ഇൻഷുറൻസ് ഭീമന്മാർക്കെതിരെ കേസ് ജയിച്ച് അയർലണ്ടിലെ പബ്ബ് ഉടമകൾ; സംഭവം ഭാവിയിൽ പ്രീമിയം തുക കൂട്ടാൻ കാരണമായേക്കുമെന്ന് വിദഗ്ദ്ധർ

കോവിഡ് നിയന്ത്രണങ്ങള്‍ കാരണം പബ്ബുകള്‍ അടച്ചിടേണ്ടി വന്നതിനെത്തുടര്‍ന്നുണ്ടായ നഷ്ടം ഇന്‍ഷുറന്‍സ് കമ്പനി നല്‍കണമെന്ന വാദവുമായി കോടതിയെ സമീപിച്ച നാല് പബ്ബ് ഉടമകള്‍ക്ക് അനുകൂലമായി വിധി. കോവിഡ് കാരണം മാര്‍ച്ചില്‍ പബ്ബുകള്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടതോടെ, ഈ നഷ്ടം നികത്താനുള്ള പണം ഇന്‍ഷുറന്‍സ് വഴി നല്‍കാന്‍ പബ്ബ് ഉടമകള്‍ ഇന്‍ഷുറന്‍സ് കമ്പനിയായ FBD-യോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ കമ്പനി ഇത് നിരസിച്ചതോടെയാണ്, എല്ലാ വിധ നഷ്ടങ്ങളും നികത്തുമെന്ന തരത്തിലാണ് പോളിസി കരാറെന്നും, കരാറിന്റെ ലംഘനമാണ് കമ്പനി നടത്തിയതെന്നും കാട്ടി പബ്ബ് ഉടമകള്‍ കേസ് ഫയല്‍ ചെയ്തത്. തുടര്‍ന്ന് വെള്ളിയാഴ്ച, ജഡ്ജ് Denis McDonald പബ്ബ് ഉടമകള്‍ക്ക് അനുകൂലമായി വിധിന്യായമെഴുതി.

വിധി അംഗീകരിച്ച FBD, വിധിയില്‍ കാര്യങ്ങളെക്കുറിച്ച് വ്യക്തത വരുത്തിയെന്നും, ഇന്‍ഷുറന്‍സ് തുക കഴിയുന്നത്ര വേഗം കൈമറുമെന്നും പ്രതികരിച്ചു.

അതേസമയം വിധി ഇത്തരത്തിലുള്ള കൂടുതല്‍ കേസുകള്‍ക്കും, ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ക്കും വഴിയൊരുക്കുമെന്നാണ് കരുതുന്നത്. നിലവില്‍ രാജ്യത്തെ 1,000-ലേറെ പബ്ബുകളാണ് FBD-യില്‍ നിന്നും ഇന്‍ഷുറന്‍സ് പോളിസികള്‍ എടുത്തിട്ടുള്ളത്. വിധിയെത്തുടര്‍ന്ന് തങ്ങളുടെ പോളിസി എടുത്ത മറ്റ് പബ്ബുകള്‍ക്കും നഷ്ടത്തിന് ആനുപാതികമായ തുക ഇന്‍ഷുറന്‍സ് ഇനത്തില്‍ നല്‍കുമെന്നും FBD അറിയിച്ചു. 2019-ലെ കണക്കനുസരിച്ച് 1 ബില്യണ്‍ യൂറോയിലേറെയാണ് കമ്പനിയുടെ ആസ്തി. അതേസമയം 2020-ലെ ആദ്യത്തെ ആറ് മാസം 9.3 മില്യണ്‍ യൂറോയുടെ നഷ്ടമുണ്ടായതായും കമ്പനി പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.

ഇത്തരത്തില്‍ പബ്ബുകള്‍ക്കും മറ്റ് ബിസിനസുകള്‍ക്കും പണം നല്‍കേണ്ടിവന്നാല്‍ ഭാവിയില്‍ കമ്പനി പോളിസി പ്രീമിയം വര്‍ദ്ധിപ്പിക്കുന്നതിലേയ്ക്കാണ് ചെന്നെത്തുകയെന്ന് വിദഗ്ദ്ധര്‍ അനുമാനിക്കുന്നു. സാധാരണക്കാരായ ലക്ഷക്കണക്കിന് പോളിസി ഹോള്‍ഡര്‍മാരെ ഇത് പ്രതികൂലമായി ബാധിക്കും.

Share this news

Leave a Reply

%d bloggers like this: