ഡോ. കെ. ജേക്കബ് റോയ് അന്തരിച്ചു;വിടവാങ്ങിയത് അയർലണ്ടിൽ പഠിച്ച്  അൽഷൈമേഴ്‌സ് രോഗത്തെ ഇന്ത്യക്ക് പരിചയ പെടുത്തിയ വ്യക്തി

അൽഷൈമേഴ്‌സ് സൊസൈറ്റി സ്ഥാപകൻ ഡോ. കെ. ജേക്കബ് റോയ് (67) അന്തരിച്ചു. സംസ്കാരം നാളെ ഉച്ചയ്ക്ക് മുളന്തുരുത്തി വെട്ടിക്കൽ തേവനാൽ മാർ ബഹനാൻ ഓർത്തഡോക്സ് പള്ളിയിൽ.

 കുന്നംകുളം മലങ്കര മെഡിക്കൽ മിഷൻ ആശുപത്രിയിൽ ശിശുരോഗ വിദഗ്ധനായി 35 വർഷം സേവനം അനുഷ്ഠിച്ച ഡോ. ജേക്കബ് റോയി ആയിരുന്നു അൽസ്ഹൈമേഴ്സ് രോഗത്തെ അതിന്റെ യഥാർഥ ഗൗരവത്തിൽ ഇന്ത്യയിൽ പരിചയപ്പെടുത്തിയത്. മനോദൗർബല്യം എന്നു കരുതി അവഗണിച്ചിരുന്ന അൽഷൈമേഴ്‌സ് രോഗികൾക്കു വേണ്ടി 30 വർഷം അദ്ദേഹം രാപകൽ പ്രവർത്തിച്ചു. 


പിതാവ് ഓലിയിൽ കൂനപ്പിള്ളിൽ ഓ.സി. കുര്യാക്കോസ് കോറെപ്പിസ്കോപ്പയുടെ മരണകാരണം അൽഷൈമേഴ്‌സ് ആണെന്ന് തിരിച്ചറിയാൻ ഡോക്ടറായ തനിക്കു പോലും കഴിഞ്ഞില്ലല്ലോ എന്ന വിഷമത്തെത്തുടർന്നാണ് അദ്ദേഹം ഈ രോഗത്തെക്കുറിച്ചു കൂടുതൽ പഠിക്കുന്നത്.


അയർലൻഡിലായിരുന്നു മറവി രോഗങ്ങളെക്കുറിച്ചുള്ള തുടർ പഠനം. 1980 ല്‍ ഡബ്ലിനിലെ  നാഷണല്‍ കോളജ് ഓഫ് അയര്‍ലണ്ടില്‍ പഠനത്തിനു ചേർന്നുനാഷണൽ കോളേജിലെ പഠനത്തിനു ശേഷം ഡബ്ലിനിലെ യൂ സി ഡിയില്‍ ചേര്‍ന്ന് ചൈല്‍ഡ് ഹെല്‍ത്തിലും ,അല്‍സ്ഹൈമേഴ്സിലും പ്രത്യേക ഗവേഷണങ്ങള്‍ നടത്തി.പിന്നീട് നാലു വർഷം ഡബ്ലിനിൽ അദ്ദേഹം ജോലിയും ചെയ്തു.1992 യിൽ  അൽസ്ഹൈമേഴ്സ് ആൻഡ് റിലേറ്റഡ് ഡിസോർഡേഴ്സ് സൊസൈറ്റി ഓഫ് ഇന്ത്യ (എആർഡിഎസ്ഐ) എന്ന സന്നദ്ധ സംഘടനയ്ക്കു രൂപം നൽകി. രാജ്യമാകെ സഞ്ചരിച്ച് പതിനഞ്ചോളം ചാപ്റ്ററുകൾ ആരംഭിച്ചു. വിദേശത്തു നിന്നു കിട്ടാവുന്നത്ര വിദഗ്ധരെ നാട്ടിലെത്തിച്ച് ഇവിടെയുള്ളവർക്കു പരിശീലനം നൽകി. രാജ്യത്താദ്യമായി കേരള ഇനിഷ്യേറ്റീവ് ഇൻ ഡിമെൻഷ്യ സർക്കാർ ആവിഷ്കരിച്ചപ്പോൾ അതിന്റെ ആശയം ഡോ. ജേക്കബ് റോയിയുടേതായിരുന്നു. 


1998 ൽ 50 രാജ്യങ്ങളിലെ പ്രതിനിധികളെ ഉൾപ്പെടുത്തി അൽസ്ഹൈമേഴ്സ് രാജ്യാന്തര സമ്മേളനം കൊച്ചിയിൽ സംഘടിപ്പിച്ചു. 2012 മുതൽ 2015 വരെ ലണ്ടൻ ആസ്ഥാനമായ അൽസ്ഹൈമേഴ്സ് ഡിസീസ് ഇന്റർനാഷനൽ എന്ന സംഘടനയുടെ ആഗോള ചെയർമാനായി പ്രവർത്തിച്ചു. ഈ സ്ഥാനം വഹിച്ച ആദ്യ ഏഷ്യൻ വംശജൻ ആണ് അദ്ദേഹം. 


പിതാവിന്റെ ചരമ വാർഷിക ദിനത്തിലാണ് ഡോ. ജേക്കബ് റോയിയുടെ വിയോഗം. ഭാര്യ: കുന്നംകുളം പഴഞ്ഞി പുലിക്കോട്ടിൽ ലില്ലി. മക്കൾ: ഡോ. ടീന, മിഷൽ, ഗ്രെഗ് (സിഇഒ കെയർമാർക് ഇന്റർനാഷണൽ). മരുമക്കൾ: ഡോ. ജേക്കബ് വർഗീസ് (രാജഗിരി ആശുപത്രി), മാത്യു പാറയ്ക്കൻ (ജിയോജിത് ടെക്നോളജീസ്), ബെറ്റിൽഡ.

Share this news

Leave a Reply

%d bloggers like this: