കോവിഡ്‌-19 : ആഗോള മരണസംഖ്യ 11,000 കടന്നു; ഇന്ത്യയിൽ 234 രോഗബാധിതർ

കോവിഡ്‌–19 ബാധിച്ച്‌ മരിച്ചവരുടെ എണ്ണം ലോകത്താകെ 11,000 കടന്നു. ഇതുവരെ 11,180 പേർ മരിച്ചതായാണ്‌ വെള്ളിയാഴ്‌ച രാത്രിയിലെ കണക്ക്‌. ഇതിൽ പകുതിയിലധികം യൂറോപ്പിലാണ്‌. ഏറ്റവുമധികം  മരണം  ഇറ്റലിയിൽ. വെള്ളിയാഴ്ച 627 പേർകൂടി മരിച്ചതോടെ ഇറ്റലിയിൽ മരണം 4032 ആയി. സ്‌പെയിനിൽ 238 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 1041 ആയി.

ലോകത്താകെ രണ്ടരലക്ഷത്തിലധികം ആളുകളെയാണ്‌ രോഗം ബാധിച്ചത്‌.
ചൈനയിൽ പുതിയതായി ആരിലേക്കും രോഗം പടരാതെ തുടർച്ചയായി രണ്ടാം ദിവസം കടന്നുപോയി. എന്നാൽ, വിദേശത്തുനിന്ന്‌ രോഗവുമായി വന്ന 29 പേരെക്കൂടി കണ്ടെത്തി. ഇതോടെ രോഗവുമായി വിദേശത്തുനിന്ന്‌ ചൈനയിൽ എത്തിയവരുടെ എണ്ണം 228 ആയി. വിദേശത്തുനിന്ന്‌ വരുന്നവരെ കർക്കശ പരിശോധനയ്‌ക്ക്‌ വിധേയരാക്കി  സമ്പർക്കവിലക്ക്‌ ഏർപ്പെടുത്തുകയാണ്‌.
ഇക്കാര്യത്തിൽ ചൈന സന്ദർശിക്കേണ്ട ഇന്ത്യക്കാർക്ക്‌ ബീജിങ്ങിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പുനൽകിയിട്ടുണ്ട്‌. മൂന്നുപേർ കൂടി മരിച്ചതോടെ ചൈനയിൽ മരണസംഖ്യ 3248 ആയി.ഗബോണിൽ കൂടി ഒരാൾ മരിച്ചതോടെ കോവിഡ്‌ ബാധിച്ച്‌ മരണമുണ്ടായ രാജ്യങ്ങളുടെ എണ്ണം 64 ആയി. നാല്‌ രാജ്യത്തുകൂടി രോഗം കണ്ടെത്തി.

ഇന്ത്യയിൽ കോവിഡ്‌  സ്ഥിരീകരിച്ചവരുടെ എണ്ണം 234 ആയി. വെള്ളിയാഴ്‌ച  50 പേർക്കാണ്‌ സ്ഥിരീകരിച്ചത്‌.

Share this news

Leave a Reply

%d bloggers like this: