അലിഗഡ്, ജാമിയ മിലിയ സർവകലാശാലകളിൽ പൗരത്വ ഭേദഗതി ബില്ലിനെതിരെ നടന്ന സമരത്തെ അടിച്ചമർത്തി പോലീസ്

യുപി: വടക്കൻ സംസ്ഥാനങ്ങളിലെ സർവകലാശാലകളിൽ പൗരത്വ ബില്ലിനെതിരെയുള്ള സമരം ശക്തിയാർജ്ജിക്കുന്നു. അലിഗഡ്, ജാമിയ മിലിയ സർവകലാശാലകളിൽ പ്രതിഷേധം അടിച്ചമർത്താൻ ക്യാമ്പസിൽ പോലീസ് പ്രവേശിച്ചത് വലിയ വിവാദം സൃഷ്ടിച്ചു. കോളേജിന്റെ അനുമതിയില്ലാതെ പോലീസ് സന്നാഹം ക്യാമ്പസുകളിൽ കണ്ണീർവാതക പ്രയോഗവും നടത്തി. ജാമിയ മിലിയയിൽ താൻ വിദ്യാർത്ഥികൾക്കൊപ്പമാണെന്ന് വൈസ് ചാൻസിലർ നജ്മ അക്തർ വ്യക്തമാക്കി. വിദ്യാർത്ഥികൾ ഒറ്റയ്ക്കല്ലെന്നും താനും അവർക്കൊപ്പമുണ്ടെന്നും വൈസ് ചാൻസിലർ പറഞ്ഞു. ഇവിടെനിന്നും അറസ്റ്റ് ചെയ്ത വിദ്യാർത്ഥികളെ മുഴുവൻ ഇന്ന് രാവിലെ വിട്ടയച്ചു. വിദ്യാര്‍ത്ഥികൾ പൊലീസ് സ്റ്റേഷനുകൾ വളയാൻ തുടങ്ങിയതോടെയാണ് ഇവരെ വിട്ടയച്ചത്.

വിദ്യാർത്ഥികളെ ആക്രമിച്ച പൊലീസ് നടപടിയെ വിമർശിച്ച് ഇന്ന് അതിരാവിലെത്തന്നെ വൈസ് ചാൻസലർ നജ്മ അക്തർ രംഗത്തെത്തിയിരുന്നു. പൊലീസിനെ കാമ്പസ്സിലേക്ക് കെട്ടഴിച്ചു വിട്ടതിൽ ഉന്നതാധികാരികളോട് താൻ പരാതിപ്പെടുമെന്നും അവർ പറയുകയുണ്ടായി. കോളജ് കാമ്പസ്സുകളിലേക്കോ സര്‍വ്വകലാശാലകളിലേക്കോ പൊലീസിന് പ്രവേശിക്കണമെങ്കിൽ പ്രിൻസിപ്പാളുടെ/വൈസ് ചാൻസലറുടെ അനുമതി ആവശ്യമാണ്.

പിൻസിപ്പാൾ/വൈസ് ചാൻസലർ നിയോഗിക്കുന്ന ഒരു ഉദ്യോഗസ്ഥന്റെ നിരീക്ഷണത്തിൽ മാത്രമേ പൊലീസിന് അകത്തേക്ക് കടക്കാനാകൂ. ഈ ചട്ടങ്ങളെല്ലാം ലംഘിക്കപ്പെട്ടിരിക്കുകയാണ് ജാമിയ മില്ലിയ ഇസ്ലാമിയ സർവ്വകലാശാലയിൽ‌. കാമ്പസ്സിനകത്തേക്ക് കടന്ന പൊലീസ് ലൈബ്രറിയിൽ നിന്നും ടോയ്‌ലറ്റില്‍ നിന്നുമെല്ലാം വിദ്യാർത്ഥികളെ പിടികൂടി കൊണ്ടുപോകുകയായിരുന്നു.

വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. പൗരത്വ നിയമ ഭേദഗതിക്കെതിരെ വിദ്യാര്‍ത്ഥി പ്രക്ഷോഭം തുടങ്ങിയ സാഹചര്യത്തില്‍ അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റി കാമ്പസ് ഇന്ന് ഒഴിപ്പിക്കുമെന്ന് ഉത്തര്‍പ്രദേശ് പോലീസ് അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: