പൗരത്വ ബില്ലിന്റെ പ്രത്യാഘാതം: ജാർഖണ്ഡിൽ തകർന്നടിഞ്ഞ് ബിജെപി…

ജാർഖണ്ഡിൽ കോൺഗ്രസ്-ജെഎംഎം സഖ്യം കേവലഭൂരിപക്ഷം നേടുമെന്ന സൂചനയോടെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. 81 അംഗ നിയമസഭയിൽ 41 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിനാവശ്യം. ഏറ്റവുമൊടുവിലത്തെ റിപ്പോർട്ടുകള്‍ പ്രകാരം കോൺഗ്രസ് 40-41 സീറ്റുകളിൽ ലീഡ് ചെയ്യുന്നുണ്ട്. അതെസമയം സംസ്ഥാനത്ത് ബിജെപി തകർന്നടിഞ്ഞിരിക്കുകയാണെന്ന് ലഭ്യമായ കണക്കുകൾ കാണിക്കുന്നു. ആകെ 27 സീറ്റുകളിലാണ് ബിജെപി നിലവിൽ ലീഡ് ചെയ്യുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലേതിനെക്കാൾ പത്ത് സീറ്റ് പിറകിലാണിത്.

ബാബരി മസ്ജിദ് വിധിക്കും പൗരത്വ ബില്ലിന്റെ പാസ്സാകലിനും ശേഷം വരുന്ന ആദ്യത്തെ ജനവിധിയാണിത്. എൻഡിഎ സഖ്യത്തിൽ നിന്നും മാറി ഒറ്റയ്ക്ക് മത്സരിക്കുന്ന ജാർഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയൻ ആറ് സീറ്റുകളിൽ ആധിപത്യം തുടരുകയാണ്. ഈ ലീഡ് നില തുടർന്നാൽ മുൻ തെരഞ്ഞെടുപ്പിൽ നേടിയതിനെക്കാൾ ഒരു സീറ്റ് അധികം നേടാൻ പാർട്ടിക്ക് സാധിച്ചേക്കും.

ജാര്‍ഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയനും ജാർഖണ്ഡ് വികാസ് മോർച്ചയും കിങ് മേക്കർ പാർട്ടികളായി മാറാനുള്ള സാധ്യത നിലനിന്നിരുന്നു. ഇരു പാർട്ടികളുടെയും നേതാക്കളെ തേടി വലിയ പാര്‍ട്ടികളുടെ നേതാക്കളുടെ വിളികൾ വന്നിരുന്നു. നിലവിലെ കണക്കുകൾ വെച്ചു നോക്കുമ്പോൾ ബിജപിക്ക് അധികാരത്തിലേറുക ഒരു തരത്തിലും സാധ്യമല്ല.

കോൺഗ്രസ്-ജെഎംഎം സഖ്യത്തിലില്ലാത്ത എല്ലാ കക്ഷികള്‍ ചേർന്നാലും ഇത് സാധ്യമല്ലെന്നതാണ് സ്ഥിതി. വോട്ടെണ്ണലിന്റെ തുടക്കത്തിൽ വികാസ് പാര്‍ട്ടിയുടെ ബാബുലാൽ മറാൻഡിയെയും സ്റ്റുഡന്റ്സ് യൂണിയന്റെ സുദേഷ് മഹ്തോയെയും ബിജെപി ബന്ധപ്പെട്ടിരുന്നെന്ന് റിപ്പോർട്ടുകളുണ്ട്. ഇപ്പോൾ താൻ എൻഡിഎയോടൊപ്പമോ യുപിഎയോടൊപ്പമോ ഇല്ലെന്നും ജനങ്ങൾക്കൊപ്പമാണെന്നുമാണ് ബാബുലാൽ മറാൻഡി പറയുന്നത്. രണ്ട് നേതാക്കളും മത്സരിക്കുന്നുണ്ട്. ഇരുവരും താന്താങ്ങളുടെ മണ്ഡലങ്ങളിൽ ലീഡ് ചെയ്യുന്നതായാണ് വിവരം.

Share this news

Leave a Reply

%d bloggers like this: