‘ഇറ്റാലിയന്‍ നാഷണല്‍ സോഷ്യലിസ്റ്റ് വര്‍ക്കേഴ്‌സ് പാര്‍ട്ടി’ എന്ന പേരില്‍ പുതിയ നാസി പാര്‍ട്ടി രൂപീകരിക്കാന്‍ ശ്രമം; ഇറ്റലിയില്‍ വലതുപക്ഷ തീവ്രവാദികള്‍ അറസ്റ്റില്‍…

പുതിയ നാസി പാര്‍ട്ടി രൂപീകരിക്കാന്‍ ഇറങ്ങിത്തിരിച്ച 19 വലതുപക്ഷ തീവ്രവാദികളെ അറസ്റ്റ് ചെയ്തതായി ഇറ്റാലിയന്‍ പോലീസ്. ഇറ്റലിയിലാകമാനം പോലീസ് നടത്തിയ റെയ്ഡുകളില്‍ ആയുധങ്ങള്‍, സ്ഫോടകവസ്തുക്കള്‍, സ്വസ്തികകള്‍ ഉള്‍ക്കൊള്ളുന്ന നാസി ഫലകങ്ങള്‍, നാസി പതാകകള്‍, അഡോള്‍ഫ് ഹിറ്റ്ലര്‍, ബെനിറ്റോ മുസ്സോളിനി എന്നിവരുടെ പുസ്തകങ്ങള്‍ തുടങ്ങിയവ പോലീസ് കണ്ടെത്തി. ‘ഇറ്റാലിയന്‍ നാഷണല്‍ സോഷ്യലിസ്റ്റ് വര്‍ക്കേഴ്‌സ് പാര്‍ട്ടി’ എന്ന പേരിലാണ് അവര്‍ നാസി അനുകൂല, സെനോഫോബിക്, ആന്റിസെമിറ്റിക് ഗ്രൂപ്പ് സൃഷിട്ടിക്കാന്‍ തയ്യാറെടുത്തത് എന്ന് അന്വേഷണോദ്യോഗസ്ഥര്‍ പറഞ്ഞു. ‘ഓപ്പറേഷന്‍ ബ്ലാക്ക് ഷാഡോസ്’ എന്ന പേരിലാണ് രാജ്യ വ്യാപാക റെയ്ഡ് നടത്തിയത്.

ബ്രിട്ടന്റെ കോംബാറ്റ് 18, പോര്‍ച്ചുഗലിന്റെ ന്യൂ ഓര്‍ഡര്‍ തുടങ്ങിയ തീവ്ര വലതുപക്ഷ നവ-നാസി സംഘടനകളുമായി പിടിയിലായവര്‍ക്ക് ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു. ഇറ്റലിയുടെ വടക്ക് ഭാഗത്തുള്ള പാദുവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു 50 കാരിയാണ് സംഘടനയുടെ മേധാവി. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥകൂടിയായ അവരുടെ പേരില്‍ ഇതുവരെ യാതൊരുവിധ ക്രിമിനല്‍ കേസുകളും രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ല. ‘ഹിറ്റ്ലറുടെ സര്‍ജന്റ് മേജര്‍’ എന്ന പേരിലാണ് സംഘടനക്കുള്ളില്‍ അവര്‍ അറിയപ്പെടുന്നത്. അവരുടെ വീട്ടില്‍നിന്നും നിരവധി സ്വസ്തികകളും ആന്റിസെമിറ്റിക് വസ്തുക്കളും അന്വേഷകര്‍ കണ്ടെത്തി.

സിസിലിയില്‍ നിന്നുള്ള 26 കാരിയാണ് മറ്റൊരു പ്രതി. ‘മിസ് ഹിറ്റ്ലര്‍’ എന്ന പേരില്‍ നടന്ന ഒരു ഓണ്‍ലൈന്‍ സൗന്ദര്യമത്സരത്തിലെ വിജയികൂടിയായ അവര്‍ ഓഗസ്റ്റില്‍ ലിസ്ബണില്‍ നടന്ന ഒരു വലതുപക്ഷ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചിരുന്നു. കുപ്രസിദ്ധമായ കാലാബ്രിയന്‍ മാഫിയയുടെ മുന്‍ സീനിയര്‍ അംഗമായിരുന്ന ഒരാളാണ് തീവ്രവാദികള്‍ക്ക് ട്രെയിനിംഗ് നല്‍കുന്നത്. നേരത്തെ പൊലീസിന് രഹസ്യ വിവരങ്ങള്‍ നല്‍കി സഹായിച്ചിരുന്ന ആള്‍ കൂടിയാണ് അദ്ദേഹം. നവ ഫാസിസ്റ്റ് രാഷ്ട്രീയ പാര്‍ട്ടിയായ ഫോര്‍സ നുവോവയുടെ ലിഗൂറിയയിലും അയാള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

പിടിയിലായവരില്‍ നിന്നും മധ്യ ഇടതുപക്ഷ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ രണ്ട് എംപിമാര്‍ക്കെതിരെയുള്ള ലഘുലേഖകള്‍ പോലീസ് കണ്ടെത്തി. ഇറ്റാലിയന്‍ ജൂത സമൂഹത്തിലെ പ്രമുഖനായ ഇമാനുവല്‍ ഫിയാനോ, മുന്‍ പാര്‍ലമെന്ററി സ്പീക്കറായ ലോറ ബോള്‍ഡ്രിനി എന്നിവര്‍ക്കെതിരെയാണ് നാസി അനുകൂലികള്‍ അപമാനകരമായ ലഘുലേഖകള്‍ വിതരണം ചെയ്യുന്നത്. കഴിഞ്ഞ ജൂലൈയില്‍ മൂന്ന് നാസി അനുകൂല തീവ്രവാദികളെ വടക്കന്‍ ഇറ്റലിയില്‍ നിന്നും പോലീസ് പിടികൂടിയിരുന്നു. അവരില്‍നിന്നും നാസി ചിഹ്നങ്ങള്‍ ഉള്‍ക്കൊള്ളുന്ന വസ്തുക്കളും മൂന്ന് മീറ്റര്‍ നീളമുള്ള എയര്‍-ടു-എയര്‍ മിസൈലും പിടിച്ചെടുത്തിരുന്നു.

Share this news

Leave a Reply

%d bloggers like this: