മന്ന (Manna) ഡ്രോൺ ഡെലിവറി സ്റ്റാർട്ട്-അപ്പുമായി കൈകോർത്ത്‌ ഡബ്ലിനിലെ ഗ്രീൻമാൻ ഇൻവെസ്റ്റ്‌മെന്റ്

ടെക് മേഖലയിലേക്ക് ആദ്യമായി പ്രവർത്തനങ്ങൾ വ്യാപിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഡബ്ലിൻ ആസ്ഥാനമായ പ്രോപ്പർട്ടി ഇൻവെസ്റ്റ്‌മെന്റ് സ്ഥാപനവും അസറ്റ് മാനേജ്മെന്റ് ടീമുമായ ഗ്രീൻമാൻ ഇൻവെസ്റ്റ്‌മെന്റ്. ഐറിഷ് ഡ്രോൺ ഡെലിവറി സ്റ്റാർട്ട്-അപ്പായ മന്നയെ പുതിയ ഫണ്ടിംഗ് റൗണ്ടിൽ പിന്തുണച്ചുകൊണ്ടാണ് കമ്പനിയുടെ ഈ മുന്നേറ്റം.

ഡൈനാമോ വെൻ‌ചർ‌സ്, എൽ‌ക്ക്സ്റ്റോൺ, ഫ്രണ്ട്‌ലൈൻ വെൻ‌ചേഴ്സ് എന്നിവയുൾ‌പ്പെടെ നിലവിലുള്ള നിക്ഷേപകരും ഈ റൗണ്ടിൽ‌ പങ്കെടുത്തു. ഇവരുടെ നിക്ഷേപം മൂല്യം എത്രയെന്ന് വെളിപ്പെടുത്തിയിട്ടില്ല.

ഓപ്പൺ റിയൽ എസ്റ്റേറ്റ് ഫണ്ട് വഴിയാണ് സ്റ്റാർട്ടപ്പുമായുള്ള ഇടപാടുകൾ ഗ്രീൻ‌മാൻ നടത്തുന്നത്. ഡെലിവറി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒരു പൈലറ്റ് പ്രോഗ്രാം അടുത്ത വർഷം ഒരുമിച്ച് അവതരിപ്പിക്കുമെന്നാണ് സൂചന. മന്നയുടെ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള യൂറോപ്പിലെ ആദ്യ ട്രയൽ എന്തായിരിക്കുമെന്ന് കാണാൻ ആകാംഷയോടെയാണ് ജനങ്ങൾ കാത്തിരിക്കുന്നത്.

ഫുഡ് റീട്ടെയിൽ മേഖലയിൽ പ്രവർത്തിക്കുന്ന ടെക് ബിസിനസുകളിൽ കൂടുതൽ നിക്ഷേപം നടത്താൻ കമ്പനി ഉദ്ദേശിക്കുന്നതായി ഗ്രീൻമാന്റെ വക്താവ് പറഞ്ഞു. 850 മില്യൺ യൂറോയുടെ ആസ്തിയാണ് ഈ മാനേജ്‌മെന്റിന്റെ കീഴിലുള്ളത്.

ഗ്രീൻ‌മാൻ ഇൻവെസ്റ്റ്‌മെന്റിനെ സംബന്ധിച്ചിടത്തോളം ആവേശകരമായ ഒരു നിക്ഷേപമാണിത്. പ്രത്യേകിച്ചും സാങ്കേതിക മേഖലയിലെ ആദ്യത്തെ പദ്ധതിയാണ് ഇതെന്നും
കമ്പനിയുടെ ഡയറക്ടർ ഓഫ് എക്സ്പാൻഷൻ Ronayne O’Mahony പറഞ്ഞു.

ടെക്നോളജി കമ്പനികൾക്കും മന്നയെപ്പോലുള്ള സ്റ്റാർട്ട്‌അപ്പ്‌ പ്ലാറ്റ്‌ഫോമുകൾക്കും ഭാവിയിൽ ഗ്രോസറി വിതരണ മേഖലയിൽ ഏറ്റവും മികച്ച സ്ഥാനമുണ്ടാകാൻ സാധ്യതയുണ്ട്. ഈ യാത്രയിൽ അവരുമായി പങ്കാളിത്തത്തിൽ ഏർപ്പെടുന്നതിൽ സന്തോഷമുണ്ടെന്നും മഹോണി പറഞ്ഞു.

നിലവിൽ, ജർമ്മനിയിലെ ഗ്രോസറി ഇടപാടുകളുടെ 0.5 ശതമാനം നടക്കുന്നത് ഗ്രീൻമാൻ ഇൻവെസ്റ്റ്‌മെന്റിനെ ഓപ്പൺ ഉടമസ്ഥതയിലുള്ള സ്റ്റോറുകളിലാണ്. യൂറോപ്പിലെ ഗ്രോസറി ചില്ലറ വിൽപ്പന മേഖലയെക്കുറിച്ചും കമ്പനി പഠനങ്ങൾ നടത്തുന്നുണ്ട്.

ടെക് സംരംഭകനായ ബോബി ഹീലിയാണ് മന്ന ഡ്രോൺ സ്ഥാപിച്ചത്. ഉപഭോക്താക്കൾക്ക് വേഗത്തിലും എളുപ്പത്തിലും സേവനങ്ങൾ എത്തിക്കുന്നതിനുള്ള ഒരു മാർഗമായിട്ടാണ് ഇത് കണക്കാക്കപ്പെട്ടിരുന്നത്. റെസ്റ്റോറന്റുകളിൽ കേന്ദ്രീകരിച്ചാണ് കമ്പനി അതിന്റെ പരീക്ഷണങ്ങൾ നടത്തിയിരുന്നത്. ഡ്രോണുകൾക്ക് മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനാകുമെന്നാണ് കമ്പനിയുടെ കണക്ക്.

മാർച്ചിൽ ഡബ്ലിനിലെ യൂണിവേഴ്‌സിറ്റി കോളേജ് കാമ്പസിൽ ടേക്ക്‌എവേ ഫുഡ് ഡെലിവറി സേവനം ആരംഭിക്കാനും കമ്പനി ഉദ്ദേശിച്ചിരുന്നു. ഡ്രോണുകൾ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും നേരിട്ട് ഭക്ഷണം എത്തിക്കുവാനാണ് ഇതിലൂടെ കമ്പനി ലക്ഷ്യമിട്ടത്. ടേക്ക്‌അവേ സർവീസായ ജസ്റ്റ് ഈറ്റ്, കാമിൽ തായ് റെസ്റ്റോറന്റ് എന്നിവ ആദ്യ വാണിജ്യ പങ്കാളികളായി കരാർ ഏറ്റെടുക്കുകയും ചെയ്തു. കൊറോണ വൈറസ് വ്യാപനമാണ് ഇതിന് തടസ്സം സൃഷ്ടിച്ചത്.

ഏപ്രിൽ മാസത്തിൽ കമ്പനി മറ്റൊരു പുതിയ പരീക്ഷണത്തിനായി തയ്യാറെടുക്കുകയായിരുന്നു. പകർച്ചവ്യാധിയെ തുടർന്ന് കമ്പനി ഈ പദ്ധതികളും വൈകിപ്പിച്ചു.

എന്നാൽ കോവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ കമ്പനിയ്ക്ക് പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യേണ്ടതായി വന്നു. ഇതിന്റെ ഭാഗമായി ഗാൽ‌വേയിലെ ഓറൻ‌മോറിൽ‌ ഡ്രോണുകൾ‌ വഴി പലചരക്ക് സാധനങ്ങൾ എത്തിക്കുന്നതിനായി ടെസ്‌കോ ഗ്രൂപ്പുമായി കരാറിൽ ഏർപ്പെട്ടതായും കമ്പനി വക്താവ് അറിയിച്ചു. ഇതിന്റെ ട്രയൽ റണ്ണുകൾ ഉടൻ ഉണ്ടാകുമെന്നാണ് സൂചന.

ഗ്രീൻമാൻ ഇൻവെസ്റ്റ്‌മെന്റിനോടൊപ്പം പ്രവർത്തിക്കുന്നതിൽ ഏറെ സന്തുഷ്ടനാണെന്ന് മന്ന സ്റ്റാർട്ടപ്പ് സ്ഥാപകൻ ഹീലി പറഞ്ഞു.

മന്നയുടെ പ്രവർത്തനങ്ങളെ വ്യാപകമായി മുന്നോട്ട് കൊണ്ടുപോകാനുള്ള അനുമതി ഐറിഷ് ഏവിയേഷൻ അതോറിറ്റി (IAA) ഇതുവരെയും നൽകിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ IAA അധികാരികളുമായി കമ്പനി നടത്തുകയാണ്.

Share this news

Leave a Reply

%d bloggers like this: