ഐറിഷ് വ്യോമയാന മേഖല വൻ പ്രതിസന്ധിയിൽ; സംഭവിച്ചതെന്ത്‌ ???

കോവിഡ് വ്യാപനം ആരംഭിച്ചതു മുതൽ വിമാനയാത്രകൾക്ക് കടുത്ത നിയന്ത്രണങ്ങളാണ് അയർലണ്ട് സർക്കാർ  ഏർപ്പെടുത്തിയിട്ടുള്ളത്. വ്യോമയാനമേഖല ഡീമോണിറ്റെസ് ചെയ്യപ്പെട്ടിരിക്കുകയാണെന്നാണ് ഡബ്ലിൻ എയർപോർട്ട് അതോറിറ്റി (daa)-യുടെ വെളിപ്പെടുത്തൽ.

യാത്രകൾ പുനരാരംഭിക്കുന്നതിന്  യുക്തിരഹിതമായ തടസ്സങ്ങളാണ്  മുന്നോട്ടുവയ്ക്കുന്നതെന്ന് ഡബ്ലിൻ, കോർക്ക് വിമാനത്താവളങ്ങളിലും പ്രവർത്തിക്കുന്ന daa പറയുന്നു.

ഒറിയാച്ചാസ് ട്രാൻസ്പോർട്ട് കമ്മിറ്റിക്ക് മുന്നിൽ DAA ചീഫ് എക്സിക്യൂട്ടീവ് ഡാൽട്ടൺ ഫിലിപ്സ് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഡബ്ലിൻ, കോർക്ക് വിമാനത്താവളങ്ങൾ ഐറിഷ് സമ്പദ്‌വ്യവസ്ഥയുടെ പ്രധാനഘടകമാണ്. എന്നാൽ ഇപ്പോൾ അവയുടെ പ്രവർത്തനം നിർത്തിവയ്ക്കപ്പെട്ടിരിക്കുകയാണ്.

കോവിഡ് വ്യാപനം മൂലമുണ്ടാകാൻ സാധ്യതയുള്ള അപകടങ്ങളെക്കുറിച്ച് കൃത്യമായ അറിവോടെയാണ് എല്ലാ മേഖലകളുടെയും പ്രവർത്തനം പുനഃരാരംഭിച്ചത്. എന്നാൽ വ്യോമയാന മേഖലയുടെ പ്രവർത്തനം മാത്രം പുനഃരാരംഭിച്ചിട്ടില്ല.

അന്താരാഷ്ട്ര യാത്രകൾ ആരംഭിക്കുന്നതിന് നിരന്തരമായ തടസ്സങ്ങൾ നേരിടുന്നുണ്ട്. ഇത് അയർലണ്ടിന് മറ്റ് രാജ്യങ്ങളുമായുള്ള ബന്ധം തകരുന്നതിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.

യാത്രാ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനെക്കുറിച്ചോ, ജൂലൈയിൽ പ്രസിദ്ധീകരിച്ച ഏവിയേഷൻ റിക്കവറി ടാസ്‌ക്ഫോഴ്‌സിന്റെ ശുപാർശകൾ നടപ്പാക്കുന്നതിനെക്കുറിച്ചോ ഇതുവരെയും സർക്കാർ തീരുമാനങ്ങളൊന്നും കൈക്കൊണ്ടിട്ടില്ല.

വ്യോമയാന മേഖലക്കു പുറമേ ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളിലും നാശനഷ്ടങ്ങൾ ഉണ്ടായതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 20 ദശലക്ഷം യാത്രക്കാരുടെ കുറവാണ് ഈ വർഷം നഷ്ടപ്പെട്ടതായും ഫിലിപ്സ് സ്ഥിരീകരിച്ചു.

കഴിഞ്ഞ വർഷത്തിൽ അയർലണ്ടിലെ അതിവേഗം വളരുന്ന വിമാനത്താവളമായിരുന്നു കോർക്ക് വിമാനത്താവളം. എന്നാൽ അതിന്റെ പകുതിയിലധികം എയർലൈനുകളും ഈ വർഷം പിൻവലിച്ചു. ഗതാഗതം 90% കുറഞ്ഞു. ഈ വർഷം 20 മില്യൺയൂറോയുടെ നഷ്ടമാണ് കോർക്ക് വിമാനത്താവളം നേരിടുന്നത്.

കോർക്ക് എയർപോർട്ടിന് ഇതുവരെ സർക്കാർ ധനസഹായം ലഭിച്ചിട്ടില്ലെന്നും ഫിലിപ്സ് പറഞ്ഞു. വ്യോമയാന മേഖലയിൽ സർക്കാരിന്റെ ഇടപെടൽ അത്യാവശ്യമാണെന്നും അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: