കോവിഡ്; അയർലണ്ടിൽ ഡ്രൈവർ ടെസ്റ്റുകൾ ഓൺലൈനായി നടത്താൻ റോഡ് സേഫ്റ്റി അതോറിറ്റി

കോവിഡ് പ്രതിസന്ധി കാരണം മോട്ടോര്‍വാഹന തിയറി പരീക്ഷ എഴുതാന്‍ കഴിയാതെ കാത്തുകിടക്കുന്ന ആയിരക്കണക്കിന് ഐറിഷുകാര്‍ക്ക് ആശ്വാസവുമായി റോഡ് സേഫ്റ്റി അതോറിറ്റി (RSA). ഇവര്‍ക്ക് ഓണ്‍ലൈനില്‍ തിയറി പരീക്ഷയെഴുതാന്‍ സൗകര്യമൊരുക്കാന്‍ ശ്രമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

നേരിട്ടുള്ള പരീക്ഷ പുനഃസ്ഥാപിക്കാന്‍ ഇനിയും മാസങ്ങളെടുക്കുമെന്നതിനാലാണ് പുതിയ നീക്കമെന്നും RSA വക്താവ് വ്യക്തമാക്കി. കോവിഡ് ഭീഷണിയൊഴിഞ്ഞ് പരീക്ഷകള്‍ നേരിട്ട് നടത്താനാകുന്ന സാഹചര്യമൊരുങ്ങിയാല്‍ മാസത്തില്‍ 25,000 പേരെ വീതം പങ്കെടുപ്പിക്കുന്ന രീതീയില്‍ പരീക്ഷാക്രമത്തില്‍ മാറ്റം വരുത്തുമെന്നും RSA വക്താവ് പറഞ്ഞു.

പുതിയ RSA കസ്റ്റമര്‍ പോര്‍ട്ടലില്‍ കഴിഞ്ഞയാഴ്ച അനുഭവപ്പെട്ട അനിയന്ത്രിതമായ തിരക്ക് കാരണം സര്‍വീസുകള്‍ വൈകുകയോ മുടങ്ങിയോ ചെയ്തിരുന്നു. ഇതെത്തുടര്‍ന്ന് അവശ്യ ജോലിക്കാരല്ലാത്തവര്‍ ഡ്രൈവിങ് ടെസ്റ്റിന് അപേക്ഷിക്കുന്നത് മാറ്റിവയ്ക്കണമെന്ന് RSA അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. ഇവര്‍ക്ക് ഫീസ് നഷ്ടമാകില്ലെന്നും, ലെവല്‍ 5 ലോക്ക്ഡൗണ്‍ സമയത്ത് അവശ്യ ജോലിക്കാര്‍ക്ക് ടെസ്റ്റ് നടത്തുന്നതിനാണ് മുന്‍ഗണനയെന്നും അധികൃതര്‍ വ്യക്തമാക്കി. ബസ്, ട്രക്ക് എന്നിവയുടെ ലൈസന്‍സിനായി അപേക്ഷിക്കുന്നവര്‍ക്കും, CPC (certificate of professional competency) വേണ്ടവര്‍ക്കും, ADI (approved driving instructor) ആവശ്യമായവര്‍ക്കും ഓണ്‍ലൈന്‍ വഴി തിയറി ടെസ്റ്റില്‍ പങ്കെടുക്കാം.

അതേസമയം ഓണ്‍ലൈന്‍ ടെസ്റ്റില്‍ പങ്കെടുക്കുന്നതിനും ചില നിബന്ധനകളുണ്ട്. ഗുണമേന്മയുള്ള വെബ്ക്യാമറ ഘടിപ്പിക്കുക, കംപ്യൂട്ടര്‍ വച്ചിരിക്കുന്ന റൂമില്‍ മറ്റാരും ഉണ്ടാകാതിരിക്കുക (ടെസ്റ്റില്‍ അവര്‍ സഹായിച്ചേക്കാം) തുടങ്ങിയ നിബന്ധനകള്‍ കര്‍ശനമായി പാലിക്കണം.

കോവിഡ് കാരണം ടെസ്റ്റ് നടത്തിപ്പ് നിലച്ചതോടെ അപേക്ഷകള്‍ കുന്നുകൂടിയിരിക്കുകയാണ്. നിലവില്‍ മാസം 26,000 പേര്‍ക്ക് വീതം ഡ്രൈവര്‍ ടെസ്റ്റ് നടത്തിയാല്‍ മാത്രമേ ഇത് പരിഹരിക്കാന്‍ സാധിക്കൂ. ലോക്ക്ഡൗണിന് മുമ്പ് മാസം 12,000 പേര്‍ എന്ന നിലയിലായിരുന്നു ടെസ്റ്റുകളുടെ എണ്ണം.

Share this news

Leave a Reply

%d bloggers like this: