അയര്‍ലണ്ടില്‍ നഴ്‌സിങ് വിദ്യാര്‍ത്ഥികളുടെ ക്ലിനിക്കല്‍ പ്ലേസ്‌മെന്റ് നിര്‍ത്തിവച്ചു; പരിശീലകരെ പ്രതിരോധ പ്രവര്‍ത്തനത്തില്‍ പങ്കെടുപ്പിക്കാന്‍ തീരുമാനം

അയര്‍ലണ്ടില്‍ കോവിഡ് പ്രതിരോധത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി വിദഗ്ദ്ധപരിശീലനം ലഭിച്ച നഴ്‌സുമാരെ, നഴ്‌സിങ് ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ട്രെയിനിങ് നല്‍കുന്നതില്‍ നിന്നും തിരികെ വിളിച്ച് HSE. ജനുവരി 18 മുതല്‍ കുറഞ്ഞത് രണ്ടാഴ്ചത്തേയ്ക്ക് 1 മുതല്‍ 3  വരെ വര്‍ഷക്കാരായ നഴ്‌സിങ്, മിഡ് വൈഫറി വിദ്യാര്‍ത്ഥികള്‍ക്ക് ക്ലിനിക്കല്‍ പ്ലേസ്‌മെന്റ് നല്‍കേണ്ടെന്നും നിര്‍ദ്ദേശമുണ്ട്. രാജ്യത്തെ നഴ്‌സിങ്, മിഡ് വൈഫറി വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്ന നഴ്‌സുമാരെക്കൂടി ഉള്‍പ്പെടുത്തി കോവിഡ് പ്രതിരോധപ്രവര്‍ത്തനം വിപുലീകരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനം.

രാജ്യത്തെ 1 മുതല്‍ 3 വരെ വര്‍ഷക്കാരായ 2,000-ലേറെ നഴ്‌സിങ് ബിരുദ വിദ്യാര്‍ത്ഥികളെ തീരുമാനം പ്രതികൂലമായി ബാധിക്കും. നഴ്‌സിങ് വിദ്യാര്‍ത്ഥികളെ സൂപ്പര്‍വൈസ് ചെയ്യുകയും, പഠനത്തില്‍ സഹായിക്കുകയും ചെയ്യുന്ന വിദഗ്ദ്ധ നഴ്‌സുമാര്‍ക്ക് കോവിഡ് പ്രതിരോധത്തിന്റെ ഡ്യൂട്ടിയായിരിക്കും ഇനിയുള്ള ദിവസങ്ങളില്‍. രാജ്യത്ത് കോവിഡ് ബാധ രൂക്ഷമായിരിക്കുകയും, അതേസമയം പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി ആവശ്യത്തിന് നഴ്‌സുമാരെയും മറ്റ് ആരോഗ്യപ്രവര്‍ത്തകരെയും ലഭിക്കാതിരിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്.

അതേസമയം നഴ്‌സിങ് വിദ്യാര്‍ത്ഥികളുടെ ക്ലിനിക്കല്‍ പ്ലേസ്‌മെന്റ് കഴിയുന്നത്ര വേഗം പുനഃസ്ഥാപിക്കുമെന്ന് ആരോഗ്യമന്ത്രി ഉറപ്പു നല്‍കുകയും ചെയ്തു. നാലാം വര്‍ഷ നഴ്‌സിങ്, മിഡ് വൈഫറി വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന ഇന്റേണ്‍ഷിപ്പും മറ്റ് പരിശീലന പരിപാടികളും തടസമില്ലാതെ തുടരുമെന്ന് HSE അറിയിച്ചിട്ടുണ്ട്. ഇവരെ സമ്മര്‍ദ്ദം ചെലുത്താത്ത രീതിയില്‍ rostering അടക്കമുള്ള സഹായങ്ങള്‍ക്കായി ഉപയോഗപ്പെടുത്തും.

അതേസമയം കോവിഡ് പ്രതിരോധപ്രവര്‍ത്തനത്തിന്റെ മുന്‍നിരയിലുള്ള നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ക്ക് ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാര്‍ക്ക് തുല്യമായ രീതിയില്‍ വേതനം നല്‍കുന്നത് (മാര്‍ച്ച് മാസത്തില്‍ നല്‍കിയത് പോലെ) സംബന്ധിച്ച് വ്യക്തത വരുത്തണമെന്ന് INMO-യും വിദ്യാര്‍ത്ഥി യൂണിയനും ആവശ്യപ്പെട്ടു. ഇക്കാര്യം ഉടന്‍ തന്നെ പരിഗണിക്കുമെന്നും, പ്രതിരോധ നിരയിലുള്ള നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ക്ക് നന്ദിയറിയിക്കുന്നതായും ആരോഗ്യമന്ത്രി Stephen Donnelly പ്രതികരിച്ചു.

Share this news

Leave a Reply

%d bloggers like this: