കോവിഡ് കാലം അവസരമാക്കി മാറ്റി ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍; പുതുതായി പണി തീര്‍ത്തത് നിരവധി നടപ്പാതകളും സൈക്കില്‍ പാതകളും

ഡബ്ലിന്‍ നഗരത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ പദ്ധതിയിട്ടിരുന്ന ട്രാഫിക് മാറ്റങ്ങള്‍ കോവിഡ് കാലത്ത് നടപ്പിലാക്കി ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍. സൈക്ലിങ്ങിനായി കൂടുതല്‍ സൗകര്യം ഒരുക്കുക, കാറുകള്‍ക്ക് നിയന്ത്രണങ്ങള്‍ വരുത്തുക തുടങ്ങി ഒരുപിടി മാറ്റങ്ങളാണ് ഏതാനും മാസങ്ങള്‍ക്കിടെ ഡബ്ലിന്‍ നഗരത്തില്‍ ഉണ്ടായിരിക്കുന്നത്. കോവിഡ് എത്തിയതോടെ ജനങ്ങള്‍ കൂടുതലായും നടപ്പാതകളും സൈക്കിളുകളും ഉപയോഗിച്ച് തുടങ്ങിയതും പദ്ധതി നടപ്പിലാക്കാന്‍ പ്രചോദനമായി.

സമീപം സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്ന Griffith Avenue പോലെയുള്ള സ്ഥലങ്ങളില്‍ സുരക്ഷിതമായ കാല്‍നടപ്പാതകളും, സൈക്കിള്‍ പാതകളും നിര്‍മ്മിച്ചു. Grangegorman, Pigeon House Road എന്നിവിടങ്ങളില്‍ കാറുകള്‍ കയറുന്നത് നിയന്ത്രിക്കുന്ന bollards സ്ഥാപിച്ചു.

അതേസമയം ഈ പരിഷ്‌കാരങ്ങള്‍ക്ക് പലയിടങ്ങളില്‍ നിന്നായി എതിര്‍പ്പുയരുകയും ചെയ്തു. College Green-ല്‍ നടപ്പാത നിര്‍മ്മിക്കാനുള്ള പദ്ധതി എതിര്‍ത്ത് രംഗത്തെത്തിയത് Dublin City Traders Alliance ആയിരുന്നു. കൃത്യമായ പഠനമില്ലാതെ ഇവിടെ നടപ്പാത നിര്‍മ്മിക്കരുതെന്നാവശ്യപ്പെട്ട സംഘടന, ഹൈക്കോടതി ഇടപെടല്‍ ഭീഷണിയും ഉയര്‍ത്തി. കൂടാതെ കാറുകള്‍ക്കായി നഗരത്തില്‍ കൂടുതല്‍ സൗകര്യമൊരുക്കാത്തതെന്ത് എന്ന ചോദ്യവും ഉയര്‍ന്നു. അതേസമയം നഗരത്തില്‍ കാറുകളുടെ എണ്ണം കൂടുതലാണെന്നും, അവ നിയന്ത്രിക്കേണ്ടതുണ്ടെന്നും മറുവാദമുണ്ട്.

കാര്‍ ഗതാഗതം നഗരത്തിനുള്ളില്‍ പരമാവധി കുറയ്ക്കുക എന്നതാണ് സിറ്റി കൗണ്‍സിലിന്റെ ലക്ഷ്യം. അതുവഴി പൊതുഗതാതം മെച്ചപ്പെടുത്താമെന്നും അധികൃതര്‍ കരുതുന്നു.

എന്നാല്‍ തങ്ങളുടെ ഉപഭോക്താക്കള്‍ ഭൂരിഭാഗവും എത്തുന്നത് കാറിലാണ് എന്നാണ് നഗരത്തിലെ വ്യാപാരികള്‍ പറയുന്നത്. കാറുകളുടെ വരവ് നിയന്ത്രിക്കുന്നത് കച്ചവടത്തെ കാര്യമായി ബാധിക്കും.

കോവിഡ് ബാധ കാല്‍നട യാത്രയ്ക്കായി കൂടുതല്‍ പേരെ പ്രചോദിപ്പിച്ചുവെന്നാണ് കരുതപ്പെടുന്നത്. Grafton Street-ല്‍ പുത്തന്‍ നടപ്പാതകള്‍ നിര്‍മ്മിച്ചുകൊണ്ടാണ് സിറ്റി കൗണ്‍സില്‍ ഇവരെ സ്വാഗതം ചെയ്തത്. ഓപ്പണ്‍ സ്‌പേസുകളില്‍ റസ്റ്ററന്റുകള്‍ നടത്താന്‍ അനുമതി നല്‍കിയത് നഗരത്തിലേയ്ക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കാന്‍ കാരണമായി.

Liffey Cycle Route നിര്‍മ്മിക്കാനുള്ള പദ്ധതി 2012 മുതല്‍ നിലവിലുണ്ടെങ്കിലും പല കാരണങ്ങളാല്‍ നീണ്ടുപോകുകയാണ്. ബോര്‍ഡ് വാക്ക് അടക്കമുള്ള നിര്‍മ്മാണപ്രവൃത്തികള്‍ ഏറെയുള്ളതിനാല്‍ 2024ഓടെയേ പദ്ധതി പൂര്‍ത്തീകരിക്കാനാകൂ. അതുവരെ താല്‍ക്കാലിക സൈക്കിള്‍ റൂട്ട് നിര്‍മ്മിക്കാനാണ് കൗണ്‍സിലിന്റെ തീരുമാനം. ഇതിനുള്ള ജോലികള്‍ ഉടന്‍ ആരംഭിക്കും. എന്നാല്‍ കണ്‍സ്ട്രക്ഷന്‍ ബിസിനസുകാരായ Noel Smyth ഇതിനെ എതിര്‍ക്കുകയും, നിയമവിരുദ്ധമായ നിര്‍മ്മാണപ്രവൃത്തിയാണിതെന്ന് വാദിക്കുകയും ചെയ്യുകയാണ്. എന്നാല്‍ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് കൗണ്‍സില്‍ അധികൃതരുടെ തീരുമാനം.

കോവിഡ് ബാധയ്ക്ക് മുമ്പുള്ള സൈക്ലിസ്റ്റുകള്‍ നഗരത്തില്‍ ഇപ്പോഴില്ലെങ്കിലും 80% വരെ വര്‍ദ്ധനയുണ്ടായിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. വരും മാസങ്ങളില്‍ ഇത് ഇനിയും വര്‍ദ്ധിക്കും. കാര്‍ യാത്രികര്‍ 86% തിരികെ വന്നുതുടങ്ങിയിട്ടുണ്ട്. എന്നാല്‍ പുതുവര്‍ഷത്തോടനുബന്ധിച്ച് കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത് തിരക്ക് കുറയാന്‍ കാരണമാകും.

നഗരത്തില്‍ ഇനി പ്രധാനമായും നടപ്പിലാക്കുന്ന വമ്പന്‍ പദ്ധതികളിലൊന്ന് Strand Road Cycleway ആണ്. ഇതിന്റെ ഭാഗമായി ഫെബ്രുവരി ആദ്യവാരം മുതല്‍ കാറുകള്‍ക്ക് ഇവിടെ ഒരു ലെയ്‌നില്‍ മാത്രമേ സഞ്ചരിക്കാന്‍ കഴിയൂ. ഇവിടെ ടു വേ സൈക്കിള്‍ പാതയാണ് നിര്‍മ്മിക്കുക. എന്നാല്‍ പ്രദേശവാസികളുടെ എതിര്‍പ്പ് പദ്ധതിക്ക് ഭീഷണിയുയര്‍ത്തുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: