ക്രിസ്മസിനെ വരവേറ്റുകൊണ്ട് പെയേഴ്‌സ് സ്റ്റേഷനിലെ പിയാനോ പ്രൗഢിയോടെ തിരിച്ചെത്തി

ഡബ്ലിൻ: പെയേഴ്‌സ് സ്റ്റേഷനിൽ നിന്നും വീണ്ടും കാതുകൾക്ക് കുളിരേകുന്ന ആ നാദം കേൾക്കാം. കഴിഞ്ഞ മാസം സാമൂഹ്യവിരുദ്ധരുടെ ആക്രമണത്തിൽ തകർന്ന വർണ്ണവിസ്മയമായ പിയാനോ തിരിച്ചെത്തിയത് പെയേഴ്‌സ് സ്റ്റേഷൻവഴി കടന്നുപോകുന്നവരെ ആവേശത്തിലാഴ്ത്തി. സ്റ്റേഷനിൽ എത്തുന്നവർക്ക് പിയാനോ വായിക്കാനും, അല്ലാത്തവർക്ക് ഇത് കേട്ട് ആസ്വദിക്കാനും കഴിയുന്ന ഈ സംഗീതോപകരണത്തെ ആരൊക്കയോ ചേർന്ന് നിശ്ചലമാക്കിയതോടെ പിയാനോ തിരിച്ചെത്തണമെന്ന ആവശ്യവുമായി യാത്രക്കാർ ഐറിഷ് റയിൽവെയെ സമീപിക്കുകയായിരുന്നു.

പിയാനോ ട്യൂണർ ആയ ജോൺ മർഫി യുകെ യിൽ നിന്നും പിയാനോയുടെ നഷ്ടപെട്ട പല ഭാഗങ്ങളും ഓർഡർ ചെയ്തു വരുത്തി, ദിവസങ്ങൾ നീണ്ട റിപെയർ നടത്തിയാണ് വീണ്ടും പെയേഴ്‌സ് സ്റ്റേഷനിൽ പിയാനോ പഴയ രൂപത്തിലേക്ക് തിരിച്ചെത്തിച്ചത്. ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകളും സ്റ്റേഷനിൽ ഒരുക്കും. ആദ്യമായി അയർലൻഡിലെ ഒരു സ്റ്റേഷനിൽ സ്ഥിരമായ ഒരു വാദ്യോപകരണം ആയി എത്തിയതും ഈ പിയാനോ ആയിരുന്നു. 2017 സെപ്റ്റംബറിൽ ആയിരുന്നു പിയാനോ പെയേഴ്‌സ് സ്റ്റേഷനിൽ എത്തിയത്.

നിലവിൽ ഡബ്ലിനിലെ തന്നെ കൊണോലി, ഹ്യുസ്റ്റൺ സ്റ്റേഷനുകളിൽ പിയാനോ ഒരുക്കിയിട്ടുണ്ട്. ഡബ്ലിന് പുറമെ കോർക്ക്, ലീമെറിക്ക്, വാട്ടർഫോർഡ് നഗരങ്ങളിലെ സ്റ്റേഷനുകളിലും പിയാനോ ഉണ്ട്. എങ്കിലും ആദ്യമായി പെയേഴ്‌സ്ൽ എത്തിയ ഈ പിയാനോ യാത്രക്കാരുടെ സവിശേഷ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

Share this news

Leave a Reply

%d bloggers like this: