രഞ്ജന്‍ ഗോഗോയ് പടിയിറങ്ങുമ്പോള്‍ ശബരിമല വിധി ഇന്‍ ബോബ്ഡെയുടെ കൈയില്‍…

ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശന വിധിയിലെ പുനപരിശോധന ഹര്‍ജികളില്‍ ഇനി തീരുമാനം എടുക്കുക പുതിയ ചീഫ് ജസ്റ്റിസ്. യുവതീ പ്രവേശന കേസ് ഏഴംഗ ബെഞ്ചിന് കൈമാറി, സുപ്രീംകോടതിയുടെ പടിയിറങ്ങുകയാണ് രഞ്ജന്‍ ഗൊഗോയി. ഇനി എല്ലാ കണ്ണുകളും നിയുക്ത ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയിലേക്കാണ്. ശബരിമല യുവതി പ്രവേശനത്തില്‍ ബോബ്‌ഡെയുടെ നിലപാട് എന്തായിരിക്കും എന്നറിയാന്‍ കാത്തിരിക്കുകയാണ് നിയമവൃത്തങ്ങള്‍. നവംബര്‍ 18 നാണ് രാജ്യത്തിന്റെ 47-ാമത് ചീഫ് ജസ്റ്റിസായി ബോബ്‌ഡെ സത്യപ്രതിജ്ഞ ചെയ്യുന്നത്.

ശബരിമല യുവതീ പ്രവേശന വിധിക്കെതിരെ സമര്‍പ്പിക്കപ്പെട്ട പുനപരിശോധനാ ഹര്‍ജികള്‍ക്ക് തീര്‍പ്പുകല്‍പ്പിക്കപ്പെട്ടിട്ടില്ല. ശബരിമല കേസ് പരിഗണിച്ച ഭരണഘടന ബെഞ്ച് വിശ്വാസവും കോടതിയുമായി ബന്ധപ്പെട്ട ഏഴ് വിഷയങ്ങള്‍ വിശാല ബെഞ്ച് പരിശോധിക്കുമെന്നാണ് ഉത്തരവിട്ടിരിക്കുന്നത്. യുവതി പ്രവേശന വിധി സ്റ്റേ ചെയ്യാനും ഭരണഘടന ബെഞ്ച് തയ്യാറായില്ല. ഇതോടെയാണ് കേരള സര്‍ക്കാര്‍ ഉള്‍പ്പെടെ നിയമവൃത്തങ്ങള്‍ക്ക് ഇടിയില്‍ ശബരിമല കേസില്‍ ആശയക്കുഴപ്പം രൂപപ്പെട്ടത്.

2018 ലെ യുവതി പ്രവേശന വിധിയില്‍ ഭരണഘടന ബെഞ്ചിലെ ഭൂരിപക്ഷം മൗനം പാലിച്ചതോടെയാണ് ആശയക്കുഴപ്പം ഉടലെടുത്തത്. എന്നാല്‍ ഏഴംഗ ബെഞ്ച് ശബരിമല കേസ് പരിഗണിക്കുന്ന വരെ യുവതി പ്രവേശന വിധി നിലനില്‍ക്കുമെന്നാണ് നിയമജ്ഞര്‍ ചൂണ്ടിക്കാട്ടുന്നത്. കേരള സര്‍ക്കാരിനോട് യുവതി പ്രവേശന വിധി നടപ്പാക്കണമെന്ന് ഭരണഘടന ബെഞ്ചിലെ ന്യൂനപക്ഷ ജസ്റ്റിസുമാരായ ആര്‍ എഫ് നരിമാനും ഡി വൈ ചന്ദ്രചൂഡും ആവശ്യപ്പെട്ടിരുന്നു.

അതേസമയം പഴയ യുവതീ പ്രവേശന വിധിക്ക് സ്റ്റേ ഇല്ല എന്ന് പറയുമ്പോഴും ഇപ്പോഴത്തെ വിധി സ്റ്റേക്ക് തുല്യമാണെന്ന് തന്നെയാണ് സര്‍ക്കാരിന് ലഭിച്ച നിയമോപദേശം. ഇതിന് പിന്നാലെ ശബരിമല ദര്‍ശനത്തിന് സ്ത്രീകള്‍ എത്തിയാല്‍ പോലീസ് സംരക്ഷണം നല്‍കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. യുവതി പ്രവേശനത്തിനുള്ള കോടതി ഉത്തരവ് കൊണ്ട് വന്നാല്‍ മാത്രം പോലീസ് സംരക്ഷണം നല്‍കാമെന്നും ദേവസ്വം മന്ത്രി വ്യക്തമാക്കിയിരുന്നു.

Share this news

Leave a Reply

%d bloggers like this: