ആരാണ് യഥാർഥ ഇന്ത്യക്കാരൻ?ആരാണ് ഭൂരിപക്ഷം?? ശശി തരൂർ എഴുതുന്നു

1947 ഓഗസ്റ്റ് 14-ന് അർധരാത്രി, ‘നിയതിയുമായുള്ള സമാഗമ’മെന്ന വിഖ്യാത പ്രസംഗത്തിലൂടെ ജവാഹർലാൽ നെഹ്രു സ്വതന്ത്ര ഇന്ത്യയുടെ പിറവി ലോകത്തെ അറിയിച്ചു-പഴയതിൽനിന്ന് പുതിയതിലേക്ക് കടന്നപ്പോൾ, ഒരു യുഗത്തിന് അന്ത്യം കുറിച്ച് കാലങ്ങളായി അടിച്ചമർത്തപ്പെട്ടുകിടന്നിരുന്ന ഇന്ത്യയുടെ ആത്മാവിന് അതിന്റെ ശബ്ദം തിരികെ ലഭിച്ചപ്പോൾ, അത് ചരിത്രത്തിലെ അത്യപൂർവനിമിഷമായി. ഇന്ത്യൻ ഭരണത്തിൽ സ്തുത്യർഹമായ ഒരു പരീക്ഷണത്തിനാണ് നെഹ്രു തന്റെ വാക്കുകളിലൂടെ തുടക്കം കുറിച്ചത്. വിൻസ്റ്റൺ ചർച്ചിൽ ഒരിക്കൽ അലറിപ്പറഞ്ഞു “കേവലം ഭൂമിശാസ്ത്രപരമായ ആവിഷ്കാരം മാത്രമാണ് ഇന്ത്യ. ഇന്ത്യയെന്ന ഐക്യരാഷ്ട്രം ഭൂമധ്യരേഖപോലെ സാങ്കല്പികമാണ് “-ഇന്ത്യയെക്കുറിച്ചുള്ള ചർച്ചിലിന്റെ ബോധം പൂർണമായും തെറ്റാണ്. എന്നാൽ, വിവിധ വംശങ്ങളുടെ, എണ്ണിയാലൊടുങ്ങാത്ത ഭാഷകളുടെ, വൈവിധ്യമാർന്ന ഭൂപ്രകൃതിയുടെ, കാലാവസ്ഥയുടെ, നാനാ മതങ്ങളുടെ, സംസ്കാരങ്ങളുടെ, ആചാരങ്ങളുടെ സങ്കലനമായ, സാമ്പത്തികവികാസത്തിൽ ഉന്നതതലത്തിലേക്ക് വളർന്നു കയറിയ ഇന്ത്യയെപ്പോലെ മറ്റൊരു രാജ്യം ലോകത്തില്ലെന്നതാണ് സത്യം.

ഇന്ത്യ എന്ന അദ്ഭുതം
ഈ നാനാത്വങ്ങളുടെയെല്ലാം ആകെത്തുകയേക്കാൾ എത്രയോ മുകളിലാണ് ഇന്ത്യ. ഇന്ത്യയെക്കുറിച്ചുള്ള ഒരു വസ്തുത, അതേക്കുറിച്ചുതന്നെയുള്ള മറ്റൊരു വസ്തുത കൊണ്ട് എളുപ്പത്തിൽ ഖണ്ഡിക്കാവുന്നതാണ്. ഇന്ത്യയെക്കുറിച്ച് നിങ്ങൾ പറയുന്നതിന്റെയെല്ലാം മറുവാദവും ശരിയായിരിക്കുമെന്ന് തമാശയായി ഒരു ചൊല്ലു തന്നെയുണ്ട്. ദേശീയമുദ്രയിൽ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്ന “സത്യമേവ ജയതേ” എന്നതാണ് നമ്മുടെ ദേശീയ സൂക്തം. സത്യമേവ ജയതേയെന്നാൽ ‘സത്യം മാത്രം ജയിക്കുന്നു’ എന്നർഥം. അവിടെയൊരു ചോദ്യമുയരുന്നു “വിജയിക്കേണ്ടത് ആരുടെ സത്യം? കോടിക്കണക്കിന് ഉത്തരങ്ങൾ ലഭിക്കുന്നൊരു ചോദ്യമാണത്.സ്വാതന്ത്ര്യാനന്തരമുള്ള നമ്മുടെ 72 വർഷത്തെ ചരിത്രത്തിൽ, നമ്മെ വിഭജിക്കുന്ന മതം, സമുദായം, ജാതി,ഭാഷ, വംശം എന്നിവയിലേക്ക് മുമ്പെങ്ങുമില്ലാത്ത തരത്തിൽ രാജ്യം കൂടുതൽ ചായുന്നുവെന്ന് നിരീക്ഷകർ പറയുന്നു. ഇന്ത്യയെന്ന രാജ്യത്തെ രൂപപ്പെടുത്തുന്നത് എന്താണ്?ആ ചോദ്യത്തിന് ഉത്തരം തേടുന്പോൾ, ഒരു ഇറ്റാലിയൻ ഉദാഹരണം മനസ്സിലേക്കെത്തുന്നുണ്ട്. നിങ്ങളുദ്ദേശിക്കുന്ന ആ ‘ഇറ്റാലിയൻ’ ഉദാഹരണമല്ല. പ്രഭുത്വ ദുഷ്ഭരണത്തിൽനിന്ന് ഇറ്റലിക്ക് സ്വാതന്ത്ര്യം നൽകിയ 19-ാം നൂറ്റാണ്ടിലെ പ്രക്ഷോഭത്തിനിടെ, ഇറ്റാലിയൻ ദേശീയവാദിയായ മാസ്സിമോ ടാപറേലി ഇങ്ങനെ എഴുതി: ‘നമ്മൾ ഇറ്റലിയെ സൃഷ്ടിച്ചിരിക്കുന്നു. ഇനി വേണ്ടത് ഇറ്റലിക്കാരെ സൃഷ്ടിക്കുകയാണ്’. വിചിത്രമെന്നു പറയട്ടെ, ഒരു ഇന്ത്യൻ ദേശീവാദിയും ഇതേരീതിയിൽ “ഞങ്ങൾ ഇന്ത്യയെ സൃഷ്ടിച്ചു, ഇനി ഇന്ത്യക്കാരെ സൃഷ്ടിക്കണം” എന്ന ചിന്ത പ്രകടിപ്പിക്കാനുള്ള പ്രലോഭനത്തിന് അടിപ്പെട്ടില്ല. ഇന്ത്യൻ ദേശീയതയുടെ പ്രമുഖശബ്ദമായ നെഹ്രുവിൽപ്പോലും അങ്ങനെയൊരു വികാരം ഒരിക്കലും ഉടലെടുത്തില്ല. കാരണം, ഇന്ത്യയുടെയും ഇന്ത്യക്കാരുടെയും സഹസ്രാബ്ദങ്ങളായുള്ള അസ്തിത്വത്തിൽ അദ്ദേഹത്തിന് വിശ്വാസമുണ്ടായിരുന്നു. ഇന്ത്യയെയോ ഇന്ത്യക്കാരെയോ സൃഷ്ടിക്കുന്നതിനെക്കുറിച്ച് അദ്ദേഹമൊരിക്കലും പറഞ്ഞില്ലെന്നു മാത്രമല്ല, മറിച്ച് ദീർഘനാളായി അടിച്ചമർത്തപ്പെട്ടത ജനതയുടെ പുനരുജ്ജീവനത്തിനായുള്ള വക്താവായി മാത്രം അദ്ദേഹം പ്രവർത്തിച്ചു.എന്നിരുന്നാലും, 1947-ൽ സ്വതന്ത്രയാകുമ്പോൾ ഒരു പുതിയ സൃഷ്ടിയുടെ അതേ ഭാവത്തിൽ തന്നെയായിരുന്നു ഇന്ത്യ. ലഡാക്കുകാരനും ലക്ഷദ്വീപുകാരനും ആദ്യമായി ഒരേ രാജ്യത്തെ പൗരന്മാരാകുന്നു, പഞ്ചാബിയും പഞ്ചാബിയും ആദ്യമായി വേർപിരിക്കപ്പെടുന്നു, ഡൽഹി ഭരിക്കുന്ന കശ്മീരി പണ്ഡിറ്റിനെ അനുസരിക്കാൻ കേരളത്തിലെ കർഷകനോട് ആവശ്യപ്പെടുന്നു അങ്ങനെയങ്ങനെ. ഇന്ത്യക്കാരെ ‘സൃഷ്ടിക്കുക’ എന്ന വെല്ലുവിളിയെക്കുറിച്ച് നെഹ്രുവിന് എഴുതേണ്ടിവന്നില്ല. കാരണം, ദേശീയ പ്രസ്ഥാനം വളരെ മുമ്പുതന്നെ ഇന്ത്യക്കാരെ സൃഷ്ടിച്ചുകഴിഞ്ഞിരുന്നു.ഒരു ചെറിയ ഉദാഹരണത്തിലൂടെ ഇക്കാര്യം വിശദമാക്കാം. 1996-ൽ 49-ാം സ്വാതന്ത്ര്യദിനാഘോഷവേളയിൽ അന്നത്തെ നമ്മുടെ പ്രധാനമന്ത്രിയായിരുന്ന എച്ച്.ഡി. ദേവഗൗഡ ഇന്ത്യയുടെ ‘ദേശീയ ഭാഷ’യായ ഹിന്ദിയിൽ ചെങ്കോട്ടയിൽ സ്വാതന്ത്ര്യദിന പ്രസംഗം നടത്തി. 48 വർഷത്തെ സ്വാതന്ത്ര്യ ചരിത്രത്തിൽ എട്ടു പ്രധാനമന്ത്രിമാർ ഹിന്ദിയിൽ പ്രസംഗിച്ചിരുന്നു. എന്നാൽ, ദക്ഷിണേന്ത്യയിലെ, കർണാടകത്തിൽനിന്നുള്ള ദേവഗൗഡ അദ്ദേഹത്തിനു ഒരു വാക്കുപോലുമറിയാത്ത ഹിന്ദിയിൽ പ്രസംഗിച്ചത് അസാധാരണ സംഭവമായി. ആചാര-രാഷ്ട്രീയ കാരണങ്ങൾ അത് ആവശ്യപ്പെട്ടിരുന്നുവെന്നതിനാൽ അദ്ദേഹം അങ്ങനെ ചെയ്തു. ഹിന്ദി പ്രസംഗം കന്നടയിലെഴുതിയാണ് ദേവഗൗഡ വായിച്ചത്.ഇന്ത്യയിലല്ലാതെ മറ്റെവിടെയും ഇത്തരമൊന്ന് സങ്കല്പിക്കാനാകില്ല. ഇന്ത്യയെന്ന രാജ്യത്തെ രൂപപ്പെടുത്താൻ സഹായിച്ച അപൂർവതകളെ പ്രതിനിധാനം ചെയ്യുന്നതായിരുന്നു ആ സംഭവം. രാജ്യത്തിന്റെ ‘ദേശീയ ഭാഷ’ പോലും വശമില്ലാത്ത ഒരാൾ ആ രാജ്യത്തിന്റെ ഭരണത്തലവനാകുന്നത് ഇന്ത്യയിൽ മാത്രം സംഭവിക്കാവുന്ന ഒന്നാകാം. അതുകൊണ്ടുതന്നെ, ഇന്ത്യയ്ക്ക് ഒരു ദേശീയഭാഷയുണ്ടോ? ജനസംഖ്യയുടെ പകുതിപ്പേർക്കും വശമില്ലാത്ത ദേശീയഭാഷ. ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച പിന്നണിഗായകരിലൊരാളായ കെ.ജെ. യേശുദാസ് ഹിന്ദി സിനിമാഗാനങ്ങൾ മലയാളത്തിലെഴുതി പാടിയതും പ്രധാനമന്ത്രി ഹിന്ദിയിലെ സ്വാതന്ത്ര്യദിനപ്രസംഗം കന്നടയിലെഴുതി വായിച്ചതുമെല്ലാം ഇന്ത്യയുടെ ബഹുസ്വരതയെ ഉറപ്പിക്കുന്നതാണ്.

ആരാണ് ഭൂരിപക്ഷം
നാമെല്ലാം ഇന്ത്യയിൽ ഒരു ന്യൂനപക്ഷം മാത്രമാണ്. ഉത്തർപ്രദേശിൽനിന്നുള്ള, ഹിന്ദുവായ, ഹിന്ദി സംസാരിക്കുന്ന ഒരു പുരുഷന് ഞാൻ ഇന്ത്യയിലെ ‘ഭൂരിപക്ഷത്തെ’ പ്രതിനിധാനം ചെയ്യുന്നുവെന്ന തോന്നൽ സ്വാഭാവികമായുമുണ്ടാകും. എന്നാൽ, യാഥാർഥ്യം അങ്ങനെയാണോ? ഹിന്ദുവെന്ന നിലയിൽ അദ്ദേഹം ജനസംഖ്യയുടെ 80 ശതമാനത്തെ പ്രതിനിധാനം ചെയ്യുന്നുണ്ടാകാം. എന്നാൽ, രാജ്യത്തെ ഭൂരിപക്ഷം സംസാരിക്കുന്നത് ഹിന്ദിയല്ല, ഭൂരിപക്ഷം പേരും ജീവിക്കുന്നത് ഉത്തർപ്രദേശിലുമല്ല. ഇനി അദ്ദേഹം മറ്റൊരു സംസ്ഥാനത്ത്, ഉദാഹരണത്തിന് കേരളത്തിലെത്തിയെന്നിരിക്കട്ടെ, അവിടെഭൂരിപക്ഷം പുരുഷന്മാരല്ല, സ്ത്രീകളാണ്. തെളിച്ചുപറഞ്ഞാൽ, ഇന്ത്യയിലെ ഏതെങ്കിലുമൊരു റെയിൽവേസ്റ്റേഷനിൽ അവിടെ കൂടുന്ന ബഹുവർണ ജനക്കൂട്ടത്തോട് (തൊലിയുടെ നിറമാണ് ഞാനുദ്ദേശിച്ചത്, അവരുടെ വസ്ത്രത്തെയല്ല) ഒരിത്തിരി നേരം സംസാരിച്ചാൽ യു.പി.യിൽനിന്നുള്ള ആ ഹിന്ദുപുരുഷന് മനസ്സിലാകും താനെത്രമാത്രം ന്യൂനപക്ഷമാണെന്ന്. അദ്ദേഹത്തിന്റെ ഹിന്ദുത്വംപോലും ഭൂരിപക്ഷത്തിന്റേതാണെന്ന് യാതൊരുറപ്പുമില്ല. ഏതു ജാതിയാനുസരിച്ച് അദ്ദേഹം വീണ്ടും വീണ്ടും ന്യൂനപക്ഷമായിക്കൊണ്ടിരിക്കും. ബ്രാഹ്മണനാണെങ്കിൽ, 90 ശതമാനം ഇന്ത്യക്കാരും ബ്രാഹ്മണനല്ല, ഇനി അല്പം പിന്നാക്കമായ യാദവനാണെന്നിരിക്കട്ടെ, 85 ശതമാനം ഇന്ത്യക്കാരും യാദവരുമല്ല.ഇനി ഭാഷയുടെ കാര്യമെടുത്താൽ, ഭരണഘടന അംഗീകരിച്ചിട്ടുള്ളത് 23 എണ്ണമാണെങ്കിലും ഇന്ത്യയിൽ 35 ഭാഷകളുണ്ട്. വെറും പ്രാദേശിക ഭാഷ മാത്രമല്ല, സ്വന്തം ലിപിയും വ്യാകരണഘടനയും സാംസ്കാരിക അംഗീകാരവുമുള്ള ഭാഷകളാണിവ. ഇവയ്ക്കുള്ളിലെ പ്രാദേശികഭേദം കണക്കിലെടുത്താൽ 22,000-ത്തിലേറെ വകഭേദങ്ങളുണ്ടാകും. ഈ ഭാഷാവകഭേദങ്ങൾ സംസാരിക്കുന്നവർ ഭാഷാ ന്യൂനപക്ഷങ്ങളായി വരും. ചുരുക്കത്തിൽ ഭൂരിപക്ഷ പദവിയുള്ള ആരും ഇന്ത്യയിലില്ല. ബോളിവുഡ് പാട്ടുകളോട് നന്ദി പറയുന്നു. ജനസംഖ്യയുടെ പകുതിപ്പേർക്കും ഹിന്ദി നന്നായി സംസാരിക്കാനറിയില്ലെങ്കിലും കേട്ടാൽ മനസ്സിലാകുമെന്ന തരത്തിലെത്തിച്ചതിൽ ഹിന്ദി സിനിമാപ്പാട്ടുകൾക്ക് പങ്കുണ്ട്. പക്ഷേ, അതിനർഥം ഹിന്ദി ഭൂരിപക്ഷത്തിന്റെ ഭാഷയാണെന്നല്ല. ദക്ഷിണ, വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലെ ഭൂരിഭാഗം ഇന്ത്യക്കാർക്കും ഹിന്ദിയുടെ ഭാഷാശൈലിയും ലിംഗനിയമങ്ങളും ലിപിയുമെല്ലാം ഇപ്പോഴും അപരിചിതമാണ്.ഭൂരിപക്ഷ സമുദായത്തിന്റെ ധാരണകളെ കൂടുതൽ സങ്കീർണമാക്കുന്ന മറ്റൊന്നാണ് വംശീയത. മിക്കപ്പോഴും ഒരു ഇന്ത്യക്കാരന്റെ പേരുപോലും അവന്റെ നാടും മാതൃഭാഷയും വെളിപ്പെടുത്തുന്നു; നമ്മൾ സ്വയം പരിചയപ്പെടുത്തുമ്പോൾ നമ്മുടെ ഉദ്ഭവത്തെ പരസ്യപ്പെടുത്തുകയാണ് ചെയ്യുന്നത്. നഗരങ്ങളിലെ വരേണ്യവർഗക്കാർക്കിടയിൽ നടക്കുന്ന ചുരുക്കം ചില മിശ്രവിവാഹങ്ങൾ ഒഴികെ, ഇന്ത്യക്കാർ ഇപ്പോഴും അവനവന്റെ വംശത്തിൽനിന്നുതന്നെ വിവാഹം കഴിക്കുന്നവരാണ്. ബംഗാളികളെ പഞ്ചാബികളിൽനിന്നും എളുപ്പത്തിൽ തിരിച്ചറിയാം. പൊതുഘടകങ്ങളെക്കാൾ കൂടുതലായി ഇത് പ്രതിഫലിപ്പിക്കുന്ന വ്യത്യാസം തിരിച്ചറിയാം. ഒരു കർണാടക ബ്രാഹ്മണനും ബിഹാറി കുമ്രിയും സമാന ഹിന്ദുവിശ്വാസം പങ്കുവെയ്ക്കുന്നവരാണ്. എന്നാൽ കാഴ്ചയിലും വസ്ത്രധാരണത്തിലും ആചാരത്തിലും രുചിയിലും ഭാഷയിലും രാഷ്ട്രീയവീക്ഷണത്തിലും ഇവർ തമ്മിൽ സാമ്യം എത്രയോ കുറവാണ്. അതുപോലെത്തന്നെ കേരളത്തിലെ ഒരു ഹിന്ദുവിന്, അതേ വിശ്വാസം പങ്കുവെക്കുന്ന ഹരിയാണയിലെ ജാട്ടുകളെക്കാൾ കൂടുതൽ അടുപ്പം കേരളത്തിലെ ക്രിസ്ത്യാനികളോടും മുസ്ലിങ്ങളോടുമായിരിക്കും.

വൈവിധ്യത്തിന്റെ വംശിയത
ഈ വ്യത്യാസങ്ങളെക്കുറിച്ച് ഞാൻ വീണ്ടുംവീണ്ടും പറയുന്നതെന്തിനായിരിക്കും? ഇന്ത്യൻ ദേശീയത എന്നത് അപൂർവയിനത്തിൽപ്പെട്ടതാണെന്ന് സൂചിപ്പിക്കുന്നതിനുവേണ്ടിയാണത്. ഒരു ഭാഷയിൽ അധിഷ്ഠിതമായ ഒന്നല്ല അത്. (ഭരണഘടനയോ വംശീയ ഭാഷാ വിദഗ്ധരോ പിന്തുടരുന്ന ഇരുപത്തിമൂന്നോ മുപ്പത്തഞ്ചോ ഭാഷകൾ ഉണ്ടെന്നുള്ളതുകൊണ്ട്). അത് ഒരു പ്രത്യേക ഭൂമിശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ളതുമല്ല (ഈ ഉപഭൂഖണ്ഡത്തിന്റെ സ്വാഭാവിക ‘പ്രകൃതി’ – കടലുകളും മലകളും കൂടിച്ചേർന്ന് ഉണ്ടായതാണ്- 1947-ലെ വിഭജനത്തിൽ അതു ഛിന്നഭിന്നമായി). വംശീയതയെ അടിസ്ഥാനമാക്കിയുള്ളതല്ല അത് (ഇന്ത്യൻ വംശീയത വൈവിധ്യത്തെ ഉൾക്കൊള്ളുന്ന ഒന്നാണ്. ദേശവാസികളെക്കാൾ വിദേശികളുമായി ഏറെ സാമ്യമുള്ള ഒട്ടേറെ ഇന്ത്യക്കാരുണ്ട്. ഇന്ത്യൻ പഞ്ചാബികൾ, ബംഗാളികൾ തുടങ്ങിയവർക്ക് പുണെ നിവാസികളോടും ബെംഗളൂരുകാരോടും ഉള്ളതിനെക്കാൾ സാമ്യം പാകിസ്താനികളോടും ബംഗ്ലാദേശികളോടുമാണ്). അതൊരിക്കലും മതാധിഷ്ഠിതവുമല്ല മനുഷ്യകുലത്തിലുള്ള എല്ലാ വിശ്വാസങ്ങളും ഇന്ത്യയിലുണ്ട്. കൂടാതെ ഒരു ദേശീയ സംഘടിത ഘടനയില്ലാത്ത, പ്രഖ്യാപിത പള്ളികളോ പൗരോഹിത ഉച്ഛനീചത്വങ്ങളോ ഇല്ലാത്ത, ഹിന്ദു പോപ്പില്ലാത്ത, ഹിന്ദു മക്ക ഇല്ലാത്ത, ആരാധനയ്ക്ക് പൊതുവായ ഒരു ഘടനയോ രീതിയോ വസ്ത്രധാരണരീതിയോ ഇല്ലാത്ത ഹിന്ദുത്വമെന്ന വിശ്വാസവും. അതാണ് നമ്മുടെ വൈവിധ്യവും സാംസ്കാരികത്തനിമയും.ഇന്ത്യൻ ദേശീയതയെന്നാൽ ഒരു ആശയത്തിന്റെ ദേശീയതയാണ്, എന്നന്നേക്കും ഭൂമി എന്ന ആശയമാണ്- പൗരാണിക നാഗരികതയിൽനിന്ന് പകുത്തെടുക്കപ്പെട്ട ചരിത്രങ്ങളാൽ ഒന്നിച്ചുചേർത്ത, വിവിധങ്ങളായ ജനാധിപത്യവിശ്വാസങ്ങളാൽ നിലനിർത്തിപ്പോരുന്ന ഒന്ന്.ഈ ഭൂമി അതിന്റെ പൗരന്മാരിൽ ഇടുങ്ങിയ നിയമങ്ങളോ ചിന്തകളോ നടപ്പാക്കുന്നില്ല: നിങ്ങൾക്ക് പലതോ അല്ലെങ്കിൽ ഒറ്റയായോ ഉള്ള ചിന്തകളുണ്ടാവാം. നിങ്ങൾക്ക് ഒരു നല്ല മുസ്ലിമോ നല്ല കേരളീയനോ നല്ല ഇന്ത്യക്കാരനോ ആകാം. ഈ വൈവിധ്യത്തെ ആഘോഷിക്കാത്തവരെന്നു മാത്രമല്ല, ഈ നാനാത്വം മനസ്സിലാകുകപോലും ചെയ്യാത്തവരാണ് ഇപ്പോൾ നമ്മളെ ഭരിക്കുന്നത് എന്നതാണ് ഇന്ത്യൻ റിപ്പബ്ലിക്കിന്റെ എഴുപതാം വാർഷികത്തിലെ ഏറ്റവും വലിയ ദുരന്തം.മിക്കപ്പോഴും ഒരു ഇന്ത്യക്കാരന്റെ പേരുപോലും അവന്റെ നാടും മാതൃഭാഷയും വെളിപ്പെടുത്തുന്നു; നമ്മൾ സ്വയം പരിചയപ്പെടുത്തുമ്പോൾ നമ്മുടെ ഉദ്ഭവത്തെ പരസ്യപ്പെടുത്തുകയാണ് ചെയ്യുന്നത്

Share this news

Leave a Reply

%d bloggers like this: