പുതിയ വീടുകൾക്ക് HTB സ്കീമിൽ 30, 000 യൂറോ. അയർലൻഡിൽ ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചു

സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താൻ 5.2 ബില്യൺ യൂറോയുടെ അൻപതിന ഉത്തേജക പാക്കേജ് പ്രഖ്യാപിച്ച് മാർട്ടിൻ സർക്കാർ

കോവിഡ്-19 വ്യാപനം ആഗോളതലത്തിൽ ആരോഗ്യ-സാമ്പത്തിക മാന്ദ്യങ്ങൾ സൃഷ്ടിക്കും. ഈ സാഹചര്യത്തിൽ അയർലണ്ടിന്റെ സാമ്പത്തിക ഭാവി ഭദ്രമാക്കാൻ 5.2 ബില്യൺ യൂറോയുടെ അൻപത് ഇന പദ്ധതി നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ അറിയിച്ചു.
ഇന്നലെ വൈകുന്നേരം നടന്ന മന്ത്രിസഭാ യോഗത്തിന് ശേഷം ഡബ്ലിനിൽ നടത്തിയ പ്രതേക വാർത്ത സമ്മേളനത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.

പുതിയ വീട് വാങ്ങുന്നവർക്കുണ്ടായിരുന്ന Help to Buy സ്‌ക്കിമിൽ പരമാവധി സഹായം 20,000  ത്തിൽ നിന്നും 30,000 ആയി ഉയർത്തി.

ആറ് മാസത്തേക്ക് VAT നിരക്ക് 23%-ൽ നിന്ന് 21%-മായി കുറയ്ക്കുക, പാൻഡെമിക് അൺഎംപ്ലോയ്മെന്റ് പേയ്മെന്റ് 2021 വരെ നീട്ടുക, 100 മില്യൺ യൂറോയുടെ തൊഴിൽ സഹായ പാക്കേജുകൾ നടപ്പിലാക്കുക തുടങ്ങി 50 ഇന പദ്ധതികളാണ് സർക്കാർ പ്രഖ്യാപിച്ചത്.

നിലവിലുള്ള ബിസിനസ്സുകളും തൊഴിലവസരങ്ങളും സംരക്ഷിക്കുക. അതോടൊപ്പം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ചെറുകിട ബിസ്സിനസ്സുകളെക്കൂടി പരിരക്ഷിക്കാനുള്ള പദ്ധതിയാകും സർക്കാർ നടപ്പിലാക്കുക.

പാൻഡെമിക് അൺ-എംപ്ലോയ്മെന്റ് പേയ്മെന്റ് (PEP) 2021 ഏപ്രിൽ വരെ നീട്ടാനും സർക്കാർ തീരുമാനിച്ചു. തൊഴിൽ ലഭ്യമാകുന്നതിനനുസരിച്ച് ഇതിൽ മാറ്റം വരുത്തും. സെപ്റ്റംബർ 17 മുതൽ നിലവിൽ അൺ-എംപ്ലോയ്മെന്റ് പേയ്‌മെന്റ് ലഭിക്കുന്ന 60,000 (22%) പേരുടെ പേയ്‌മെന്റ് തുക 350 യൂറോയിൽ നിന്നും 250 യൂറോയായി കുറക്കും. 150,000 പേരുടെ പേയ്‌മെന്റ് 300 യൂറോയായും കുറയും.

800,000 ത്തിലധികം ആളുകൾക്ക് പാൻഡെമിക് അൺ-എംപ്ലോയ്മെന്റ് പേയ്മെന്റിന്റെ ആനുകൂല്യം ലഭിച്ചു.
280,000 ത്തിലധികം ആളുകൾ ജോലിയിൽ തിരികെ പ്രവേശിച്ചതായും Tanaiste,  Leo Varadkar പറഞ്ഞു. 2021 ന്റെ തുടക്കത്തിൽ 350,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. സ്വയംതൊഴിൽ മേഖലയിൽ നഷ്ടം അനുഭവിക്കുന്നവരെ കോർപ്പറേഷൻ നികുതിയിൽ നിന്ന് ഒഴിവാക്കും.

ഓഫ് സീസണിൽ ടൂറിസം മേഖലയെ സഹായിക്കുന്നതിനായി ഈ വർഷം ഒക്ടോബർ മുതൽ 2021 ഏപ്രിൽ വരെ സ്റ്റേ ആൻഡ് സ്‌പെൻഡ് ആനുകൂല്യങ്ങൾ നൽകും. വിദ്യാഭ്യാസ മേഖലയുടെ വികാസത്തിനും പാക്കേജ് ഊന്നൽ നൽകിയിട്ടുണ്ട്. വിദ്യാഭ്യാസ-പരിശീലന സംരംഭങ്ങൾക്ക് ധനസഹായം നൽകുമെന്നും ഹ്രസ്വകാല നൈപുണ്യ പരിശീലനം നടത്തുന്നവരുടെ ഗ്രാന്റ് ഇരട്ടിയാക്കുമെന്നും സർക്കാർ അറിയിച്ചു.

വീടില്ലാത്തവർക്ക്‌ വീടുവാങ്ങുന്നതിനുള്ള ധനസഹായം നൽകും. നിർമ്മാണ മേഖലയെ ഉത്തേജിപ്പിക്കുന്നതിനാണ് ഈ പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചത്.
പൊതുഗതാഗതം, ഗതാഗത മേഖലയിലെ അറ്റകുറ്റപ്പണികൾ എന്നിവയ്ക്കായി 113 മില്യൺ യൂറോ ചെലവഴിക്കും. കല, പൈതൃകം, ടൂറിസം, Gaeltacht മേഖല എന്നിവയ്ക്കായി 40 മില്യൺ യൂറോയുടെ പദ്ധതികൾ നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.

കോടതി, ജയിൽ, പോലീസ് എന്നിവയ്ക്കായി 20 മില്യൺ യൂറോ പദ്ധതികൾ നടപ്പിലാക്കും. മത്സ്യബന്ധനം, കൃഷിസ്ഥലങ്ങളിലെ പുനരുപയോഗ ഊർജ്ജ നിക്ഷേപം എന്നിവയ്ക്കായി 12 മില്യൺ യൂറോ നീക്കിവയ്ക്കും. തണ്ണീർത്തട സംരക്ഷണത്തിനായി 15 മില്യൺ യൂറോയുടെയും, എനർജി എഫിഷ്യൻസി നാഷണൽ റിട്രോഫിറ്റ് പ്രോഗ്രാമിൽ 100 മില്യൺ യൂറോയുടെയും നിക്ഷേപം നടത്തും.

വരും ദിവസങ്ങളിലേക്ക് സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്നതിനുള്ള നിരവധി പദ്ധതികൾ സർക്കാർ ഈ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുള്ളതായാണ് സൂചന.

Share this news

Leave a Reply

%d bloggers like this: