‘പാമ്പുകളില്ലാത്ത രാജ്യ’ത്ത് യുവാവിന് പാമ്പുകടിയേറ്റു; കടിച്ചത് ഉഗ്രവിഷമുള്ള അണലി

പാമ്പുകളില്ലാത്ത രാജ്യമായ അയർലൻഡിൽ ആദ്യമായി ഒരാൾക്ക് വിഷപാമ്പിന്റെ  കടിയേറ്റു. തലസ്ഥാന നഗരമായ ഡബ്ലിനിലാണ് ഇരുപത്തിരണ്ടുകാരനായ യുവാവിനെ മാരക വിഷമുള്ള അണലി വർഗ്ഗത്തിൽപ്പെട്ട   ‘പഫ് ആഡ്ഡർ’  എന്ന പാമ്പ് കടിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന് അടിയന്തര ചികിത്സ നൽകി. അയർലൻഡിൽ ആദ്യമായാണ് ഒരാൾക്ക് ആന്റി വെനം നൽകുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

ഭൂമിശാസ്ത്രപരമായ സവിശേഷതകൾ മൂലം അയർലൻഡിൽ പാമ്പുകളില്ല. എന്നാൽ യുവാവിനെ ഇയാളുടെ വളർത്തു പാമ്പാണ് കടിച്ചത്. രാജ്യത്ത് പാമ്പുകളില്ലാത്തതിനാൽ തന്നെ ഇവയെ വളർത്തുന്നത് പതിവാണ്. ഇത്തരത്തിൽ ‘പഫ് ആഡ്ഡർ’ ഇനത്തിൽപ്പെട്ട പാമ്പിനെയാണ് യുവാവ് വളർത്തിയിരുന്നത്. ആഫ്രിക്കയിലും സൗദി അറേബ്യയുടെ ചില ഭാഗങ്ങളിലും കാണപ്പെടുന്ന മാരക വിഷമുള്ള പാമ്പാണ് ‘പഫ് ആഡർ’.

അയർലൻഡിൽ ഒരുകാലത്തും പാമ്പുകൾ ഉണ്ടായിരുന്നില്ല എന്നാണ് ശാസ്ത്രലോകം കണ്ടെത്തിയത്. ഏതാണ്ട് 100 ദശലക്ഷം വർഷങ്ങൾക്കു മുമ്പാണ് പാമ്പുകൾ ഭൂമിയിൽ ജന്മം എടുക്കുന്നത്. ഗ്വോണ്ടാനലാൻഡ് എന്ന ഒറ്റ വൻകരയായിരുന്നു അന്ന് ഉണ്ടായിരുന്നത്. എന്നാൽ ആ സമയം അയർലൻഡ് ഇതിന്റെ ഭാഗമായിരുന്നില്ല. പിന്നെയും ലക്ഷക്കണക്കിനു വർഷങ്ങൾക്കു ശേഷമാണ് അയർലൻഡ് രൂപം കൊണ്ടത്.

ഈ സമയത്ത് അയർലൻഡ് മഞ്ഞു മൂടി കിടക്കുന്ന പ്രദേശമായിരുന്നു. ബ്രിട്ടനുമായി മഞ്ഞു പാളികൾ വഴി ബന്ധപ്പെട്ടു കിടന്നിരുന്നുവെങ്കിലും അയർലൻഡിലേയ്ക്ക് പാമ്പുകൾ എത്തിയില്ല. അയർലന്റിൽ നിന്ന് മഞ്ഞുരുകി അനുകൂല സാഹചര്യ രൂപപ്പെട്ടപ്പോൾ ബ്രിട്ടനും അയർലൻഡിനും കടലുള്ളതിനാൽ പാമ്പുകൾക്ക് കുടിയേറ്റം അസാധ്യമായി. ഇതോടെ പാമ്പുകളില്ലാത്ത രാജ്യമായി അയർലന്റ് മാറി.

എന്നാൽ സെന്റ് പാട്രിക് അയർലന്റിലെ പാമ്പുകളെയെല്ലാം സമുദ്രത്തിലേക്ക് തുരത്തി എന്നാണ് അയർലന്റുകാരുടെ വിശ്വാസം. എ.ഡി അഞ്ചാം നൂറ്റാണ്ടിൽ നടത്തിയ ഈ പ്രവർത്തിയോടെ പാമ്പുകൾക്ക് വിലക്കപ്പെട്ട പ്രദേശമായി അയർലൻഡ് മാറിയെന്നും ഒരു വിഭാഗം വിശ്വസിക്കുന്നു.

Share this news

Leave a Reply

%d bloggers like this: