അയര്‍ലണ്ടിലും ദയാവധം നിയമവിധേയമാക്കിയേക്കും

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ദയാവധം നിയമവിധേയമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ സര്‍വേയില്‍ രാജ്യവ്യാപകമായി 60 ശതമാനത്തോളം ആളുകളാണ് ദയാവധത്തെ പിന്തുണച്ചത്. ജീവിതത്തിലേക്ക് ഇനിയൊരു തിരിച്ചുവരവ് സാധ്യമല്ലാത്തവര്‍ക്ക് ഈ ഒരു നിയമാനുവധി വലിയൊരു ആശ്വാസമായിരിക്കുമെന്ന് ദയാവധത്തെ പിന്തുണച്ചുകൊണ്ട് ആക്ടിവിസ്റ്റ് ആയ വിക്കി ഫെലാന്‍ അഭിപ്രായപ്പെട്ടു.

ഗര്‍ഭാശയ ക്യാന്‍സറുമായി ബന്ധപ്പെട്ട സ്മിയര്‍ ടെസ്റ്റില്‍ അര്‍ബുദം കണ്ടെത്താതിരിക്കുകയും പിന്നീട് അര്‍ബുദ രോഗിയായി മാറുകയും ചെയ്ത വിക്കി ആരോഗ്യ വകുപ്പിനെതിരെയുള്ള നിയമ യുദ്ധത്തില്‍ വിജയിച്ചിരുന്നു. ഇതോടെ ആരോഗ്യ രംഗത്തുള്ള പല സന്നദ്ധ സംഘടനകളുടെയും ഭാഗമാണ് വിക്കി. നിയമപരമായി ദയാവധം അനുവദിക്കപ്പെടുന്നതിന് തന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും വിക്കി വ്യക്തമാക്കി.

മസ്തിഷ്‌ക മരണം പോലുള്ള ഗുരുതരമായ ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് ദയാവധം അനുവദിക്കപ്പെടണം എന്നുതന്നെയാണ് അയര്‍ലണ്ടിലെ ഭൂരിപക്ഷം ആളുകളും അഭിപ്രായപ്പെട്ടത്. ഈ ഒരു സര്‍വേഫല റിപ്പോര്‍ട്ട് ആരോഗ്യ വകുപ്പിന് കൈമാറും. യൂറോപ്യന്‍ രാജ്യങ്ങള്‍ എല്ലാം തന്നെ ഇപ്പോള്‍ ദയാവധത്തിന് അനുകൂലമായ നിലപാടിലേക്ക് മാറിത്തുടങ്ങുകയാണ്. യൂറോപ്യന്‍ യൂണിയനും അംഗരാജ്യങ്ങളില്‍ ദയാവധം അനുവദിക്കപ്പെടണമെന്ന ആവശ്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിവരികയാണ്.

സര്‍വേഫലത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ദയാവധത്തിന് നിയമ സാധ്യത നല്‍കാനാവില്ലെന്ന് മന്ത്രി ലിയോ വരേദ്കര്‍ പ്രതികരിച്ചു. ആരോഗ്യ രംഗത്തെ വിദഗ്ദ്ധരുടെ നിര്‍ദ്ദേശങ്ങളും അതോടൊപ്പം നിയമോപദേശങ്ങളും തേടി മാത്രമായിരിക്കും അയര്‍ലന്‍ഡ് ഈ കാര്യത്തില്‍ ഒരു അന്തിമ തീരുമാനത്തില്‍ എത്തുന്നത് എന്നും മന്ത്രി വ്യക്തമാക്കി. ലോകത്ത് ആദ്യമായി ദയാവധം നടപ്പിലാക്കിയത്. നെതര്‍ലാന്‍ഡ്സിലാണ്. തുടര്‍ന്ന് യൂറോപ്പിലെ ബെല്‍ജിയം, ലക്‌സംബര്‍ഗ്ഗ് തുടങ്ങിയ രാജ്യങ്ങളും ദയാവധത്തിന് നിയമാനുവധി നല്‍കിയിരുന്നു.

Share this news

Leave a Reply

%d bloggers like this: