പ്രായം നിർണ്ണയിക്കാൻ സാധിക്കാത്ത ഉപയോക്താക്കളെ ബ്ലോക്ക് ചെയ്യാൻ ടിക് ടോക്കിനോട് ഇറ്റലി

പ്രായം നിര്‍ണ്ണയിക്കാന്‍ സാധിക്കാത്ത ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്ന് വീഡിയോ ആപ്പായ ടിക് ടോക്കിനോട് ഇറ്റലി. ടിക് ടോക് ഉപയോക്താവായ 10 വയസുകാരി ഇറ്റലിയില്‍ മരിച്ചതിനെത്തുടര്‍ന്നാണ് ഇറ്റാലിയന്‍ ഡാറ്റ പ്രൈവസി വകുപ്പ് പുതിയ ഉത്തരവിറക്കിയത്. 13 വയസിന് താഴെയുള്ളവര്‍ ടിക് ടോക് ഉപയോഗിക്കരുതെന്നാണ് ആപ്പ് പോളിസിയെങ്കിലും ആര്‍ക്കും എളുപ്പത്തില്‍ അക്കൗണ്ട് ഉണ്ടാക്കാവുന്ന വിധത്തിലാണ് ടിക് ടോക്കിന്റെ പ്രവര്‍ത്തനം. ഫെബ്രുവരി 15-നകം വയസ് വ്യക്തമാക്കാത്ത ഉപയോക്താക്കളെ ബ്ലോക്ക് ചെയ്യണമെന്നാണ് ചൈനീസ് കമ്പനിയായ ടിക് ടോക്കിനുള്ള ഉത്തരവ്.

ടിക് ടോക്കില്‍ പുതുതായി ട്രെന്‍ഡായ ‘ബ്ലാക്ക് ഔട്ട് ചലഞ്ചില്‍’ പങ്കെടുക്കവേയാണ് പത്തു വയസുകാരിയായ പെണ്‍കുട്ടി സിസിലിയിലെ പലേര്‍മോയില്‍ ശ്വാസം മുട്ടി മരിച്ചത്. കഴുത്തിന് ചുറ്റും ബെല്‍റ്റ് വരിഞ്ഞുമുറുക്കി ബോധം കെട്ട് വീഴുന്ന തരത്തിലുള്ള വീഡിയോ ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. പെണ്‍കുട്ടി സ്ഥിരമായി ടിക് ടോക്, യൂട്യൂബ് എന്നീ വീഡിയോ ആപ്പുകള്‍ ഉപയോഗിക്കുമായിരുന്നുവെന്ന് പിതാവ് പറഞ്ഞിരുന്നു. ആത്മഹത്യാ സാധ്യതയും, മറ്റാരെങ്കിലും ചലഞ്ചില്‍ പങ്കെടുക്കാന്‍ കുട്ടിയെ ക്ഷണിച്ചതാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

ഉത്തരവിനെത്തുടര്‍ന്ന് ഉപയോക്താക്കളുടെ, പ്രത്യേകിച്ച് ചെറുപ്പക്കാരായ ഉപയോക്താക്കളുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കുമാണ് തങ്ങള്‍ പ്രാധാന്യം നല്‍കുന്നതെന്നും, ഇതിനായി തങ്ങളുടെ പോളിസിയും സാങ്കേതിക സംവിധാനവും മെച്ചപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും ടിക് ടോക് വക്താവ് പറഞ്ഞു.

പ്രായപൂര്‍ത്തായാകാത്ത കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഡിസംബറില്‍ തന്നെ ടിക് ടോക്കിനെ ആശങ്കയറിച്ചിച്ചിരുന്നുവെന്നാണ് ഇറ്റലിയുടെ ഡാറ്റ പ്രൈവസി വകുപ്പ് പറയുന്നത്.

Share this news

Leave a Reply

%d bloggers like this: