ബസ് ഐറാൻ ഇൻറർ സിറ്റി ബസ് റൂട്ടുകൾ നിർത്തുന്നു

സാമ്പത്തിക ബുദ്ധിമുട്ടുകൾ രൂക്ഷം. ഇന്റർ-സിറ്റി യാത്ര സർവീസുകൾ അവസാനിപ്പിക്കാനൊരുങ്ങി ബസ് ഐറാൻ. കോവിഡ് -19 സൃഷ്ടിച്ച സാമ്പത്തിക സമ്മർദത്തിന്റെ അലയൊലികൾ എല്ലാ രംഗത്തും എന്നപോലെ ഗതാഗത മേഖലയെയും സാരമായി ബാധിച്ചു.

സാമ്പത്തിക പ്രശ്നങ്ങൾ രൂക്ഷമാകുന്നതിനാൽ യാത്ര റൂട്ടുകൾ വെട്ടിക്കുറക്കാൻ തീരുമാനിച്ചിരിക്കുകയാണ് ഐറാൻ ബസ് കമ്പനി. സർക്കാർ ഉടമസ്ഥയിലുള്ള ഐറാൻ ബസ്സുകളുടെ ചില ഇന്റർ-സിറ്റി എക്സ്പ്രസ് വേ റൂട്ടുകളാണ് നിറുത്തിവെയ്ക്കാൻ തീരുമാനിച്ചിരിക്കുന്നത്.

ഡബ്ലിൻ-കോർക്ക്, ഡബ്ലിൻ-ലിമെറിക്ക്, ഡബ്ലിൻ-ഗാൽവേ എന്നീ റൂട്ടുകളിലേക്കുള്ള സർവീസുകൾ അവസാനിപ്പിക്കാനാണ് കമ്പനി തീരുമാനിച്ചത്. ഡബ്ലിൻ-ബെൽഫാസ്റ്റ് റൂട്ട് സർവീസുകളും താൽക്കാലികമായി നിർത്തി വയ്ക്കുമെന്നാണ് നിലവിലെ സൂചന. ഗാൽവേയിൽ നിന്ന് ഷാനൻ വിമാനത്താവളം വഴി ലിമെറിക്കിലേക്കുള്ള എക്സ്പ്രസ് സർവീസ് നേരത്തെ തന്നെ നിർത്തിവച്ചിരുന്നു .

ബസ് സർവീസുകൾ നിർത്തലാക്കിയതിന്റെ ഫലമായി തൊഴിൽ നഷ്ടങ്ങളൊന്നും ഉണ്ടാകില്ലെന്നാണ് നിലവിലെ വിവരം. ഇന്റർ-സിറ്റി റൂട്ടുകൾ വെട്ടികുറച്ചതിന്റെ ഫലമായി കോർക്ക്, ഗാൽവേ, ലിമെറിക്ക്, വാട്ടർഫോർഡ് എന്നിവിടങ്ങളിൽ സർവിസുകൾ വർധിപ്പിക്കാൻ കമ്പനി ലക്ഷ്യമിടുന്നതായും സൂചനയുണ്ട്.

തിങ്കളാഴ്ച നടന്ന യോഗത്തിലാണ് ഐറാൻബസ് കമ്പനി ബോർഡ് ഈ തീരുമാനങ്ങൾക്ക് അംഗീകാരം നൽകിയത്. ഈ നടപടികൾ എന്നുമുതൽ പ്രാബല്യത്തിൽ വരുമെന്ന് കമ്പനി അറിയിച്ചിട്ടില്ല.

Share this news

Leave a Reply

%d bloggers like this: