പുതിയ Shared Equity Loan പദ്ധതി ഗുണകരമോ? ഭവനമന്ത്രി കുത്തകകള്‍ക്ക് ഒത്താശ ചെയ്യുന്നുവെന്ന് വിമര്‍ശനം

ഭവനമന്ത്രി Darragh O’Brien ഡിസംബര്‍ 22ന് പ്രഖ്യാപിച്ച Shared Equity Loan പദ്ധതി വന്‍കിട കെട്ടിടനിര്‍മ്മാണ കമ്പനികള്‍ക്ക് ഒത്താശ ചെയ്യുന്നതെന്ന് വിമര്‍ശനം. ഈ വര്‍ഷം ആദ്യം കെട്ടിട നിര്‍മ്മാതാക്കളുടെ സംഘടനകളായ Irish Institutional Property, Property Industry Ireland എന്നിവ ഇതിന് സമാനമായ പദ്ധതികള്‍ നിര്‍ദ്ദേശിച്ച കാര്യമാണ് Sinn Fein വക്താവും പാര്‍പ്പിട വിദഗ്ദ്ധനുമായ Eoin O Broin ചൂണ്ടിക്കാട്ടുന്നത്. ഇതിന്റെ ബാക്കിപത്രമായി വ്യക്തതയില്ലാത്ത ഒരു ബില്‍ അവതരിപ്പിക്കുകയും, അത് പാസാക്കിയെടുക്കുകയും മാത്രമാണ് മന്ത്രി ഇപ്പോള്‍ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം കാര്യകാരണ സഹിതം വ്യക്തമാക്കുന്നു.

Shared Equity Loan പദ്ധതി പ്രകാരം ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് (ബന്ധം വേര്‍പെട്ടത് കാരണം വീട് നഷ്ടമായവര്‍ക്കും) ഭവന വിലയുടെ 30% വരെ സഹായം സര്‍ക്കാര്‍ നല്‍കും. Secondary loan ഇനത്തില്‍ സര്‍ക്കാര്‍ ഏജന്‍സിയാണ് ഈ തുക നല്‍കുക. 400,000 യൂറോ മുതല്‍ മുകളിലോട്ട് വിലയുള്ള വീടുകള്‍ വാങ്ങുമ്പോള്‍ 100,000 യൂറോ വരെ സഹായം ലഭിക്കുന്ന തരത്തിലാണ് പദ്ധതി. ഇതിനൊപ്പം തന്നെ റവന്യൂവിന്റെ നിലവിലുള്ള Help to buy പദ്ധതി പ്രകാരം ടാക്‌സ് ഇളവും ലഭിക്കും. അഞ്ച് വര്‍ഷത്തിന് ശേഷം 1.5% പലിശ നിരക്കില്‍ ഈ ലോണ്‍ തിരിച്ചടച്ച് തുടങ്ങണം.

എന്നാല്‍ ഇതേ പദ്ധതികളാണ് ചെറിയ മാറ്റങ്ങളോടെ വന്‍കിട കെട്ടിടനിര്‍മ്മാണ കമ്പനികളുടെ സംഘടനകളായ Irish Institutional Property, Property Industry Ireland എന്നിവ ഈ വര്‍ഷമാദ്യം മുമ്പോട്ടു വച്ചത്.

Cairn, Hines, Glenveagh, Kennedy Wilson, Hibernia REIT തുടങ്ങി 14 കുത്തക കെട്ടിട നിര്‍മ്മാണ കമ്പനികളെ പ്രതിനിധീകരിക്കുന്ന Irish Institutional Property-യുടെ പദ്ധതി ഇപ്രകാരം: 30% secondary loan, ആറാം വര്‍ഷം 1.75% പലിശനിരക്കില്‍ തിരിച്ചടവ്. 2020 മാര്‍ച്ചിലാണ് സംഘടന പദ്ധതി പുറത്തുവിട്ടത്. Fianna Fail-ന്റെ മുന്‍ സെക്രട്ടറി കൂടിയാണ് Irish Institutional Propetry-യുടെ തലവനായ Pat Farrell എന്ന കാര്യവും O Broin ചൂണ്ടിക്കാട്ടുന്നു.

മറ്റൊരു സംഘടനയായ Property Industry Ireland, 2020 മെയില്‍ മുന്നോട്ടുവച്ച പദ്ധതിയിലും 25 മുതല്‍ 30% വരെ secondary loan, ആറാം വര്‍ഷം 1.1% പലിശനിരക്കില്‍ തിരിച്ചടവ് എന്നീ നിര്‍ദ്ദേശങ്ങളാണ്. ഇതേ കാര്യങ്ങള്‍ ചെറിയ വ്യത്യാസത്തോടെ ആവര്‍ത്തിക്കുക മാത്രമാണ് ഭവനമന്ത്രി ഇപ്പോള്‍ മന്ത്രി ചെയ്തിട്ടുള്ളത്.

ഭവനവില കൂടുന്ന സാഹചര്യത്തില്‍ ഇത്തരമൊരു പദ്ധതി വീട് വാങ്ങുന്നവര്‍ക്ക് ഇരട്ടി പ്രയാസം സൃഷ്ടിക്കുന്നവയാകുമെന്നാണ് O Broin പറയുന്നത്. പദ്ധതി നിലവില്‍ വന്നാല്‍ മേഖലയില്‍ പണപ്പെരുപ്പമുണ്ടാകില്ലെന്നാണ് മന്ത്രി വാദിക്കുന്നതെങ്കിലും ഇതേ പദ്ധതി 2013 മുതല്‍ നിലവിലുള്ള യു.കെയിലെ പ്രശ്‌നങ്ങളിലേയ്ക്ക് വിരല്‍ ചൂണ്ടുകയാണ് O Broin. യു.കെയില്‍ പദ്ധതി നിലവില്‍ വന്നിട്ടും വീടുകള്‍ക്ക് വില കുറഞ്ഞില്ലെന്നും, ലോണുകള്‍ നിയന്ത്രണമില്ലാതെ പെരുകി കടക്കാരെ സമ്മര്‍ദ്ദത്തിലാക്കിയെന്നും അദ്ദേഹം പറയുന്നു. യു.കെയിലെ shared equity scheme രാജ്യത്ത് ഭവനവില ഉയര്‍ത്തിയെന്ന് സ്വതന്ത്ര ഏജന്‍സിയായ Shelter-ഉം കണ്ടെത്തിയിരുന്നു. വീടുകള്‍ക്ക് ശരാശരി 8,250 പൗണ്ട് വില ഉയരാന്‍ പദ്ധതി കാരണമായി. ചെറിയൊരു വിഭാഗം ആളുകള്‍ക്ക് മാത്രമാണ് പദ്ധതി ഗുണം ചെയ്തത്.

അയര്‍ലണ്ടില്‍ പദ്ധതിക്കായി 75 മില്യണ്‍ യൂറോ 2021 ബജറ്റില്‍ വകയിരുത്തിയിട്ടുണ്ടെന്നാണ് ഭവന മന്ത്രി Darragh O Brien പറഞ്ഞത്. പദ്ധതി പ്രകാരം അടുത്ത വര്‍ഷം 2,000 പേര്‍ സ്വന്തമായൊരു വീട് എന്ന സ്വപ്‌നം പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ സെപ്റ്റംബറില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിച്ച ബില്‍ ഡിസംബര്‍ വരെ നീണ്ടതു പോലും മന്ത്രിസഭയ്ക്കുള്ളില്‍ തന്നെ പദ്ധതിയോടുള്ള എതിര്‍പ്പാണെന്ന് വാദമുണ്ട്. Department of Public Expenditure and Reform സെക്രട്ടറി ജനറലായ Robert Watt ഈ എതിര്‍പ്പ് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു.

ഇപ്പോള്‍ത്തന്നെ മുന്‍ വര്‍ഷത്തെ പേക്ഷിച്ച് 7.4% വില വര്‍ദ്ധനയാണ് വീടുകള്‍ക്ക് ഉണ്ടായിട്ടുള്ളത്. Shared Equity പദ്ധതിയിലൂടെ വീടുകള്‍ സാധാരണാക്കാര്‍ക്ക് പ്രാപ്യമാകുകയല്ല, മറിച്ച് അവരെ കടക്കെണിയിലാക്കുകയാണ് ചെയ്യുകയെന്നും O Broin പറയുന്നു. ഡബ്ലിനില്‍ ഒരു വീട് വേണമെങ്കില്‍ ശരാശരി 391,000 യൂറോ നല്‍കേണ്ട അവസ്ഥയിലെത്തി നില്‍ക്കുകയാണ് നമ്മള്‍.

ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് ലോണ്‍ ലഭ്യമാക്കുകയല്ല പാര്‍പ്പിട പ്രതിസന്ധിക്കുള്ള പരിഹാരം. അങ്ങനെ ചെയ്യുന്നത് കെട്ടിട നിര്‍മ്മാതാക്കള്‍ക്ക് ഒത്താശ ചെയ്യലാണ്. ക്രിസ്മസിന് മുമ്പായി കുത്തക കമ്പനികള്‍ക്ക് മന്ത്രിയുടെ വകയായി നല്‍കിയ സമ്മാനമാണ് പദ്ധതിയെന്നും, അതുവഴി രാജ്യത്തെ നികുതിദായകരുടെ പണം പാഴാക്കുകയാണെന്നും O Broin വിമര്‍ശിക്കുന്നു.

Share this news

Leave a Reply

%d bloggers like this: