Cahersiveen-ൽ റെയിൽവേ ഉപേക്ഷിച്ച 32 കിലോമീറ്റർ പാതയിൽ ഗ്രീൻ‌വേ പദ്ധതിക്ക് അനുമതി

Cahersiveen അടുത്ത് Glenbeighക്കും Renardനും ഇടയിൽ ഉപയോഗമില്ലാതെ കിടക്കുന്ന റെയിൽ‌വേലൈൻ ഗ്രീൻവേ ആയി മാറുന്നു. ഈ പ്രദേശത്ത്‌ 32 കിലോമീറ്റർ ദൈർഘ്യം വരുന്ന ഗ്രീൻ‌വേ നിർമ്മിക്കുന്നതിനുള്ള അനുമതി കെറി കൗൺസിലിന് ആൻ ബോർഡ് പ്ലീനാല നൽകി.

ഗ്രീൻവേ നടപ്പിലാക്കുന്ന 27 നഗരപ്രദേശങ്ങളിലെ 220 ലധികം ഭൂവുടമകളിൽനിന്നും സ്ഥലം ഏറ്റെടുക്കേണ്ടതുണ്ട്. ഇതിനായി നിർബന്ധിത വാങ്ങൽ ഓർഡറിനുള്ള (സി‌.പി‌.ഒ) അനുമതി കെറി കൗണ്ടി കൗൺസിലിന് നൽകുന്നതിൽ ഐറിഷ് ഫാർമേഴ്‌സ് അസോസിയേഷൻ (ഐ‌.എഫ്‌.എ.) എതിർപ്പ് പ്രകടിപ്പിച്ചു.

ഗ്രേറ്റ് സതേൺ റെയിൽ‌വേയുടെ ഭാഗമായിരുന്നു ഈ സ്ഥലം.1960-ൽ റെയിൽവേ ഈ പാത ഉപേക്ഷിച്ചതോടെ ഇത് സ്വകാര്യ ഉടമസ്ഥതയിലേക്ക് മാറി. കർഷകർക്കും മത്സ്യബന്ധന നടത്തുന്നവർക്കും കൗണ്ടിയിലേക്കും പുറത്തേക്കുമുള്ള വിപണികളിലേക്ക് പ്രവേശിക്കുന്നതിന് ഈ ലൈൻ ഉപയോഗിച്ചു.

സൈക്കിൾ‌പാതകളെ പ്രോത്സാഹിപ്പിക്കുക എന്ന പ്രധാന ലക്ഷ്യത്തോടെയാണ് 2014-ൽ ഗതാഗത വകുപ്പ് ഗ്രീൻ‌വേ പദ്ധതി പ്രഖ്യാപിച്ചത്. കെറിയിൽ ആരംഭിക്കുന്ന ഈ പദ്ധതിക്ക് 20 മില്യൺ യൂറോയിലധികം ചിലവ് പ്രതീക്ഷിക്കുന്നു. കൂടാതെ നിർമ്മാണ ഘട്ടത്തിൽ പല വെല്ലുവിളികളും നേരിടേണ്ടി വരുമെന്നും ഗതാഗത വകുപ്പ് പ്രതീക്ഷിക്കുന്നു.

പഴയ റെയിൽ പാതയുടെ സവിശേഷ ഘടനകളായ Cahersiveen റെയിൽ‌വേ പാലം, ഗ്ലീൻസ്ക് വിയാഡക്റ്റ്, ഡ്രംഗ് ഹിൽ ടണലുകൾ എന്നിവ പുതുക്കി പണിയും. എൻ-70 റിംഗ് ഓഫ് കെറി അണ്ടർപാസ്സും പുതിയ പാലവും നിർമിക്കും.

3 മീറ്റർ വീതിയുള്ള നടപ്പാത, ഫെൻസിംഗ്, കെട്ടിടങ്ങൾ, അകത്തേക്കും പുറത്തേക്കുമുള്ള കവാടങ്ങൾ, കാർപാർക്കുകൾ എന്നിവ ഉൾപ്പെടുന്ന നിർമ്മാണ അപേക്ഷയാണ് റോഡ്‌ ആക്ടിന് കീഴിൽ കൗൺസിൽ സമർപ്പിച്ചത്.

പദ്ധതിയെക്കുറിച്ചുള്ള വാദ-പ്രതിവാദങ്ങൾ കഴിഞ്ഞ വർഷം നടന്നു. പദ്ധതിയെ എതിർക്കുന്നവരിൽ ചില ഭൂവുടമകളും പരിസ്ഥിതി പ്രവർത്തകരും ഉൾപ്പെടുന്നു. നിർബന്ധിത വാങ്ങൽ ഓർഡറുകളെക്കുറിച്ച് ചർച്ചയിൽ ഇവർ ചൂണ്ടിക്കാട്ടി.

അത്തരം ഉത്തരവുകൾ ഉപയോഗിക്കുന്നതിനെ ഐ‌.എഫ്‌.എ. ശക്തമായി എതിർത്തു. ഭൂവുടമകളുമായി ഇടപഴകുന്നതിൽ കൗൺസിൽ പരാജയപ്പെട്ടുവെന്നും ഇവർ വാദിച്ചു. എന്നാൽ ആൻ ബോർഡ്‌ പ്ലീനാല പദ്ധതി അംഗീകരിച്ചു. ഹരിതപാതകൾ പൊതുജനങ്ങളുടെയും സമൂഹത്തിന്റെയും താൽപ്പര്യത്തിനും പ്രയോജനത്തിനും വേണ്ടിയാണെന്ന് പറഞ്ഞു. പ്രദേശത്തിന്റെ സാമ്പത്തിക പുനരുജ്ജീവനത്തിന് ഉത്തേജനം നൽകാൻ ഇതിലൂടെ സാധിക്കുമെന്നും പ്ലീനാല വ്യക്തമാക്കി.

കൗണ്ടി കൗൺസിൽ ചെയർമാൻ കോൾ പാട്രിക് ഈ തീരുമാനത്തെ സ്വാഗതം ചെയ്തു. ഇത് തെക്കൻ കെറിക്ക് വളരെയധികം ഉത്തേജനം നൽകുമെന്ന് അദ്ദേഹം പറഞ്ഞു.

സൈക്ലിംഗിനും നടത്തത്തിനുമുള്ള താൽപര്യം കണക്കിലെടുത്ത് പ്രദേശത്തെ സാമ്പത്തികമായും സാമൂഹികമായും പുനരുജ്ജീവിപ്പിക്കുകയെന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്ന് കൗൺസിൽ പ്ലീനാലയെ അറിയിച്ചു.

പദ്ധതിയുടെ ആസൂത്രണ അംഗീകാരത്തിൽ പതിനൊന്ന് വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പാരിസ്ഥിതിക ആഘാതങ്ങൾ ഉണ്ടാകരുത്, വാലന്റിയ എസ്റ്റ്യൂറിയയെ ബാധിക്കുന്ന ചില പദ്ധതികൾ ഒഴിവാക്കണം. കെറി സ്ലഗ്, ശുദ്ധജല മുത്ത്, മുത്തുച്ചിപ്പി, ബാഡ്ജർ, ഹോഴ്‌സ്‌ഹോ ബാറ്റ്, ഒട്ടർ തുടങ്ങിയ സംരക്ഷിത ഇനങ്ങളുടെ മേൽനോട്ടത്തിനായി ഒരു പരിസ്ഥിതി ശാസ്ത്രജ്ഞനെ നിയോഗിക്കണം. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് നിരവധി നിബന്ധനകളും മുന്നോട്ടു വച്ചിട്ടുണ്ട്.

ടൂറിസത്തിനും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയ്ക്കും ഇതുപോലുള്ള പദ്ധതികൾ പ്രധാനമാണ്‌. എന്നിരുന്നാലും തീരുമാനത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് പഠിക്കുകയാണെന്നും ഭൂവുടമകളുമായി ആലോചിക്കുമെന്നും ഹരിത പാതയ്ക്കുള്ള സി‌.പി‌.ഒ.കൾ ഒഴിവാക്കണമെന്നും ഐ.എഫ്.എ. പറഞ്ഞു. കൂടാതെ തെക്കൻ കെറിയിലെ ആളുകളിൽ നിന്നുള്ള സമീപനം പ്രതികൂലമാണെന്നും ഐ.എഫ്.എ. വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: