മെഡിക്കൽ കാർഡ് പദ്ധതികളിൽ നിന്ന് പിന്മാറി ദന്തഡോക്ടർമാർ: കലഹരണപ്പെട്ട കരാറുകൾ ഉപേക്ഷിക്കണമെന്ന് ഐഡിഎ

പകർച്ചവ്യാധിയുടെ വ്യാപനഘട്ടത്തിലും തങ്ങളുടെ തൊഴിൽ മേഖലകളിൽ ആർജവത്തോടെ പ്രവർത്തിച്ചവരാണ് ആരോഗ്യ പ്രവർത്തകർ. ഇവരിൽ രോഗികളെ ചികിൽസിക്കാൻ ഏറെ പാടുപെടേണ്ടി വന്ന ഒരു കൂട്ടരാണ് ദന്തഡോക്ടർമാർ. എന്നാൽ ഇന്ന് സർക്കാർ ധനസഹായത്തോടെയുള്ള മെഡിക്കൽ കാർഡ് പദ്ധതികൾ ദന്തഡോക്ടർമാർ ഉപേക്ഷിക്കുകയാണ്. ആരോഗ്യവകുപ്പിന്റെ ഏറ്റവും പുതിയ കണക്കുകൾ ഇത് വ്യക്തമാക്കുന്നു.

ഈ വർഷം ആരംഭം മുതൽ മെഡിക്കൽ കാർഡ് ഉടമകൾക്ക് ദന്തസേവനങ്ങൾ നൽകുന്ന പദ്ധതിയിൽ നിന്ന് 260-ലധികം ദന്തഡോക്ടർമാരാണ് ഒരു വർഷത്തിനിടെ സർക്കാർ പദ്ധതിയിൽ നിന്നും പിന്മാറിയത്. 200,000 മെഡിക്കൽ കാർഡ് ഉടമകളാണ് ചികിത്സയ്ക്കായി കാലതാമസം നേരിടുന്നത്.

ഡെന്റൽ ട്രീറ്റ്മെന്റ് സർവീസസ് സ്കീമിൽ (DTSS) പങ്കെടുക്കുന്ന സ്വകാര്യ ദന്തഡോക്ടർമാരുടെ എണ്ണം കഴിഞ്ഞ 10 മാസത്തിനിടെ 16% കുറഞ്ഞു. ഇത് 1654 ൽ നിന്ന് 1,393 ആയി. അതായത് സേവനങ്ങൾ നൽകുന്നതിന് കരാറെടുത്ത ദന്തഡോക്ടർമാരിൽ ആറിലൊന്ന് പേർ രാജിവെച്ചു.

ഇക്കാര്യത്തിൽ വലിയ പ്രതിസന്ധി നിലനിൽക്കുന്നതായി സംഘടന സർക്കാരിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് ഐറിഷ് ഡെന്റൽ അസോസിയേഷൻ (IDA) ചീഫ് എക്‌സിക്യൂട്ടീവ് ഫിന്റാൻ ഹൗറിഹാൻ പറഞ്ഞു.

കോവിഡ് -19 വ്യാപനത്തെ തുടർന്നുണ്ടായ പ്രതിസന്ധിയിൽ ദന്തരോഗവിദഗ്ദ്ധരെ സഹായിക്കാൻ സർക്കാർ ധനസഹായം ലഭിക്കാത്തത് ദന്തഡോക്ടർമാർ കരാറുകൾ ഉപേക്ഷിക്കുന്നതിന് ആക്കം കൂട്ടിയെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 10 മാസത്തിനുള്ളിൽ മാത്രം ദന്തഡോക്ടർമാരുടെ എണ്ണത്തിൽ അതിവേഗം കുറവുണ്ടായെന്നും ഹൂറിഹാൻ പറഞ്ഞു.കഴിഞ്ഞ രണ്ടാഴ്ചയായി ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥരുമായി ഐ‌.ഡി‌.എ. ചർച്ച നടത്തുന്നുണ്ട്. ഇതിന്‌ മുൻ‌ഗണന നൽകിയില്ലെങ്കിൽ‌, ഇത് ഗുരുതരമായ ഒരു പ്രശ്‌നമായിത്തീരുമെന്നും അദ്ദേഹം പറഞ്ഞു.

പാൻഡെമിക് ആരംഭിച്ചതുമുതൽ ദന്തഡോക്ടർമാർക്ക് അധിക ചിലവുകൾ നേരിടേണ്ടിവരുന്നുണ്ട്. കാരണം മറ്റ് ആരോഗ്യപ്രവർത്തകരേക്കാൾ കൂടുതൽ മുൻകരുതലുകൾ ഇവർക്ക് സ്വീകരിക്കേണ്ടി വരുന്നുണ്ട്. മാത്രമല്ല കൂടുതൽ രോഗികളെ ചികിൽസിക്കാനും സാധിക്കില്ല. ഇത് സ്കീം തുടരാൻ കഴിയാത്ത അവസ്ഥയിലേക്ക് അവരെ എത്തിച്ചു.

ഒരു സ്വകാര്യ ദന്തഡോക്ടർ ചികിത്സിക്കുന്ന ഓരോ രോഗിക്കും സർക്കാർ ഫീസ് നൽകുന്നുണ്ട്. എന്നാൽ ദന്തഡോക്ടർമാർ വാദിക്കുന്നത് 1994 ൽ ആദ്യമായി അവതരിപ്പിച്ച ഈ പദ്ധതി കാലഹരണപ്പെട്ടതാണെന്നും രോഗികളെ ചികിത്സിക്കുന്നതിനുള്ള ചെലവുകൾ വഹിക്കുന്നതിൽ പരാജയപ്പെടുന്നുമെന്നുമാണ്.
അതിനാൽ ഈ സ്‌കീമിൽ ഒരു പൊളിച്ചെഴുത്ത് ആവശ്യമാണെന്നും ഹൂറിഹാൻ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: