തൊഴിലാളികൾക്കുള്ള ഉന്നതവിദ്യാഭ്യാസ പദ്ധതി : 30 മില്യൺ യൂറോയുടെ പിന്തുണ പാക്കേജ് പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പുമന്ത്രി

കോവിഡ് -19 മഹാമാരി പ്രതിസന്ധി സൃഷ്ടിച്ച തൊഴിൽ മേഖലയെ സഹായിക്കാൻ നൂതന പദ്ധതികൾ നടപ്പിലാക്കുകയാണ് ഐറീഷ് സർക്കാർ. തൊഴിലാളികൾക്ക് പ്രയോജന പ്രദമാകുന്ന നിരവധി കോഴ്‌സുകൾ ഈ പദ്ധതിയിലൂടെ നടപ്പിലാക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്.

ഇത്തരത്തിലുള്ള 14,000-ത്തോളം സൗജന്യ കോഴ്‌സുകളും, സബ്സിഡി നിരക്കിലുള്ള കോഴ്‌സുകളുമാകും വകുപ്പ് നടപ്പിലാക്കുക. ഈ പദ്ധതി നടപ്പിലാക്കുന്നതിനായി ഉന്നത വിദ്യാഭ്യാസവകുപ്പ് 30 മില്യൺ യൂറോയുടെ ധനസഹായം നൽകുമെന്ന് വകുപ്പുമന്ത്രി സൈമൺ ഹാരിസ് പറഞ്ഞൂ.

ഈ തുക വിനിയോഗിച്ച് 12,000 കോഴ്‌സുകൾ സൗജന്യമായി നൽകും. തൊഴിൽ ചെയ്യുന്നവർക്ക് അതിൽ മുടക്കം വരാതെ തന്നെ പഠനം നടത്താൻ കഴിയും. വിദൂരമായോ പാർട്ട് ടൈമായോ ചെയ്യാവുന്ന തരത്തിലാകും കോഴ്‌സുകൾ സജ്ജമാക്കുക. 2,555 ബിരുദാനന്തര കോഴ്‌സുകൾക്കും ധനസഹായം നൽകും.

ഡാറ്റാ അനലിറ്റിക്സ്, എൻവയോൺമെന്റൽ സയൻസസ്, എഞ്ചിനീയറിംഗ്, ടൂറിസം, ഹോസ്പിറ്റാലിറ്റി എന്നിവ ഉൾക്കൊള്ളുന്ന 23 കോളേജുകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലുള്ള 207 കോഴ്‌സുകളിലും ഈ പദ്ധതിയുടെ സേവനം ലഭ്യമാകും.

തൊഴിൽ മേഖലയിലേക്ക് മടങ്ങാൻ പോകുന്നവർക്കും, മടങ്ങിയവർക്കും, സമീപകാല ബിരുദധാരികൾക്കും പുതിയ കോഴ്‌സുകൾ പഠിക്കുന്നതിനുള്ള ധനസഹായം ലഭ്യമാകുമെന്നും മന്ത്രി ഹാരിസ് പറഞ്ഞു.

കഴിഞ്ഞ ജൂലൈയിൽ സർക്കാർ തൊഴിൽ ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ഈ പാക്കേജിന്റെ കീഴിലാണ് പുതിയ പദ്ധതി നടപ്പിലാക്കുക. കോവിഡ് -19 വ്യാപനം മൂലം സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ബാധിച്ച തൊഴിലാളികളെ സംരക്ഷിക്കുന്നതിനാണ് ഈ പദ്ധതി നടപ്പിലാക്കിയത്.

നിലവിലുള്ള പ്രോഗ്രാമുകളിൽ നിന്ന് ഉയർന്ന ഡിമാൻഡ് ഉള്ള മൊഡ്യൂളുകൾ ഈ പദ്ധതിയുടെ കീഴിലുള്ള കോഴ്‌സുകളിൽ ഉൾപ്പെടുത്തും. ആജീവനാന്ത പഠനത്തിന്റെ ആവശ്യങ്ങൾക്കനുസൃതമായി അനുയോജ്യമായ കോഴ്‌സുകൾ വികസിപ്പിക്കാൻ ഐറിഷ് യൂണിവേഴ്‌സിറ്റികളുടെ ശേഷി വർദ്ധിപ്പിക്കേണ്ടതുണ്ടെന്നും പാക്കേജ് പ്രഖ്യാപന വേളയിൽ മന്ത്രി പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: