ലിമറിക്കിൽ 45 മില്യന്റെ റോഡ് നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് ഭരണ കക്ഷിയിൽ തർക്കം രൂക്ഷമാകുന്നു; റോഡിനു പകരം റെയിൽവേ ലൈനാണ് ഗുണകരമെന്ന് ഗതാഗത മന്ത്രി

ലിമറിക്കിലെ റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഭരണകക്ഷിയിലെ നേതാക്കള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസം രൂക്ഷമാകുന്നു. Coonagh-Knockalisheen പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന 45 മില്യണ്‍ യൂറോ ചെലവ് വരുന്ന റോഡ് നിര്‍മ്മാണ പദ്ധതിക്ക് അംഗീകാരം നല്‍കാന്‍ ഗതാഗത മന്ത്രി Eamon Ryan വിസമ്മതിച്ചതോടെയാണ് തര്‍ക്കം തല പൊക്കിയത്. പദ്ധതി Moyross പ്രദേശത്ത് വലിയ വികസനത്തിന് സഹായകമാകുമെന്നും, 17 മില്യണ്‍ യൂറോ ഇതുവരെ ചെലവിട്ട റോഡ് നിര്‍മ്മാണം നിര്‍ത്തിവയ്ക്കുന്നത് സര്‍ക്കാരിന്റെ പദ്ധതിക്ക് വിഘാതം സൃഷ്ടിക്കുന്ന നടപടിയാണെന്നും ലിമറിക്ക് TD-യും Fianna Fail നേതാവുമായ Willie O’Dea വിമര്‍ശനമുയര്‍ത്തി.

2007-ല്‍ അംഗീകാരം നല്‍കിയ പദ്ധതിക്ക് തുടക്കമിടുന്ന നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ ഒപ്പു വയ്ക്കാന്‍ ഈയാഴ്ച ചേര്‍ന്ന Fianna Fail പാര്‍ലമെന്ററി പാര്‍ട്ടി യോഗം മന്ത്രി Eamon Ryan-ഓട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇങ്ങനെ ഒരു റോഡ് നിര്‍മ്മിച്ചത് കൊണ്ട് നേട്ടമില്ലെന്നും, പ്രദേശത്ത് റെയില്‍വേ അടക്കമുള്ള പൊതുഗതാഗതം സ്ഥാപിക്കണമെന്നുമാണ് Ryan നിലപാടെടുത്തത്. പദ്ധതി പ്രകാരം ഇതുവരെ ചെലവാക്കിയ തുക നഷ്ടമാകില്ലെന്നും, ഭാഗികമായി റോഡ് നിര്‍മ്മിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതിനൂതനവും, നിലവാരവുമുള്ള ഗതാഗത സംവിധാനമാണ് Moyross-ല്‍ താന്‍ വിഭാവനം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം റെയില്‍വേ ലൈന്‍ നിര്‍മ്മിക്കുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്നും, എന്നാല്‍ ഭാഗികമായി റോഡ് നിര്‍മ്മിക്കുന്നത് പ്രദേശത്തിന് യാതൊരു ഗുണവും ചെയ്യില്ലെന്നും TD O’Dea പറഞ്ഞു. പ്രദേശത്ത് നിക്ഷേപം സാധ്യമാക്കാന്‍ റോഡ് നിര്‍മ്മാണം അടിയന്തിരമായി നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ റോഡ് നിര്‍മ്മാണത്തിന് സമ്മതം നല്‍കാന്‍ ഗതാഗത മന്ത്രിയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്താനായി മന്ത്രി Niall Collins പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രി Ryan പദ്ധതിക്ക് അംഗീകാരം നല്‍കാന്‍ വിസമ്മതിക്കുമെന്ന കാര്യത്തെപ്പറ്റി പ്രാദേശിക നിര്‍മ്മാണ പദ്ധതികളുടെ ചുതലയുള്ള മന്ത്രിമാരായ Daragh O’Brien, Peter Burke എന്നിവര്‍ക്ക് അറിവുണ്ടായിരുന്നില്ലെന്നും കരുതപ്പെടുന്നു.

Share this news

Leave a Reply

%d bloggers like this: