാത്തതിനെ വിമര്‍ശിച്ച് സുപ്രീംകോടതി രംഗത്തു വരികയുണ്ടായി. സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ വൈക്കോല്‍ കത്തിക്കുന്നത് തടയാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന ചോദ്യം കോടതി ഉന്നയിക്കുകയുണ്ടായി. വൈക്കോല്‍ സര്‍ക്കാര്‍ ശേഖരിക്കുകയാണ് വേണ്ടതെന്ന അഭിപ്രായവും കോടതി മുന്നോട്ടു വെച്ചു. അതെസമയം നഗരത്തില്‍ ഒറ്റയിരട്ട പദ്ധതി കുറച്ചു നാളേക്കു കൂടി നീട്ടുമെന്ന് മുഖ്യമന്ത്രി അര്‍വിന്ദ് കെജ്രിവാള്‍ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: