സെഫാന്റെയും കുഞ്ഞ് ലക്കിയുടെയും സ്നേഹബന്ധത്തിന് മുന്നിൽ മോഷ്ടാക്കളുടെ മനസ്സലിഞ്ഞു

സെഫാന്റെ പ്രിയപ്പെട്ട കുഞ്ഞു ലക്കി തിരിച്ചെത്തി. ഒപ്പം സന്തോഷവും. ലാസ അപ്‌സോ ഇനത്തിൽപ്പെട്ട ലക്കിയെന്ന നായ‌ക്കുട്ടിയുടെ തിരോധാനത്തിന്റെ കഥയാണിത്. 

എറണാകുളം എളമക്കര പെരുമ്പോട്ട റോഡിലെ നെല്ലിക്കുന്നുശേരിവീട്ടിൽനിന്ന്‌ നാലുദിവസംമുമ്പാണ് ലക്കി കളവുപോയത്. ലക്കിയുടെ അസാനിധ്യം കുട്ടികളെയും കുടുംബത്തെയും അങ്ങേയറ്റം കണ്ണീരിലാക്കി. 

മോഷ്ടാക്കൾ നാലുദിവസമാണ് ലക്കിയെ ഒളിപ്പിച്ചുവച്ചത്. മടക്കിത്തന്നതിന്റെ പേരിൽ മോഷ്‌ടാക്കളോട്‌ ക്ഷമിക്കുകയും നന്ദി പറയുകയുമാണ് ഈ കുടുംബവും പ്രത്യേകിച്ച് സെഫാനും.

കഴിഞ്ഞ ഞായറാഴ്‌ച പുലർച്ചെയാണ്‌ ഉമ്മറത്തെ കൂട്ടിൽനിന്ന്‌ മോഷ്‌ടാക്കൾ രണ്ടുമാസം പ്രായമുള്ള ലക്കിയെ തട്ടിക്കൊണ്ടുപോയത്‌. ഈ സംഭവം സെഫാനും സഹോദരൻ സയോണും സഹിക്കാവുന്നതിലപ്പുറം സങ്കടം ഉണ്ടാക്കി. പൊലീസിൽ പരാതിപ്പെട്ടതോടൊപ്പം മാധ്യമങ്ങളിൽ വാർത്തയുമായി. 

അയ്യപ്പൻകാവിലെ ഒരു വീട്ടിൽനിന്ന്‌ അതേദിവസം മറ്റൊരു നായയെയും മോഷ്‌ടാക്കൾ കൊണ്ടുപോയിരുന്നു. അതിന്റെ അന്വേഷണത്തിലാണ്‌ ലക്കിയെ മോഷ്‌ടിച്ചവരുടെ വിവരവും കിട്ടിയത്‌. സെഫാന്റെ മാതാപിതാക്കൾ മോഷ്‌ടാവിന്റെ ഫോണിൽ വിളിച്ച്‌ ലക്കിയെ മടക്കിത്തരണമെന്ന്‌ അഭ്യർഥിച്ചു.

ലക്കിയെ കാണാത്തതുകൊണ്ടുള്ള കുട്ടികളുടെ സങ്കടം പറഞ്ഞപ്പോൾ മോഷ്‌ടാവിന്റെയും മനസ്സലിഞ്ഞു. ഇതിനിടയിൽ ലക്കിയെ അവർ വിറ്റുകഴിഞ്ഞിരുന്നു. 

മോഷ്ടാവ് പറഞ്ഞതനുസരിച്ച്‌ സെഫാന്റെ മാതാപിതാക്കൾ വാഹനവുമായെത്തി. റോഡരികിലെ വൈദ്യുതിക്കാലിൽ ലക്കിയെ കെട്ടിയിട്ടിട്ടുണ്ടെന്നും എടുത്തോളാനും മോഷ്‌ടാവ്‌ ഫോണിൽ അറിയിച്ചു. അവിടെ അവശനിലയിൽ കണ്ട ലക്കിയെ വീണ്ടെടുത്ത്‌ കൊണ്ടുവന്നു. 

നാലുദിവസമായി ഭക്ഷണമൊന്നും കഴിച്ചതിന്റെ ലക്ഷണമില്ലായിരുന്നു. ഡോക്‌ടറെ കാണിച്ച്‌ ആരോഗ്യാവസ്ഥ ഉറപ്പാക്കി. വീട്ടിലെത്തിയ ലക്കി കുട്ടികളുമായുള്ള സൗഹൃദം വീണ്ടെടുത്തു കഴിഞ്ഞു.

Share this news

Leave a Reply

%d bloggers like this: