അയർലണ്ടിൽ വീടുകൾക്കും അപ്പാർട്ട്മെന്റുകൾക്കും 2.2% വില വർദ്ധന; ഡബ്ലിനിലെ ശരാശരി വില 445,311 യൂറോ

അയര്‍ലണ്ടിലാകമാനം 2020-ല്‍ വീടുകളുടെയും അപ്പാര്‍ട്ട്‌മെന്റുകളുടെയും വില 2.2% വര്‍ദ്ധിച്ചതായി Central Statistics Office (CSO). ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കണക്കാണിത്. 2020-ല്‍ അയര്‍ലണ്ടില്‍ ഒരു വീടിന്റെ ശരാശരി വില 297,043 യൂറോ ആണ്.

അതേസമയം ഡബ്ലിനില്‍ 1.2% വില വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. ഡബ്ലിനിലെ വീടുകള്‍ക്ക് 0.2%, അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് 5.1% എന്നിങ്ങനെയാണ് വില വര്‍ദ്ധിച്ചിരിക്കുന്നത്. ഡബ്ലിനില്‍ തന്നെ സൗത്ത് ഡബ്ലിനിലാണ് വില ഏറ്റവുമധികം വര്‍ദ്ധിച്ചിരിക്കുന്നത് (3.2%). എന്നാല്‍ ഡബ്ലിന്‍ സിറ്റിയില്‍ വില 1.8% കുറയുകയും ചെയ്തു.

ഡബ്ലിനില്‍ നിലവില്‍ ഒരു വീട് വാങ്ങാനായി ശരാശരി 445,311 യൂറോ ചെലവിടണം. രാജ്യത്തെ മറ്റേത് പ്രദേശത്തെക്കാളും കൂടുതലാണ് ഇത്. Dun Laoghaire- Rathdown-ലാണെങ്കില്‍ ഭവന വില 598,000 യൂറോ ആണ്. ഏറ്റവും വിലക്കുറവുള്ളത് സൗത്ത് ഡബ്ലിനിലാണ്- 370,199 യൂറോ.

ഡബ്ലിന് പുറത്ത് അപ്പാര്‍ട്ട്‌മെന്റുകളുടെ വില 4.0% ആണ് വര്‍ദ്ധിച്ചിരിക്കുന്നത്. ഏറ്റവും ചെലവേറിയ കൗണ്ടി വിക്ക്‌ലോ ആണ്. ഇവിടെ ശരാശരി ഭവനവില 388,608 ആണെന്നും CSO റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വീടുകള്‍ക്ക് ഏറ്റവും കുറവ് വിലയുള്ള കൗണ്ടി Longford ആണ്- ശരാശരി 123,832 യൂറോ.

Share this news

Leave a Reply

%d bloggers like this: