ഹാക്കര്‍മാര്‍ക്ക് ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ സര്‍ക്കാര്‍ പിന്തുണ: ഗൂഗിള്‍ റിപ്പോര്‍ട്ട് പുറത്ത്…

കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയോടെ ഹാക്കര്‍മാര്‍ 500 ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് ഗൂഗിള്‍. ഇസ്രയേല്‍ കമ്പനി എന്‍എസ്ഒയുടെ സ്പൈവെയര്‍ ആയ പെഗാസസ് 121 ഇന്ത്യക്കാരുടെ വാട്സ് ആപ്പ് വിവരങ്ങള്‍ ചോര്‍ത്തിയെന്ന വെളിപ്പെടുത്തല്‍ പാര്‍ലമെന്റ് കമ്മിറ്റി അന്വേശിക്കൊണ്ടിരിക്കെയാണ് മോദി സര്‍ക്കാരിനെ വെട്ടിലാക്കി ഗൂഗിളിന്റെ വെളിപ്പെടുത്തല്‍. സര്‍ക്കാര്‍ പിന്തുണയുള്ള ഹാക്കിംഗ് സംബന്ധിച്ച് 12,000ത്തോളം ഇന്ത്യന്‍ പൗരന്മാര്‍ക്ക് തങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതായി ഗൂഗിള്‍ പറയുന്നു.

ഈ വര്‍ഷം ജൂലൈ സെപ്റ്റംബര്‍ മാസങ്ങള്‍ക്ക് ഇടയിലാണ് ഇന്ത്യന്‍ ഗവണ്‍മെന്റ് സ്പോണ്‍സേര്‍ഡ് എന്ന് ആരോപണമുള്ള ഹാക്കിംഗ് നടന്നത് എന്നാണ് റിപ്പോര്‍ട്ട്. ഗൂഗിള്‍ ത്രെഡ് അനാലിസിസ് ഗ്രൂപ്പിലെ (ടിഎജി) ഷെയ്ന്‍ ഹണ്ട്ലിയാണ് ഇക്കാര്യം ബ്ലോഗിലൂടെ അറിയിച്ചത്. 90 ശതമാനം പേരുടേയും വിവരങ്ങള്‍ ചോര്‍ത്തിയിരിക്കുന്നത് ഇ മെയില്‍ വഴിയാണ്. ഗൂഗിളില്‍ നിന്നുള്ള സെക്യൂരിറ്റി അലര്‍ട്ട് എന്ന വ്യാജേന അടക്കം ഹാക്കര്‍മാര്‍ ടാര്‍ഗറ്റുകള്‍ക്ക് മെയിലുകള്‍ അയച്ചിട്ടുണ്ട്.

മാധ്യമപ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരുമടക്കമുള്ളവരുടെ ഫോണ്‍വിവരങ്ങള്‍ വാട്‌സ് ആപ്പ് വഴി ഇസ്രയേലി സ്‌പൈവെയര്‍ ചോര്‍ത്തിയ സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിന് വാട്‌സ് ആപ്പ് വിവരം നല്‍കി ഒരു മാസത്തിന് ശേഷമാണ് ഇക്കാര്യം പുറത്തുവന്നത്. യുഎസ് കോടതിയിലെ ഒരു കേസുമായി ബന്ധപ്പെട്ടാണ് വാട്‌സ് ആപ്പ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം വാട്‌സ് ആപ്പ് ചോര്‍ച്ചയില്‍ കേന്ദ്ര സര്‍ക്കാരിന് പങ്കുണ്ടോ എന്നതും അന്വേഷിക്കണം എന്ന ആവശ്യം ഉയര്‍ന്നുവന്നിട്ടുണ്ട്. പേഴ്‌സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ ബില്‍ പാര്‍ലമെന്റില്‍ കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. അതേസമയം ഡാറ്റ പ്രൊട്ടക്ഷനുമായി ബന്ധപ്പെട്ട തന്റെ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായില്ല എന്ന് കമ്മിറ്റി തലവനായ ജസ്റ്റിസ് ബി എന്‍ ശ്രീകൃഷ്ണ വിമര്‍ശിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: