അയോധ്യ കേസ് വിധി: വഖബ് ബോര്‍ഡ് പുനഃപരിശോധന ഹര്‍ജി നല്‍കില്ല…

ന്യൂഡല്‍ഹി: അയോധ്യയില്‍ രാമ ക്ഷേത്രം പണിയാമെന്നും പള്ളിയ്ക്കായി തര്‍ക്കഭൂമിക്ക് പുറത്ത് അഞ്ചേക്കര്‍ സ്ഥലം അനുവദിക്കാമെന്നുമുള്ള സുപ്രീം കോടതി ഭരണ ഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ പുനഃപ്പരിശോധനാ ഹര്‍ജി നല്‍കില്ലെന്ന് സുന്നി വഖഫ് ബോര്‍ഡ്. ഉത്തര്‍പ്രദേശ് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സുഫര്‍ ഫാറൂഖിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, വിധിയില്‍ വാഗ്ദാനം ചെയ്യുന്ന അഞ്ചേക്കര്‍ സ്ഥലം കേന്ദ്രസര്‍ക്കാരില്‍ നിന്ന് വാങ്ങണോ എന്ന കാര്യത്തില്‍ തീരുമാനം പിന്നീടായിരിക്കുമെന്നും വഖഫ് ബോര്‍ഡ് വ്യക്തമാക്കുന്നു.

‘5 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്നതില്‍ അന്തിമ അഭിപ്രായം പറയുന്നതിന് മുമ്പ് ബോര്‍ഡ് അംഗങ്ങള്‍ക്ക് കൂടുതല്‍ സമയം ആവശ്യമാണെന്ന് അറിയിച്ചതോടെയാണ് തീരുമാനം പിന്നീടേക്ക് മാറ്റിയതെന്നും ലഖ്നൗവില്‍ നടന്ന ബോര്‍ഡ് യോഗത്തിന് ശേഷം ഫാറൂഖി പറഞ്ഞു. തര്‍ക്കഭൂമിയില്‍ ക്ഷേത്രം പണിയാന്‍ അനുമതി നല്‍കിയ സുപ്രീംകോടതി വിധിയോട് കേസിലെ കക്ഷിയായ സുന്നി വഖഫ് ബോര്‍ഡ് നേരത്തെ തന്നെ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഇന്ന് ചേരുന്ന യോഗത്തില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കാന്‍ ധാരണയാവുമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ കേസില്‍ ഇനി നിയമ പോരാട്ടം വേണ്ടെന്ന നിലപാടാണ് സുന്നി വഖഫ് ബോര്‍ഡിനുള്ളത്. പുനപരിശോധന ഹര്‍ജി നല്‍കേണ്ടെന്നാണ് സുന്നി വഖഫ് ബോര്‍ഡിന്റെയും കേസിലെ പ്രധാന കക്ഷികളിലൊരാളായ ഇക്ബാര്‍ അന്‍സാരിയുടെയും നിലപാട്.

അതേസമയം, അയോധ്യ കേസില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കാന്‍ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. പള്ളി നിര്‍മ്മിക്കാനുള്ള അഞ്ചേക്കര്‍ സ്വീകരിക്കേണ്ടെന്നുമായിരുന്നു മുസ്ലീം വ്യക്തിനിയമ ബോര്‍ഡിന്റെ നിലപാട്. ലക്‌നൗവില്‍ നടന്ന ഈ യോഗം സുന്നി വഖഫ് ബോര്‍ഡ് ബഹിഷ്‌ക്കരിച്ചിരുന്നു. വിധിയിലൂടെ നീതി കിട്ടിയില്ലെന്ന മുസ്ലീം സമുദായത്തിലെ ബഹുഭൂരിപക്ഷത്തിനും അഭിപ്രായമുണ്ടെന്നും ബോര്‍ഡ് വാദിക്കുന്നു.

ബാബ്‌റി മസ്ജിദ് നിലനിന്ന ഭൂമിയില്‍ രാമക്ഷേത്രം പണിയാമെന്നായിരുന്നു സുപ്രീം കോടതി ഉത്തരവ്. അഞ്ചംഗ ഭരണഘടന ബഞ്ച് ഏക കണ്ഠമായാണ് ഉത്തരവ് പുറപ്പെടുവിച്ചത്. തര്‍ക്കഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് ട്രസ്റ്റ് രൂപികരിച്ച് കൈമാറാനാണ് ഉത്തരവ്. തര്‍ക്ക സ്ഥലത്തിന് പുറത്ത് അഞ്ചേക്കര്‍ ഭൂമി പള്ളി നല്‍കാന്‍ മുസ്ലീങ്ങള്‍ക്ക് നല്‍കണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വിധി പ്രകാരം നീതി കിട്ടിയില്ലെന്നാണ് മുസ്ലീം വ്യക്തിനിയമ ബോര്‍ഡിന്റെ അഭിപ്രായം. വിധിയില്‍ വൈരുദ്ധ്യങ്ങളുണ്ടെന്നും ബോര്‍ഡ് അഭിപ്രായപ്പെട്ടു. പള്ളിയില്‍ വിഗ്രഹം പ്രതിഷ്ഠിച്ചതും, പള്ളി തകര്‍ത്തതും ക്രിമിനല്‍ കുറ്റമായി കണ്ട കോടതിയുടെ നിലപാടില്‍ ശരികേടുണ്ടെന്നാണ് ബോര്‍ഡിന്റെ വിലയിരുത്തല്‍.

Share this news

Leave a Reply

%d bloggers like this: