ചേലാകർമ്മം, ഡബ്ളിനിൽ നൈജീരിയൻ വംശജൻ അറസ്റ്റിൽ

ജനനേന്ദ്രിയ ഭാഗത്ത്‌ മാരകമായ മുറിവ് ഉണ്ടാക്കിയതിനെ തുടർന്ന് ഗുരുതരാവസ്‌ഥയിലായ 10 മാസം പ്രായമുള്ള ആൺ കുഞ്ഞിനെ ആശുപത്രിയിൽ ചികിത്സ പ്രവേശിപ്പിച്ചു. അമിത രക്തസ്രാവത്തെ തുടർന്ന് അടിയന്തിര വൈദ്യസഹായം ആവശ്യമായിരുന്ന കുഞ്ഞിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

മരവിപ്പിക്കുക പോലും ചെയ്യാതെയാണ് വ്യാജ ഡോക്ടർ ചമഞ്ഞയാൾ കുട്ടിയുടെ ജനനേന്ദ്രിയത്തിൽ ശസ്ത്രക്രിയ നടത്തിയത്. കുഞ്ഞിന്റെ ജീവൻ അപകടത്തിലാക്കിയതിന് 55 വയസ് പ്രായമുള്ളയാളെ ഗാർഡ അറസ്റ്റ് ചെയ്തു. 20 വർഷമായി അയർലണ്ടിൽ താമസിക്കുന്ന നൈജീരിയയിൽ നിന്നുള്ള ഫിലിപ്പ് ഓഗ്‌വെ എന്നയാളാണ് അറസ്റ്റിലായത്.

മതപരമായ സാംസ്‌കാരിക ചടങ്ങിന്റെ ഭാഗമായിട്ടാണ് കുഞ്ഞിന്റെ ജനനേന്ദ്രിയ ഭാഗത്ത്‌ മുറിവ് ഉണ്ടാക്കിയത്. കനത്ത രക്തസ്രാവത്തെ തുടർന്ന് മുള്ളിംഗറിലെ മിഡ്‌ലാന്റ് റീജിയണൽ ഹോസ്പിറ്റലിൽ കുട്ടിയെ പ്രവേശിപ്പിച്ചു. തുടർന്ന് ക്രംലിനിലെ ഔവർ ലേഡി ചിൽഡ്രൻസ് ഹോസ്പിറ്റലിലേക്ക് കുട്ടിയെ മാറ്റി.

കുട്ടി ഇപ്പോൾ സുഖം പ്രാപിച്ചു വരികയാണ്. പലചരക്ക് വ്യാപാരിയും ഫ്രിഡ്ജ് ടെക്നീഷ്യനുമായ ഓഗ്‌വെ ഒരു ഡോക്ടറാണെന്നാണ് തന്നോട് പറഞ്ഞതെന്ന് കുട്ടിയുടെ അമ്മ ലോംഗ്ഫോർഡ് സർക്യൂട്ട് ക്രിമിനൽ കോടതിയെ അറിയിച്ചത്.

10 മാസം പ്രായമുള്ള കുഞ്ഞിനോട് മത – സാംസ്കാരിക ചടങ്ങുകളുടെ പേരിൽ കാണിച്ച ക്രൂരത അസഹനീയമാണെന്ന് ജഡ്ജി കീനൻ ജോൺസൺ പറഞ്ഞു.

ഡോക്ടർ ഫിലിപ്പ് എന്നാണ് ഓഗ്‌വെ സ്വയം പരിചയപ്പെടുത്തിയത്. മുൻപും ഇത്തരം ചടങ്ങുകൾ ചെയ്തിട്ടുണ്ടെന്നും, തലമുറകളായി തന്റെ കുടുംബത്തിൽ തുടർന്നു വരുന്ന പാരമ്പര്യമാണിതെന്നും അയാൾ പറഞ്ഞു.

വർഷങ്ങളായി അയർലണ്ടിൽ താമസിക്കുന്ന ഓഗ്‌വെയ്ക്ക് ജീവന് ഭീഷണിയാകുന്ന ഇത്തരം ചടങ്ങുകൾ രാജ്യത്ത് അനുവദനീയമല്ലെന്ന് അറിയാൻ സാധിക്കുമെന്നും ഇതിന്റെ നിയമസാധുതയെക്കുറിച്ച് ഇതിനകം തന്നെ അയാൾ അന്വേഷണം നടത്തിയിട്ടുണ്ടെന്നും ജഡ്ജി ജോൺസൺ പറഞ്ഞു.

ജനനേന്ദ്രിയത്തിൽ കനത്ത രക്തസ്രാവമുണ്ടായതിനെ തുടർന്ന് കുഞ്ഞിന് ചികിത്സ നൽകിയ മുള്ളിങ്കറിലെ ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്നാണ് ഗാർഡ അന്വേഷണം ആരംഭിച്ചത്. ഒരു മെഡിക്കൽ പ്രാക്ടീഷണറായി ആൾമാറാട്ടം നടത്തിയതിന് മെഡിക്കൽ പ്രാക്ടീഷണേഴ്സ് ആക്ടിന്റെ സെക്ഷൻ 41 ബി പ്രകാരവും കേസ് എടുത്തു.

Share this news

Leave a Reply

%d bloggers like this: