മഹാ നാടകം തുടര്‍ന്ന് മഹാരാഷ്ട്ര; ഫഡ്‌നവിസ് രാജിവെച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപി യ്ക്ക് പടിയിറക്കം. ബുധനാഴ്ച നിയമസഭയില്‍ വിശ്വാസ വോട്ട് തേടണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടതോടെയാണ് മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ മറ്റൊരു വഴിത്തിരിവുണ്ടായത്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍സിപി വിമത നേതാവുമായ അജിത് പവാര്‍ രാജി സമര്‍പ്പിച്ചതിന് പിന്നാലെയാണ് ഫട്‌നാവിസ് രാജി വയ്ക്കുന്നത്. മുംബൈയില്‍ വാര്‍ത്താ സമ്മേളനം വിളിച്ച് ചേര്‍ത്തായിരുന്നു മഹാരാഷ്ട്ര മുഖ്യമന്ത്രി രാജി പ്രഖ്യാപിച്ചത്.

ശിവസേനയ്‌ക്കെതിരെ കടുത്ത ആരോപണങ്ങളാണ് ഫട്‌നാഫിസ് വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ത്തിയത്. ജനങ്ങള്‍ വോട്ട് ചെയ്തത് ബിജെപി സഖ്യത്തിനാണ്. എന്നാല്‍ ശിവസേന വിലപേശല്‍ ജനഹിതത്തിന് തിരിച്ചടിയായി. വാക്കുനല്‍കാത്ത കാര്യത്തിനായിരുന്നു ശിവസേന വിലപേശിയതെന്നും അദ്ദേഹം ആരോപിച്ചു. അധികാരക്കൊതി മൂത്താണ് ശിവസേന കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നത് എന്നും ഫഡ്‌നവിസ് ആരോപിച്ചു.

ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച അജിത് പവാറിനൊപ്പം രണ്ട് എംഎല്‍എമാര്‍ മാത്രമാണുള്ളത്. അതിനാല്‍ തന്നെ സര്‍ക്കാരിന് ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കില്ലെന്ന് ഉറപ്പായ സഹാചര്യത്തിലായിരുന്നു അജിത് പവാറിന്റെ രാജി. അജിത് പവാര്‍ രാജി വെച്ചതോടെ തന്റെ പാര്‍ട്ടിക്ക് ഒറ്റയ്ക്ക് മുമ്പോട്ടു പോകാന്‍ കഴിയാത്തതു കൊണ്ട് പിന്‍വാങ്ങുന്നുവെന്ന വിശദീകരണം കൂടിയാണ് ഫഡ്‌നാവിസ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കാന്‍ ശ്രമിച്ചത്.

കഴിഞ്ഞ 22 നാണ് രാജ്യത്തെ ഞെട്ടിച്ച് അപ്രതീക്ഷിത നീക്കത്തിലൂടെ ദേവേന്ദ്ര ഫ്ടനാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ചുമതലയേറ്റത്. ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യം സര്‍ക്കാര്‍ രൂപീകരിക്കാനിരിക്കെയാണ് അപ്രതീക്ഷിതമായി സത്യപ്രതിജ്ഞ നടന്നത്. പിന്നാലെ വിഷയം സുപ്രീം കോടതിയിലേക്കും നീളുകയായിരുന്നു. മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് സര്‍ക്കാര്‍ നാളെ വിശ്വാസ വോട്ട് നടത്തണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

വോട്ടെടുപ്പിന്റെ തല്‍സമയം സംപ്രേഷണം നടത്തണമെന്നും, ഭരണഘടനാ ധാര്‍മ്മികത ഉയര്‍ത്തിപ്പിടിക്കണമെന്നും കോടതി ഇടക്കാല ഉത്തരവില്‍ പറഞ്ഞു. അഞ്ച് മണിയോടെ വിശ്വാസ വോട്ട് തേടണമെന്നാണ് നിര്‍ദ്ദേശം. രണ്ടു ദിവസത്തെ വാദത്തിന് ശേഷമാണ് മഹാരാഷ്ട്ര വിഷയത്തില്‍ സുപ്രീം കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിച്ചത്.

കഴിഞ്ഞദിവസം തങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന 162 എംഎല്‍എമാരുമായി പ്രതിപക്ഷം മുംബൈയില്‍ ശക്തിപ്രകടനം നടത്തിയിരുന്നു. വിശ്വാസ വോട്ടെടുപ്പിന്റെ കാര്യത്തില്‍ സുപ്രീം കോടതിക്ക് തീരുമാനിക്കാന്‍ അധികാരമില്ലെന്ന് ഫഡ്‌നാവിസിന് വേണ്ടി ഹാജരായ മുകുള്‍ റോഹ്ത്തഗി കഴിഞ്ഞ ദിവസം വാദിച്ചിരുന്നു. ഇക്കാര്യം കോടതി അംഗീകരിച്ചില്ല.

Share this news

Leave a Reply

%d bloggers like this: