കാലവും തോറ്റു ഈ കാല്‍പ്പന്തുകാരനോട്; പെലെയുടെ റെക്കോര്‍ഡ് മറികടന്ന് മെസ്സി

ഒരു ക്ലബ്ബിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ കളിക്കാരന്‍ എന്ന റെക്കോര്‍ഡ് ഇനി മെസ്സിക്ക് സ്വന്തം. കഴിഞ്ഞ ദിവസം റയല്‍ വല്ലാഡോളിഡിനെതിരെ 65ാം മിനിറ്റില്‍ തൊടുത്ത ഷോട്ട് ഗോള്‍വല കുലുക്കിയതോടെ പെലെയുടെ നേട്ടം മറികടന്ന മെസ്സി ബാഴ്‌സലോണയ്ക്കായി 644ാം ഗോള്‍ നേടി. കഴിഞ്ഞയാഴ്ച നടന്ന മത്സരത്തിലും ഗോള്‍ നേടിയതോടെ 643 ഗോളുകളുമായി പെലെയുമായി റെക്കോര്‍ഡ് പങ്കിട്ടിരുന്നു മെസ്സി.

2003-ല്‍ തന്റെ 16ാം വയസിലാണ് മെസ്സി ബാഴ്‌സലോണയുടെ ഭാഗമാകുന്നത്. തുടര്‍ന്ന് ക്ലബ്ബിനായി 2005-ല്‍ ആദ്യ ഗോള്‍ നേടി. ക്ലബ്ബിനായി 17 സീസണുകളില്‍ ബൂട്ടണിഞ്ഞ മെസ്സി പത്ത് തവണ സ്പാനിഷ് ലീഗ് കിരീടം നേടാനും, നാല് തവണ ചാമ്പ്യന്‍സ് ലീഗ് കപ്പുയര്‍ത്താനും ബാഴ്‌സയ്ക്ക് കരുത്തേകി.

അതേസമയം വര്‍ഷങ്ങള്‍ നീണ്ട ബാഴ്‌സയുമായുള്ള ബന്ധം അവസാനിപ്പിക്കാനൊരുങ്ങുകയാണ് 33 കാരനായ മെസ്സി. ഈ സീസണോടെ അവസാനിക്കുന്ന കരാര്‍ പുതുക്കേണ്ടെന്നാണ് തീരുമാനിച്ചിരിക്കുന്നത്. ബാഴ്‌സ വിടുന്ന മെസ്സിയെ റാഞ്ചാനായി കോടികളുമായി കാത്തിരിക്കുന്നവരില്‍ പ്രധാന ക്ലബ്ബുകള്‍ മാഞ്ചസ്റ്റര്‍ സിറ്റിയും പിഎസ്ജിയുമാണ്.

Share this news

Leave a Reply

%d bloggers like this: