മൂന്നാം ലെവൽ വിദ്യാർത്ഥികൾക്കുള്ള 250 യൂറോയുടെ റീഫണ്ട് അടുത്ത ആഴ്ചയിൽ ലഭ്യമാകും

മൂന്നാം ലെവൽ വിദ്യാർത്ഥികൾക്കുള്ള റീഫണ്ടുകൾ വരുന്ന ആഴ്ചകളിൽ ലഭിക്കും. ആയികണക്കിന് വിദ്യാർത്ഥികൾക്കാകും ഈ റീഫണ്ടുകൾ ലഭിക്കുക. 250 യൂറോ  വീതം വിലയുള്ള റീഫണ്ടുകളോ ക്രെഡിറ്റ് നോട്ടുകളോ ലഭിക്കും.

മൊത്തം 50 ദശലക്ഷം യൂറോ ഈ  ഒറ്റത്തവണ പേയ്‌മെന്റുകൾക്കായി ചിലവാകും. ഈ അധ്യയന വർഷം ഓൺലൈൻ പഠനത്തിലേക്ക്  മാറേണ്ടി വന്ന വിദ്യാർത്ഥികൾക്കുള്ള  നഷ്ടപരിഹാരമായിട്ടാണ് ഈ തുക നൽകുക.

റീഫണ്ടുകൾക്ക് അർഹരായവർ 3,000 യൂറോ സ്റ്റുഡന്റ് രജിസ്ട്രേഷൻ ഫീസ് അടച്ചവരോ സൂസി ഗ്രാന്റുകൾ സ്വീകരിക്കുന്ന ബിരുദ വിദ്യാർത്ഥികളോ ആയിരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി സൈമൺ ഹാരിസ് ഒറിയാച്ചാസ് വിദ്യാഭ്യാസ സമിതി മുൻപാകെ ഇന്നലെ അറിയിച്ചു.

സാധ്യമെങ്കിൽ ക്രിസ്മസിന് മുമ്പ് സൂസി ഗ്രാന്റിൽ നിന്നുള്ള ടോപ്പ്-അപ്പ് ഗ്രാന്റ് വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. മറ്റ് വിദ്യാർത്ഥികൾക്ക് റീഫണ്ടുകൾ എങ്ങനെ നൽകുമെന്നതിനെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നുണ്ട്. ഇത് ഒരു ഫീസ് ഇളവ് ആയോ അല്ലെങ്കിൽ ക്രെഡിറ്റ് നോട്ടിന്റെ രൂപത്തിലോ ആകാമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

പദ്ധതി എങ്ങനെ പ്രവർത്തിക്കുമെന്നതിനെക്കുറിച്ചുള്ള വിശദവിവരങ്ങൾ അടുത്ത ആഴ്ച മന്ത്രിസഭയിൽ അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബറിൽ സി‌എ‌ഒ പോയിൻറ് സമ്മർദ്ദം ലഘൂകരിക്കുന്നതിനായി സൃഷ്ടിച്ച രണ്ടായിരത്തിലധികം അധിക ഉന്നത വിദ്യാഭ്യാസ കോഴ്‌സുകൾ വരും വർഷങ്ങളിൽ ഈ സംവിധാനത്തിൽ നിലനിർത്തുമെന്നും മന്ത്രി സ്ഥിരീകരിച്ചു.

അടുത്ത ജൂണിൽ ഈ വർഷത്തെ ലീവിംഗ് സെർട്ട് പരീക്ഷ എഴുതാൻ പോകുന്ന വിദ്യാർത്ഥികൾക്ക് പോയിന്റ് സമ്മർദ്ദം ലഘൂകരിക്കാൻ ഇത് സഹായിക്കും.ഈ വർഷം വിദ്യാർത്ഥികൾക്ക് ഭയാനകമായ ഒരു വർഷമായിരുന്നു. എന്നാൽ ഈ അനുഭവങ്ങൾ ഉന്നത വിദ്യാഭ്യാസ മേഖല വികസിപ്പിക്കുന്നതിനുള്ള സുപ്രധാന നിക്ഷേപമായിരിക്കുമെന്ന്  പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

കൂടാതെ അടുത്ത വർഷം 2,700 ബിരുദ കോളേജുകൾക്ക് ധനസഹായം നൽകിയിട്ടുണ്ട്. കോവിഡ് -19 നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലും ഒന്നാം വർഷ, അവസാന വർഷ വിദ്യാർത്ഥികൾക്കായി ക്യാമ്പസ് പ്രവർത്തനങ്ങൾ നടത്താൻ മുൻഗണന നൽകണമെന്നും വിദ്യാഭ്യാസ വകുപ്പ് കോളേജുകൾക്ക്‌ നിർദ്ദേശം നൽകിയിട്ടുണ്ട്.

വിദൂര പഠനത്തിന് ഊന്നൽ നൽകുന്നതിനാൽ വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോകൽ നിരക്ക് ഉയരുമെന്ന ആശങ്കകൾ പരിഹരിക്കുന്നതിനാണ് ഈ നീക്കം. വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തെക്കുറിച്ചും ക്ഷേമത്തെക്കുറിച്ചും ഡ്രോപ്പ് ഔട്ട് നിരക്കിനെക്കുറിച്ചും ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: