കോവിഡ് പ്രതിസന്ധിക്കിടയിലും അയർലണ്ടിലെ ശതകോടീശ്വരന്മാരുടെ വരുമാനം 3.28 ബില്യണ്‍ ഉയർന്നു; ലോകം ഭീകരമായ സാമ്പത്തിക അസമത്വത്തിൽ

കോവിഡ് പ്രതിസന്ധി കാരണം സാമ്പത്തികരംഗം ആടിയുലഞ്ഞപ്പോഴും അയര്‍ലണ്ടിലെ ഒമ്പത് ശതകോടീശ്വരന്മാരുടെ വരുമാനത്തില്‍ വന്‍ വര്‍ദ്ധനയെന്ന് റിപ്പോര്‍ട്ട്. Oxfam പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഇവരുടെ ആകെ വരുമാനം 3.28 ബില്യണ്‍ യൂറോ വര്‍ദ്ധിച്ചതായാണ് പറയുന്നത്. അതേസമയം ഈ ലാഭത്തിന്റെ പത്തിലൊന്ന് തുക (300 മില്യണ്‍ യൂറോ) കോവിഡ് വാക്‌സിനായി ഇവര്‍ നല്‍കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോകത്ത് വര്‍ദ്ധിച്ചുവരുന്ന സാമ്പത്തിക അസമത്വത്തിന്റെ നേര്‍ച്ചിത്രമാണ് അയര്‍ലണ്ടിലുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ലോകമാകെ കോവിഡ് കാരണം സാമ്പത്തികപ്രതിസന്ധിയിലകപ്പെടുകയും, കോടിക്കണക്കിനാളുകള്‍ക്ക് ജോലി നഷ്ടമാകുകയും ചെയ്തപ്പോഴും, ലോകത്തെ പ്രധാനപ്പെട്ട 1,000 സമ്പന്നര്‍ക്ക് കോവിഡ് നഷ്ടം മറികടക്കാന്‍ വേണ്ടിവന്നത് വെറും 9 മാസമാണ്. കോവിഡ് ഏല്‍പ്പിച്ച സാമ്പത്തികാഘാതത്തില്‍ നിന്നും പുറത്തുകടക്കാന്‍ പാവപ്പെട്ടവര്‍ക്ക് ഇനി 10 വര്‍ഷമെങ്കിലും വേണ്ടിവരുമെന്ന കണക്ക് ഇതോടൊപ്പം ചേര്‍ത്തുവായിക്കണം.

Oxfam-ന്റെ Inequality Virus Report-ല്‍ അസമത്വത്തിന്റെ കൃത്യമായ സൂചന ജീവന്‍രക്ഷാ വാക്‌സിന്‍ വാങ്ങാന്‍ കഴിവുള്ളവരും, ഇല്ലാത്തവരും എന്ന കണക്കില്‍ നിന്നും വ്യക്തമാകുമെന്നും പറയുന്നു. ലോകമാകെ വാക്‌സിനായി പ്രതീക്ഷയോടെ കാത്തിരിക്കുമ്പോഴും ശക്തവും സമ്പന്നവുമായ രാജ്യങ്ങള്‍ വാക്‌സിന്റെ കാര്യത്തില്‍ അധീശത്വം സ്ഥാപിക്കുന്നതാണ് സ്ഥിതിവിശേഷം. ലോകത്തെ 14% ജനങ്ങള്‍ മാത്രം വസിക്കുന്ന അതിശക്തമായ രാജ്യങ്ങള്‍, ആകെ വാക്‌സിന്റെ പകുതിയിലേറെ വാങ്ങിക്കഴിഞ്ഞു എന്ന കണക്ക് ഇതിന്റെ ഭീകരത വ്യക്തമാക്കുന്നു. ഇത്തവണ ഓണ്‍ലൈനായി അവതരിപ്പിക്കപ്പെടുന്ന റിപ്പോര്‍ട്ടില്‍ ലോകനേതാക്കളായ ഷി ജിന്‍പിങ് (ചൈന), നരേന്ദ്ര മോദി (ഇന്ത്യ), ആംഗല മെര്‍ക്കല്‍ (ജര്‍മ്മനി), സിറില്‍ റാമഫോസ (സൗത്ത് ആഫ്രിക്ക) എന്നിവര്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്.

Share this news

Leave a Reply

%d bloggers like this: