ദൃശ്യം 2 REVIEW; തുടരുന്ന അന്വേഷണം, ത്രില്ലടിക്കുന്ന പ്രേക്ഷകർ

ജീത്തു ജോസഫ് എന്ന സംവിധായകന്റെ കരിയറില്‍ വലിയ ബ്രേക്കുണ്ടാക്കിയ സിനിമയാണ് 2013-ല്‍ പുറത്തിറങ്ങിയ മെമ്മറീസ്. ആദ്യ സിനിമയായ ഡിറ്റക്ടീവ് ഒരു ത്രില്ലറായിരുന്നെങ്കിലും പിന്നീടങ്ങോട്ട് ഫാമിലി ഡ്രാമകളിലേയ്ക്ക് കളം മാറ്റിച്ചവിട്ടിയ ജീത്തു, പ്രിഥ്വിരാജിനെ നായകനാക്കി സംവിധാനം ചെയ്ത മെമ്മറീസ്, ലക്ഷണമൊത്തൊരു ത്രില്ലറായിരുന്നു. ആ സിനിമയുടെ പെരുമയുമായി നില്‍ക്കുന്ന സമയത്താണ് അതേ വര്‍ഷം മോഹന്‍ലാലിനെ നായകനാക്കി ദൃശ്യം എന്ന പേരില്‍ മലയാളത്തിലെ എക്കാലത്തെയും മികച്ചൊരു ത്രില്ലര്‍ ഒരുക്കാന്‍ ജീത്തുവിന് സാധിച്ചത്. ഈ സംവിധായകന്റെ പരമാവധി പ്രതിഭയാണ് മെമ്മറീസ് എന്ന് വിചാരിച്ചവരെ ഞെട്ടിച്ചുകൊണ്ടാണ് മലയാളം അന്നുവരെ കാണാത്ത തിരക്കഥയുമായി ദൃശ്യം എത്തുന്നത്. തിയറ്ററുകളില്‍ നിന്നും 75 കോടിയോളം രൂപയാണ് ദൃശ്യം വാരിക്കൂട്ടിയത്.

എന്നാല്‍ അതിനു ശേഷം ജീത്തുവിന് മലയാളത്തില്‍ നല്ലൊരു സിനിമയൊരുക്കാന്‍ സാധിച്ചിട്ടില്ല. തമിഴിലും ഹിന്ദിയിലുമെല്ലാം പയറ്റിയെങ്കിലും മുന്‍ സിനിമകളുടെയത്രയും മികച്ചവയായിരുന്നില്ല ദൃശ്യത്തിന് ശേഷം വന്ന സിനിമകള്‍. മോഹന്‍ലാലിനെ നായകനാക്കി ‘റാം’ എന്ന ചിത്രം സംവിധാനം ചെയ്യുന്നതിനിടെയാണ് കോവിഡ് ലോകമാകെ നിശ്ചലമാക്കിയതും, വിദേശത്തുള്ള ആ സിനിമയുടെ ഷൂട്ടിങ് നിര്‍ത്തിവയ്‌ക്കേണ്ടി വന്നതും. ഒരുപക്ഷേ ദൃശ്യം 2 എന്ന സിനിമ നേരത്തെ പിറക്കാന്‍ കാരണമായതും ഈ സാഹചര്യമാകാം. ദൃശ്യത്തിന്റെ രണ്ടാം ഭാഗം എന്ന നിലയ്ക്ക് പ്രതീക്ഷയുടെ അമിതഭാരവും, മലയാളത്തില്‍ രണ്ടാം ഭാഗം ഇറങ്ങിയ സിനിമകളില്‍ ബഹുഭൂരിപക്ഷവും പരാജയമായതുമെല്ലാം ജീത്തുവിനെ അലട്ടിയുണ്ടാകാം. എന്നാല്‍ അതിനെയെല്ലാം നിഷ്പ്രഭമാക്കുന്ന തരത്തില്‍ കൈയടക്കമുള്ള ഒരു ത്രില്ലര്‍ രണ്ടാം ഭാഗത്തിലും സമ്മാനിക്കാന്‍ ജീത്തുവിന് സാധിച്ചു എന്നതാണ് ദൃശ്യം 2-വിനെക്കുറിച്ചുള്ള ഒറ്റ വാചകത്തിലെ റിവ്യൂ.

ദൃശ്യം ആദ്യഭാഗം വന്‍ ഹിറ്റായപ്പോഴും പല നിരൂപകരും ഉയര്‍ത്തിയ പ്രധാന വിമര്‍ശനം, ജോര്‍ജ്ജ് കുട്ടിയുടെയും കുടുംബത്തിന്റെയും പ്രശ്‌നങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല, തുടങ്ങിയിട്ടേയുള്ളൂ എന്നതായിരുന്നു. വരുണിന്റെ ബോഡി ലഭിച്ചില്ല എന്നതിനാല്‍ അന്വേഷണം വഴിമുട്ടി, അതേസമയം ജോര്‍ജ്ജ് കുട്ടിയും കുടുംബവുമാണ് വരുണിന്റെ കൊലപാതകത്തിന് പിന്നിലെന്ന് പോലീസിന് കൃത്യമായി അറിയുകയും ചെയ്യാം. അതിനാല്‍ത്തന്നെ പ്രത്യക്ഷത്തിലില്ലെങ്കിലും പോലീസ് പരോക്ഷമായോ, രഹസ്യമായോ ഈ കേസ് അന്വേഷിച്ചുകൊണ്ടേയിരിക്കും- പ്രത്യേകിച്ച് പോലീസിന് ഇത്രമേല്‍ നാണക്കേടുണ്ടാക്കിയ കേസാണെന്നിരിക്കെ ജോര്‍ജ്ജ് കുട്ടിയെ എങ്ങനെയും അകത്താക്കാനാകും അവരുടെ ശ്രമം. എന്നാല്‍ ഈ വിമര്‍ശനത്തിനൊന്നും ചെവി കൊടുക്കാതിരുന്ന പ്രേക്ഷകര്‍ സിനിമ ഏറ്റെടുക്കുകയും, ജോര്‍ജ്ജ് കുട്ടിയും കുടുംബവും സുരക്ഷിതരായെന്ന ചിന്തയില്‍ തിയറ്റര്‍ വിടുകയും ചെയ്തു. പക്ഷേ ഈ വിമര്‍ശനങ്ങളത്രയും ചവിട്ടുപടിയാക്കിയാണ് സംവിധായകന്‍ ജീത്തു ജോസഫ് ദൃശ്യത്തിന് രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത്. ഒരിക്കലും അവസാനിക്കാത്ത പോലീസന്വേഷണവും, കുറ്റബോധം വേട്ടയാടുന്ന മനസും, എപ്പോഴും പിടിക്കപ്പെട്ടേക്കാമെന്ന ഭയവുമായി ജീവിക്കുന്ന ജോര്‍ജ്ജ് കുട്ടിയുടെ കുടുംബവുമാണ് രണ്ടാം ഭാഗത്തിന്റെ നെടുംതൂണ്‍.

ദൃശ്യത്തിലെ സംഭവവികാസങ്ങള്‍ക്ക് ശേഷം 6 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. അന്നത്തെ പോലീസുകാരെല്ലാം സ്ഥലം മാറിപ്പോകുകയോ, റിട്ടയറാകുകയോ ചെയ്തു. ഐജി ഗീത രാജിവച്ച് ഭര്‍ത്താവിനൊപ്പം അമേരിക്കയിലാണ്. പഴയ പോലെ ചിരിയും കളിയുമെല്ലാമായി കുടുംബത്തിന് ചുറ്റും പാറിനടക്കുന്ന ജോര്‍ജ്ജ് കുട്ടി ‘റാണി’ എന്ന പേരില്‍ ഒരു തിയറ്റര്‍ ആരംഭിച്ചിട്ടുണ്ട്. ഒപ്പം ഒരു സിനിമ നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പിലുമാണ്. എന്നാല്‍ മൂത്ത മകളായ അഞ്ജു മാത്രം ഇന്നും ആ ഭീകരസംഭവത്തിന്റെ ഞെട്ടലില്‍ നിന്നും മുക്തയായിട്ടില്ല. പലപ്പോഴും അപസ്മാരവും പാനിക് അറ്റാക്കും വരുന്ന അഞ്ജു വീടിന് പുറത്തിറങ്ങുന്നത് പോലും വിരളമാണ്. മറ്റെല്ലാ സൗഭാഗ്യങ്ങള്‍ക്കിടയിലും ജോര്‍ജ്ജ് കുട്ടിക്കും റാണിക്കും സ്വസ്ഥത നല്‍കാത്തതും അതാണ്. തങ്ങള്‍ ചെയ്തത് തെറ്റല്ലേ എന്ന് ഇടയ്ക്ക് ചോദിക്കുന്ന ഭാര്യയോടും മകളോടും, മനസ്സാക്ഷിയുടെ മുമ്പില്‍ തെറ്റുകാരായി ജീവിക്കേണ്ടി വരുന്നത് തന്നെയാണ് ഏറ്റവും വലിയ ശിക്ഷയെന്ന് ജോര്‍ജ്ജ് കുട്ടി പറയാറുണ്ട്.

അതേസമയം മുതലാളിമാരോട് പൊതുവെ സാധാരണക്കാര്‍ക്ക് തോന്നുന്ന അസൂയയുടെ കൂടെ ഫലമാണ് ഇപ്പോള്‍ പല നാട്ടുകാരും ജോര്‍ജ്ജ് കുട്ടിയെ സംശയിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നത്. ‘ജോര്‍ജ്ജ് കുട്ടി നമ്മളെയൊക്കെ പറ്റിച്ചതാ’ എന്ന കവല സംസാരം ഏറെക്കാലമായി നാട്ടിലുണ്ട്. ഈ സാഹചര്യത്തിലാണ് അപ്രതീക്ഷിതമായൊരു പോലീസന്വേഷണം വരുണ്‍ കേസില്‍ വഴിത്തിരിവാകുന്നത്. മുമ്പത്തേതില്‍ നിന്ന് വ്യത്യസ്തമായി നാട്ടുകാര്‍ അന്വേഷണത്തോട് സഹകരിക്കുക കൂടി ചെയ്യുന്നതോടെ ഒരിക്കലും കണ്ടെത്തില്ലെന്ന് വിചാരിച്ചിരുന്ന പല സത്യങ്ങളും പുറത്താകുകയും, അത് ജോര്‍ജ്ജ് കുട്ടിയെയും കുടുംബത്തെയും വീണ്ടും പ്രതിക്കൂട്ടിലാക്കുകയും ചെയ്യുന്നു. കാര്യങ്ങള്‍ പഴയതിലും വലിയ കുരുക്കിലേക്കെത്തുമ്പോള്‍ അതില്‍ നിന്നും എങ്ങനെ രക്ഷപ്പെടാമെന്ന് ചിന്തിക്കുന്ന ജോര്‍ജ്ജ് കുട്ടിയും, അയാളുടെ ചെയ്തികളുമാണ് ശേഷം സിനിമ.

പതിഞ്ഞ താളത്തില്‍ തുടങ്ങി പതിയെ മുറുകിവരുന്ന തരത്തിലായിരുന്നു ദൃശ്യം എന്ന സിനിമയുടെ തിരക്കഥ ജീത്തു എഴുതിയത്. അതേ ഫോര്‍മാറ്റാണ് രണ്ടാം ഭാഗത്തിലും അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. ആദ്യ പകുതി ജോര്‍ജ്ജ് കുട്ടിയുടെ ഇപ്പോഴത്തെ ജീവിതവും, മകളുടെ അസുഖവും, നാട്ടുകാരുടെ മനോഭാവവുമെല്ലാമാണ് കാണിക്കുന്നത്. രണ്ടാം പകുതിയും ഏറെ നേരം ക്ലൈമാക്‌സിനും മറ്റ് സംഭവവികാസങ്ങള്‍ക്കും വിത്ത് പാകുന്ന തരത്തില്‍ പതിയെ ത്രില്ലര്‍ മൂഡ് പ്രാപിക്കുന്നതാണ്. ഒരുപക്ഷേ ദൃശ്യത്തെക്കാള്‍ സ്ലോ പേസില്‍ ആണ് ദൃശ്യം 2-വിലെ രണ്ടാം പകുതിയിലെ ആദ്യ സീനുകള്‍. എന്നാല്‍ ഒരു പ്രത്യേക പോയിന്റില്‍ നിന്നും വേഗം പ്രാപിക്കുന്ന തിരക്കഥ, ദൃശ്യത്തിന് സമാനമായി ഇവിടെയും തുടരെ സസ്‌പെന്‍സുകളും റിവീലേഷനുകളും നടത്തി പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നു. ഒന്നിനുമേല്‍ ഒന്നായി കൃത്യമായി ഇഴചേര്‍ത്ത് ഈ സസ്‌പെന്‍സുകള്‍ വിദഗ്ദ്ധമായി കൈകാര്യം ചെയ്യാന്‍ തിരക്കഥാകൃത്ത് കൂടിയായ സംവിധായകന് സാധിച്ചിട്ടുണ്ട്.

ദൃശ്യം 2-വില്‍ തിരക്കഥ തന്നെയാണ് ഹൈലൈറ്റ്. കരുത്തുറ്റ തിരക്കഥയെ ആ കരുത്ത് ചോര്‍ന്ന് പോകാതെ സിനിമയായി പാകപ്പെടുത്തിയെടുക്കുന്നതില്‍ ജീത്തു ഇത്തവണയും വിജയിച്ചിട്ടുണ്ട്. ഏറെക്കാലത്തിന് ശേഷമാണ് മോഹന്‍ലാലില്‍ നിന്നും ഹൃദയം തൊട്ടൊരു പ്രകടനമുണ്ടാകുന്നത് എന്നതും സന്തോഷം നല്‍കുന്ന കാര്യമാണ്. വരുണിന്റെ അച്ഛന്‍ പ്രഭാകറുമായുള്ള (സിദ്ദിഖ്) ഏറെ നാള്‍ കൂടിയുള്ള കണ്ടുമുട്ടല്‍, മുന്‍ ഐജി ഗീതയുടെ കൈയില്‍ നിന്നും അപ്രതീക്ഷിതമായി കരണത്ത് അടിയേല്‍ക്കുമ്പോഴുള്ള പരിഭ്രമം തുടങ്ങിയ സീനുകളില്‍ മോഹന്‍ലാല്‍ തന്റെ അഭിനയമികവ് വീണ്ടെടുക്കുന്നുണ്ട്. മറുവശത്ത് ഭാര്യയായ റാണിയെ അവതരിപ്പിച്ച മീനയും ദൃശ്യത്തിലെ അതേ വീട്ടമ്മയെ ഭാവം ഒട്ടും ചോരാതെ മികച്ചതാക്കി.

മോഹന്‍ലാലിനൊപ്പം എടുത്തു പറയേണ്ട പ്രകടനമാണ് അഞ്ജുവിനെ അവതരിപ്പിച്ച അന്‍സിബയുടേത്. കുറ്റബോധം പേറി ജീവിക്കുന്ന അഞ്ജുവിനെ അത്രമേല്‍ ഗംഭീരമായാണ് അന്‍സിബ അവതരിപ്പിച്ചിരിക്കുന്നത്. മുരളി ഗോപിയുടെ അഭിനയവും മികച്ചതായി.

ദൃശ്യം പോലെ തന്നെ ക്യാമറ ഗിമ്മിക്കുകള്‍ ആവശ്യമില്ലാത്ത സിനിമയാണ് ദൃശ്യം 2-വും. കഥാപരിസരത്തെ കൃത്യമായി, ടെന്‍ഷന്‍ നഷ്ടപ്പെടാതെ പ്രേക്ഷകരിലെത്തിക്കുക എന്ന ദൗത്യം ക്യമറാമാന്‍ ഭംഗിയായി നിര്‍വ്വഹിച്ചിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാണ് ഷൂട്ട് ചെയ്തതതെങ്കിലും അതിന്റെ കുറവുകളൊന്നും സ്‌ക്രീനില്‍ അനുഭവപ്പെടുന്നില്ല. എഡിറ്റിങ്ങും താളാത്മകം തന്നെ.

ഒരു ത്രില്ലര്‍ എന്നതിലുപരി ആശ്വാസവും, പലപ്പോഴും വേദനയും നല്‍കുന്ന തരത്തിലാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം. സിനിമ ആവശ്യപ്പെടുന്നതും അതു തന്നെ. ചിത്രത്തിലെ ഒരേയൊരു ഗാനവും ആകുലതകളുടെ അരങ്ങാണ്.

രണ്ട് സ്ഥലങ്ങളിലായി കട്ട് ചെയ്ത് കാണിച്ചിരിക്കുന്ന ക്ലൈമാക്‌സ് പ്രേക്ഷകരെ തീര്‍ച്ചയായും ത്രില്ലടിപ്പിക്കും. ഒരുതരത്തിലും പ്രേക്ഷകര്‍ക്ക് പിടിതരാത്ത രീതിയില്‍ എഴുതപ്പെട്ട സീനുകള്‍ തന്നെയാണ് അതിന് ജീത്തുവിനെ സഹായിച്ചിരിക്കുന്നത്.

ആദ്യ ഭാഗത്തിന് പുറകെയെത്തുന്ന രണ്ടാം ഭാഗം പൊതുവെ പരാജയപ്പെട്ട ചരിത്രമാണ് മലയാള സിനിമയുടേത്. ടു ഹരിഹര്‍ നഗര്‍, മാന്നാര്‍ മത്തായി സ്പീക്കിങ്, രാവണപ്രഭു പോലുള്ള ഏതാനും സിനിമകള്‍ മാത്രമാണ് അതിന് അപവാദം. അതേസമയം ഈ സിനിമകളെല്ലാം തന്നെ അതേ കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് മറ്റൊരു കഥ പറയുകയാണ് ചെയ്തത്. എന്നാല്‍ ദൃശ്യം 2 ആകട്ടെ, നിര്‍ത്തിയേടത്തു നിന്ന് തന്നെയാണ് തുടങ്ങുന്നത്. പ്രമേയപരമായും ആദ്യ ഭാഗത്തിന്റെ തുടര്‍ച്ചയാണ് രണ്ടാം ഭാഗം. അതിനാല്‍ത്തന്നെ ആദ്യ ഭാഗത്തോട് പൂര്‍ണ്ണമായും നീതി പുലര്‍ത്തുന്ന, മികച്ച ചലച്ചിത്ര സൃഷ്ടിയാണ് ദൃശ്യം 2.

എഴുത്ത്: സൂരജ്.കെ.ആർ

Share this news

Leave a Reply

%d bloggers like this: