യുകെ യിൽ നിന്നും സ്കോട്ലൻഡ് സ്വാതന്ദ്ര്യം ആവശ്യപ്പെട്ടേക്കുമെന്ന് സൂചന

എഡിൻബർഗ്: ഇക്കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ സ്കോട്ട്ലൻഡിൽ 59 സീറ്റിൽ 48 എണ്ണവും നേടിയ സ്‌കോട്ട്‌ലൻഡ്‌ നാഷണൽ പാര്‍ട്ടി (എസ്‌എൻപി) ബോറിസ് ജോൺസണ് തലവേദനയായേക്കുമെന്ന് സൂചന. ബ്രിട്ടനിൽ നിന്ന്‌ സ്വാതന്ത്ര്യം വേണമെന്ന് പതിറ്റാണ്ടുകളായി ആവശ്യപ്പെടുന്ന പാര്‍ട്ടിയാണ് എസ്‌എൻപി. യുകെ യുടെ മറ്റു പ്രദേശങ്ങളില്‍നിന്നും വ്യത്യസ്തമായി സ്കോട്ടിഷ് ജനത ആഗ്രഹിക്കുന്ന ഭാവി വേറെയാണെന്നാണ് തിരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്നതെന്ന്’ സ്കോട്ടിഷ് നാഷണൽ പാർട്ടിയുടെ നേതാവായ നിക്കോള സ്റ്റർജിയൻ ഇതിനകം പറഞ്ഞുകഴിഞ്ഞു.

ഇംഗ്ലണ്ടിനെ യൂറോപ്യന്‍ യൂണിയനില്‍ നിന്നും പിന്‍വലിക്കാനുള്ള അനുവാദമാണ് ഈ തിരഞ്ഞെടുപ്പ് ഫലം ബോറിസ് ജോണ്‍സണ് നല്കിയിരിക്കുന്നത്, സ്കോട്ട്ലന്‍ഡിനെ പിന്‍വലിക്കാനുള്ളതല്ല’, സ്റ്റര്‍ജന്‍ പറഞ്ഞു. സ്കോട്ട്ലന്‍ഡിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി മറ്റൊരു ഹിതപരിശോധനയ്ക്കുള്ള സാധ്യത സ്റ്റര്‍ജന്‍ തള്ളിക്കളഞ്ഞില്ല. ഇംഗ്ലണ്ടും സ്‌കോട്ട്‌ലൻഡും വെയിൽസും ഉത്തര അയർലൻഡും ചേർന്ന യുകെ യിൽ, 6.6 കോടി വരുന്ന ബ്രിട്ടീഷ്‌ ജനസംഖ്യയിൽ 5.6 കോടിയും ഇംഗ്ലണ്ടിലാണ്‌.

കൺസർവേറ്റിവ്‌ പാർടിക്ക്‌ ലഭിച്ച 365 സീറ്റിൽ 345 എണ്ണവും അവിടെനിന്നാണ്‌. വരുന്ന ജനുവരി 31-നകം ബ്രിട്ടനെ യൂറോപ്യൻ യൂണിയനിൽനിന്ന്‌ പുറത്തെത്തിക്കുമെന്ന്‌ ബോറിസ്‌ ജോൺസൻ വ്യക്തമാക്കിയിട്ടുണ്ട്‌. എന്നാൽ, യൂറോപ്യൻ യൂണിയനിൽതന്നെ തുടരണം എന്ന്‌ ആഗ്രഹിക്കുന്ന സ്‌കോട്ടിഷ്‌, ഐറിഷ്‌ ജനതകൾ ബ്രെക്‌സിറ്റ്‌ ഹിതപരിശോധനയിൽ എതിർത്താണ്‌ വോട്ട്‌ ചെയ്‌തത്‌. ഇംഗ്ലണ്ടിന്റെ താൽപ്പര്യത്തിന്‌ വഴങ്ങി തങ്ങളുടെ താൽപ്പര്യം ബലി കഴിക്കാനാകില്ലെന്നാണ്‌ സ്‌കോട്ട്‌ലൻഡിന്‍റെ നിലപാട്‌.

Share this news

Leave a Reply

%d bloggers like this: